ADVERTISEMENT

ഏഷ്യൻ ഗെയിംസിനുള്ള മാധ്യമ പ്രവർത്തകരുടെ അക്രഡിറ്റേഷൻ കാർഡിൽ അവരുടെ രാജ്യത്തിന്റെ പേരില്ല. പക്ഷേ വൊളന്റിയർ പയ്യൻ ച്യൂ വാങ്ങിന് ഞങ്ങളുടെ രാജ്യമേതാണെന്ന് അറിയണം. ഇന്ത്യയെന്നു പറഞ്ഞപ്പോൾ അവന്റെ മുഖത്തൊരു പുഞ്ചിരി...യിൻദു, യിൻദു....ഇന്തൊനീഷ്യക്കാരനാണെന്നു തെറ്റിദ്ധരിച്ചോ എന്ന സംശയത്തിൽ വീണ്ടും പറഞ്ഞു – ഇന്ത്യ, ഇന്ത്യ..നിങ്ങളുടെ അയൽക്കാരൻ.. പക്ഷേ വാങ്ങിന്റെ ‘യിൻദു’വിന് ഒരു മാറ്റവുമില്ല. ഞങ്ങൾ തമ്മിലുള്ള തർക്കം നീണ്ടുപോകുമെന്നു കണ്ടപ്പോൾ മറ്റൊരു വൊളന്റിയർ ഇടപെട്ടു. ചൈനയുടെ ഔദ്യോഗിക ഭാഷയായ മാൻഡരിനിൽ ഇന്ത്യയുടെ പേരാണത്രേ യിൻദു.

ഇന്ത്യയ്ക്കു മാത്രമല്ല, ലോകത്തുള്ള എന്തിനും ഏതിനും ചൈനയ്ക്ക് അവരുടേതായ ഒരു പേരുണ്ട്. സ്വന്തം രാജ്യത്തെ മാൻഡരിനിൽ ചെങ് ഗ്വോ എന്നു വിളിക്കുന്ന ചൈനക്കാർക്ക് ഏഷ്യൻ ഗെയിംസ് എന്നതിനു പകരം യായുൻ ഹുവെയ് എന്നു പറയാനാണ് കൂടുതൽ ഇഷ്ടം. ഹിങ് ഗുവോ എന്നാണ് ആപ്പിളിന്റെ ചൈനീസ് വാക്ക്. അതുകൊണ്ട് ആപ്പിളിന്റെ ഐ ഫോണിനും അതേ പേരു തന്നെ കിട്ടി. തങ്ങളുടെ ദേശീയ ഭാഷ തന്നെയാണ് ആഗോള ഭാഷയെന്നു പ്രഖ്യാപിച്ചിരുന്ന ചൈനക്കാർ ഇംഗ്ലിഷിനെ ഒരു കയ്യകലത്തിൽ നിർത്തിയിരിക്കുകയായിരുന്നു ഇതുവരെ. പക്ഷേ ചൈനീസ് യുവാക്കൾക്കിടയിൽ ഇപ്പോൾ ഇംഗ്ലിഷിനോട് താൽപര്യം കൂടി വരുന്നുണ്ട്. തന്റെ ചൈനീസ് പേര് ലിയാവെയ് എന്നും ഇംഗ്ലിഷ് പേര് ലൂസി എന്നും പറഞ്ഞാണ് ഒരു വൊളന്റിയർ പെൺകുട്ടി കഴിഞ്ഞ ദിവസം സ്വയം പരിചയപ്പെടുത്തിയത്.

ഏഷ്യൻ ഗെയിംസ് ഉൾപ്പെടെ രാജ്യാന്തര കായികമേളകളുടെ സംഘാടനത്തിൽ ചൈനക്കാർക്ക് എന്നും വെല്ലുവിളിയായിരുന്നു ഇംഗ്ലിഷ്.  പക്ഷേ ഇംഗ്ലിഷ് ഉൾപ്പെടെയുള്ള മറ്റു ഭാഷകളെ ‘കൈകാര്യം’ ചെയ്യാൻ സ്വന്തമായി വികസിപ്പിച്ച ഒരു യന്ത്രവുമായാണ് ഹാങ്ചോ ഗെയിംസിൽ വൊളന്റിയർമാരുടെ നിൽപ്. എന്തെങ്കിലും സഹായം ചോദിച്ച് ചെന്നാൽ അവർ ആ യന്ത്രം നീട്ടിപ്പിടിക്കും.  നമ്മൾ ഏതു ഭാഷ പറഞ്ഞാലും അതിന്റെ ചൈനീസ് പരിഭാഷ വൊളന്റിയർമാർക്കു കേൾക്കാൻ കഴിയും. 

വൊളന്റിയർമാരുടെ മറുപടി ഇംഗ്ലിഷിലാക്കി നമ്മളെ കേൾപ്പിക്കുന്നതും ഈ പരിഭാഷ ഉപകരണമാണ്. ഏതുഭാഷയും ഈ യന്ത്രം പരിഭാഷ ചെയ്യുമോ? എങ്കിൽ അതൊന്നു പരീക്ഷിക്കണമല്ലോ എന്നു തോന്നി. നല്ല ശുദ്ധമലയാളത്തിൽ മീഡിയ സെന്ററിലേക്കുള്ള വഴി ചോദിച്ചു. അൽപസമയത്തിനു ശേഷം വൊളന്റിയറുടെ ചൈനീസ് മറുപടിയുടെ ഇംഗ്ലിഷ് പരിഭാഷ ഉപകരണത്തിൽനിന്നു കേട്ടു:  ടേൺ ലെഫ്റ്റ്; മീഡിയ സെന്റർ ഈസ് ഓൺ ദ് റൈറ്റ്  സൈഡ്!

English Summary: Asian Games volunteers using equipment to translate any language to Mandarin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com