ഹായ് ഹാങ്ചോ, ഏഷ്യന് ഗെയിംസിന് ഒരുങ്ങി; കായിക പ്രമാണിയായി ചൈന

Mail This Article
തെളിച്ചുവച്ചൊരു ദീപശിഖയാണ് ആകാശക്കാഴ്ചയിൽ ഹാങ്ചോ നഗരം. ഏതു യാത്രികനും സ്വാഗതമോതുന്ന വിളക്കുമരം പോലെ കെടാതെ നിൽക്കുന്ന ജ്വാല.. നിലത്തിറങ്ങുമ്പോൾ അതു ‘വെളിച്ചത്തിന്റെ മാർച്ച് പാസ്റ്റാ’യി മാറുന്നു... നഗരത്തിന്റെ എല്ലാ ട്രാക്കിലേക്കും നീളുന്ന വർണ വിസ്മയം..വിമാനമിറങ്ങി, ഗെയിംസിനായി പ്രത്യേകമൊരുക്കിയ പാതയിലൂടെ മീഡിയാ വില്ലേജിലേക്കു കുതിക്കുമ്പോൾ പൂരം പോലെ മിന്നുന്ന രാത്രികാഴ്ചയോടെയാണ് ഹാങ്ചോ നഗരം വരവേറ്റത്. ഈ ആതിഥേയ നഗരത്തിൽ 4 നാളുകൾക്ക് അപ്പുറം 19–ാം ഏഷ്യൻ ഗെയിംസിനു തിരിതെളിയും. തുടർന്ന് മത്സരവേദികളായ 5 അയൽ നഗരങ്ങളിലേക്കുകൂടി ആ ആവേശം പടരും. ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം 23നാണെങ്കിലും മത്സരങ്ങൾ ഇന്നു തുടങ്ങും.
കായിക പ്രമാണിയായി ചൈന
വലിയൊരു വിവാഹച്ചടങ്ങു നടത്തിയവർ സൽക്കാരത്തിനൊരുങ്ങുന്ന പോലെയാണ് ചൈനയ്ക്ക് ഈ ഏഷ്യൻ ഗെയിംസ്. 2008ലെ ബെയ്ജിങ് ഒളിംപിക്സിന്റെ നടത്തിപ്പിലൂടെ ലോകത്തിന്റെയൊന്നാകെ കയ്യടി നേടിയവരാണിവർ. ഏഷ്യൻ ഗെയിംസ് സംഘാടനവും ചൈനയ്ക്കു പുത്തരിയല്ല. 1990ലും 2010ലും ഗെയിംസിന് ആതിഥേയരായ ചൈനയുടെ മൂന്നാം ഏഷ്യൻ ഗെയിംസാണിത്. അതുകൊണ്ടുതന്നെ ഒരുക്കങ്ങളുടെ പേരിലുള്ള അവസാന മണിക്കൂർ നെട്ടോട്ടം എവിടെയും കാണാനില്ല. മത്സരവേദികളടക്കം ഗെയിംസിനുള്ളതെല്ലാം സജ്ജമാക്കി ഹാങ്ചോ കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. കഴിഞ്ഞവർഷം സെപ്റ്റംബറിൽ നടക്കേണ്ട ഗെയിംസാണ് കോവിഡിനെത്തുടർന്ന് ഒരുവർഷത്തോളം വൈകിയത്. എങ്കിലും ‘ഹാങ്ചോ 2022’ എന്ന പേരിലാണ് ഈ ഗെയിംസ് അറിയപ്പെടുക.
ഒളിംപിക്സിനും മേലെ

205 രാജ്യങ്ങളിൽനിന്നുള്ള 11,000 അത്‌ലീറ്റുകളാണ് 2021ലെ ടോക്കിയോ ഒളിംപിക്സിൽ മത്സരിച്ചത്. 45 രാജ്യങ്ങളാണ് ഇത്തവണ ഏഷ്യൻ ഗെയിംസിനുള്ളത്. എന്നിട്ടും മത്സരാർഥികളുടെ എണ്ണത്തിൽ ഒളിംപിക്സിനെയും കടത്തിവെട്ടി നിൽക്കുകയാണ് ഹാങ്ചോ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12417 കായിക താരങ്ങൾ വരും ദിവസങ്ങളിൽ ഇവിടെ ഒത്തുകൂടുമ്പോൾ 16,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ നഗരം ഏഷ്യൻ വൻകരയോളം വളരും. താരങ്ങൾ മെഡലിനായി മത്സരിക്കുന്ന ഒരു കായികപോരാട്ടം മാത്രമല്ല ഇത്. ഒട്ടേറെ ഭാഷകളുടെ, സംസ്കാരങ്ങളുടെ, വൈവിധ്യങ്ങളുടെ സമ്മേളന വേദി കൂടിയാണ് ഇനിയുള്ള മൂന്നാഴ്ചക്കാലം ഹാങ്ചോ.
ഇന്ത്യ–ചൈന ഫുട്ബോൾ ഇന്ന്

ഇന്ന് ഇന്ത്യയ്ക്ക് 2 ഇനങ്ങളിലാണ് മത്സരം. പുരുഷ ഫുട്ബോളിൽ ഇന്ത്യ ചൈനയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 5നാണ് മത്സരം. സോണി ടെൻ-5 ചാനലിൽ തത്സമയം കാണാം. പുരുഷ വോളിബോളിൽ വൈകിട്ട് 4.30ന് ഇന്ത്യ കംബോഡിയയെ നേരിടും. വനിതാ ക്രിക്കറ്റ് മത്സരങ്ങളും ഇന്നാരംഭിക്കും. നേരിട്ട് ക്വാർട്ടറിലേക്കു യോഗ്യത നേടിയ ഇന്ത്യൻ വനിതാ ടീമിന്റെ ആദ്യ മത്സരം 21ന് ആണ്.
English Summary: Hangzhou is ready for the Asian Games