ADVERTISEMENT

കോവിഡ് മഹാമാരിയുടെ പ്രഭവകേന്ദ്രമായ വുഹാനിൽ നിന്ന് 740 കിലോമീറ്റർ മാത്രം അകലെയാണ് ഏഷ്യൻ ഗെയിംസിന്റെ ആതിഥേയ നഗരമായ ഹാങ്ചോ. കോവിഡിന്റെ രണ്ടാം വ്യാപനം വലിയ നാശം വിതച്ച ഷാങ്ഹായ്, ഹാങ്ചോയുടെ അയൽ നഗരമാണ്. കോവിഡിനെത്തുടർന്ന് ഒരുവർഷം നീട്ടിവച്ച ഏഷ്യൻ ഗെയിംസിന് അരങ്ങുണരുമ്പോൾ ഇവിടെ ആരുടെയും മുഖത്ത് മാസ്ക്കോ കണ്ണിൽ ഭയമോ ഇല്ല. ഒരു ദുഃസ്വപ്നം പോലെ ചൈന മുഴുവൻ കോവിഡിനെ മറന്നുകഴിഞ്ഞു.

കോവിഡിന്റെ മുൻകരുതൽ‌ അടയാളങ്ങളായ മാസ്ക്കും സാനിറ്റൈസറും പൂർണമായും ഒഴിവാക്കിയാണ് ഹാങ്ചോ ഏഷ്യൻ ഗെയിംസിനെ വരവേൽക്കുന്നത്. സാമൂഹിക അകലം മുൻപ് കർശനമാക്കിയിരുന്ന നഗരം ഇപ്പോൾ ഏഷ്യയ്ക്ക് മുഴുവൻ ഒത്തുചേരാനുള്ള വേദികളൊരുക്കുന്നു. വാക്സീൻ സർട്ടിഫിക്കറ്റ് വേണ്ട, വിമാനത്താവളത്തിൽ ആരോഗ്യ പരിശോധനയില്ല. ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ സ്വന്തം ‘ബ്രാൻഡ് വാല്യു’ ഉയർത്താനുള്ള അവസരമായാണ് ചൈന ഈ ഗെയിംസിനെ കാണുന്നത്. അതുകൊണ്ടുതന്നെ ഈ ലക്ഷ്യത്തിനു തിരിച്ചടിയായേക്കാവുന്ന ഒന്നിനെക്കുറിച്ചും ചർ‌ച്ചചെയ്യാൻ ഹാങ്ചോയിലെ ഏഷ്യൻ ഗെയിംസ് സംഘാടകർ ആഗ്രഹിക്കുന്നില്ല.

സഹൃദയം, ഹാങ്ചോ

മുൻവിധികളുമായെത്തുന്ന മറ്റു രാജ്യക്കാർക്ക് സസന്തോഷം വിരുന്നൂട്ടാനാണ് വൊളന്റിയർമാർക്കു നൽകിയിരിക്കുന്ന നിർദേശം. നിറഞ്ഞ ചിരിയാണ് അവരുടെ മുഖമുദ്ര. വഴി ചോദിച്ചാൽ കൂടെ വന്ന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചിട്ടേ മടങ്ങൂ. താരങ്ങൾ വന്നിറങ്ങുന്ന വിമാനത്താവളം മുതൽ താമസസ്ഥലമായ ഗെയിംസ് വില്ലേജ് വരെ സേവനത്തിന്റെ കണ്ണികളായി നിൽക്കുകയാണ് 37,600 വൊളന്റിയർമാർ. കായിക താരങ്ങളെ ഹൃദയംകൊണ്ട് ക്ഷണിക്കുമ്പോഴും ഗെയിംസ് സംഘാടനത്തിൽ രഹസ്യ സ്വഭാവവും ഹാങ്ചോ സൂക്ഷിക്കുന്നുണ്ട്. ഗെയിംസിനായി ഇതുവരെ ചെലവഴിച്ച തുകയെത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഉദ്ഘാടന ചടങ്ങിന്റെ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

വില്ലേജിൽ ഒരു നഗരം

ബെയ്ജിങ് നഗരത്തിനുള്ളിൽ മറ്റൊരു സാങ്കൽപിക നഗരം സൃഷ്ടിച്ചാണ് കഴിഞ്ഞവർഷം ചൈന വിന്റർ ഒളിംപിക്സ് സംഘടിപ്പിച്ചത്. കോവിഡിനെ പ്രതിരോധിക്കാനായിരുന്നു ഈ നീക്കം. എന്നാൽ അത്യാധുനിക സൗകര്യങ്ങളുമായി ഹാങ്ചോവിനുള്ളിലും ഇത്തവണ ഒരു ചെറിയ നഗരമുണർന്നിട്ടുണ്ട്. കായിക താരങ്ങളും ടെക്നിക്കൽ ഒഫീഷ്യലുകളും മാധ്യമ പ്രവർത്തകരും താമസിക്കുന്ന ഗെയിംസ് വില്ലേജ് ആണത്. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിലെ മികച്ച ഗെയിംസ് വില്ലേജുകളിലൊന്നിൽ 55 അപ്പാർട്മെന്റ് സമുച്ചയങ്ങളുണ്ട്.

ഗൂഗിളിന് വിലക്കില്ല

ചൈനയിലേക്കെത്തുന്ന ഏതൊരു വിദേശിയുടെയും ഏറ്റവും വലിയ തലവേദന ഇവിടെ ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഗൂഗിൾ, വാട്സാപ് തുടങ്ങിയവയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കാണ്. എന്നാൽ ഗെയിംസ് വില്ലേജിലെയും മത്സരവേദികളിലെയും ‘ഓപ്പൺ വൈ–ഫൈ’യ്ക്കു മതിലുകളില്ല. അത്‌ലീറ്റുകളും മാധ്യമ പ്രവർത്തകരും ഈ വൈഫൈ വഴിയാണു സോഷ്യൽ മീഡിയ ലോകവുമായി സംവദിക്കുന്നത്.

വനിതാ ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ– മലേഷ്യ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് അരങ്ങേറും. വനിതാ ക്വാർട്ടർ ഫൈനലിൽ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളികൾ. ജെജ്യാങ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാവിലെ 6.30 മുതലാണ് മത്സരം. പുരുഷ ഫുട്ബോളിലെ രണ്ടാം മത്സരത്തിൽ ഉച്ചയ്ക്ക് 1.30ന് ഇന്ത്യ ബംഗ്ലദേശിനെ നേരിടും. വൈകിട്ട് 5ന് വനിതാ ഫുട്ബോൾ ടീം ചൈനീസ് തായ്പേയ്ക്കെതിരെ ആദ്യ മത്സരം കളിക്കും. 

Content Highlight : No worries over covid virus in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com