ADVERTISEMENT

ചൈനക്കാരുടെ മൊബൈൽ ഫോണിൽ എന്തൊക്കെ ആപ്പുകളുണ്ടാകും? ഒന്നിനു പുറകേ ഒന്നായി ചൈനീസ് ആപ്പുകൾക്കു നിരോധനമേർപ്പെടുത്തിയ ഇന്ത്യയിൽ നിന്ന് ചൈനയിലെത്തിയപ്പോൾ മനസ്സിലുയർന്നൊരു ചോദ്യം. ഗൂഗിളിനു മുൻപിൽ വൻമതിൽ തീർത്തിരിക്കുന്ന, വാട്സാപിനും ഫെയ്സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും വിലക്കുള്ള രാജ്യത്തെ ചെറുപ്പക്കാരെ സദാസമയം ഫോണിൽ പിടിച്ചിരുത്തുന്നത് എന്താണ്? ചൈനീസ് മാധ്യമപ്രവർത്തകൻ യാൻ യുവോയുടെ ഫോണിന്റെ വോൾപേപ്പർ കണ്ടതോടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടി. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനുകൾ മാത്രമാണ് ചൈനയിൽ ഉപയോഗിക്കുന്നത്. പക്ഷേ ലോകത്തുള്ള ഏത് ആപ്പിന്റെയും ഒരു ‘മെയ്ഡ് ഇൻ ചൈന വേർഷൻ’ ഇവരുടെ മൊബൈലിലുണ്ട്. 

ചിത്രപ്പണികൾ ചെയ്തതുപോലെ ചൈനീസ് ലിപികളും അതിനിടയിൽ ആപ്പുകളുടെ ലോഗോയും ഉൾപ്പെടുന്ന മൊബൈൽ സ്ക്രീനുകൾ കാണാൻ ചന്തമുണ്ട്. ആദ്യം കണ്ണിലുടക്കിയത് ‘ടിക്ടോക്കിന്റെ’ ലോഗോയാണ്. 2 വർഷം മുൻപ് ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും നിരോധിച്ച ചൈനീസ് ആപ്പ്. ഇവിടെ അതിന് മറ്റൊരു പേരാണ്; ഡോ യിൻ. ടിക് ടോക്ക് എന്നാൽ നമുക്കും ആടാനും പാടാനുമുള്ള ആപ്ലിക്കേഷൻ ആയിരുന്നെങ്കിൽ ചൈനക്കാർ ഹോട്ടൽ റൂം ബുക്ക് ചെയ്യുന്നതും യാത്രാ ടിക്കറ്റുകളെടുക്കുന്നതുമെല്ലാം ഈ ആപ്പിലൂടെയാണ്. 

വാട്സാപ്പിന്റെ ചൈനീസ് ബദലായ വീ ചാറ്റ് ഇല്ലാത്ത മൊബൈൽ ഫോൺ ഇവിടെ കാണാനാകില്ലെന്നു പറഞ്ഞതും യാൻ യുവോയാണ്. 99 ശതമാനം ചൈനക്കാരും ഈ ആപ്പിലൂടെ ആശയവിനിമയം നടത്തുന്നു. ചൈനയുടെ ഗൂഗിൾ ആയ ബെയ്‌ദു ഇപ്പോൾ ലോകത്ത് മുഴുവൻ പരിചിതമാണ്. ട്വിറ്ററിനെ ഇലോൺ മസ്ക് ‘എക്സ്’ എന്ന് പേരുമാറ്റി പുതിയ രൂപത്തിൽ അവതരിപ്പിച്ചെങ്കിലും അതിന്റെ ചൈനീസ് അപരനായ വെയ്ബോ ഒരു മാറ്റവുമില്ലാതെ മൊബൈൽ‌ സ്ക്രീനുകളിലുണ്ട്. പുതുമുഖ ആപ്ലിക്കേഷനായ ത്രെഡിന്റെ പകരക്കാരനെ വരെ ചൈനീസ് മൊബൈലിൽ കാണാൻ കഴിഞ്ഞു.

English Summary: Alternate Social Media Apps in Chinese Mobile Phones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com