ADVERTISEMENT

സാങ്കേതികവിദ്യയുടെ സാങ്കൽപികച്ചരട് ബന്ധിപ്പിക്കുന്നത് യന്ത്രങ്ങളെ മാത്രമല്ല, മനുഷ്യ ഹൃദയങ്ങളെക്കൂടിയാണ്’– ഹാങ്ചോ ഒളിംപിക്സ് സ്പോർട്സ് സെന്ററിലെ താമരക്കൂട്ടിൽനിന്ന് ചൈന ഇന്നലെ ലോകത്തോടു വിളിച്ചുപറ‍ഞ്ഞു. നിർമിതബുദ്ധിയുടെ സഹായത്തോടെ ലക്ഷം ഹൃദയങ്ങളിലൂടെ സഞ്ചരിച്ചെത്തിയ ദീപനാളം ഉദ്ഘാടനവേദിയിലെ വിളക്കുമരത്തിലേക്കു പകർന്നപ്പോൾ, അതിൽ ഒരു യന്ത്രമനുഷ്യന്റെ കൈ കൂടിയുണ്ടായിരുന്നു. ‘ഹൃദയങ്ങളിൽനിന്ന് ഹൃദയങ്ങളിലൂടെ ഭാവിയിലേക്ക്’ എന്ന 19–ാം ഏഷ്യൻ ഗെയിംസിന്റെ ആപ്തവാക്യം അന്വർഥമായ നിമിഷമായിരുന്നു അത്. ഇതിഹാസ താരങ്ങൾ വിളക്കു തെളിച്ച ഏഷ്യൻ ഗെയിംസ് പാരമ്പര്യത്തിൽ‌ നിന്നു വഴിമാറുമ്പോൾ ചൈന പ്രഖ്യാപിച്ചതും അതാണ്; എല്ലാ മനുഷ്യരും ഇതിഹാസങ്ങൾ തന്നെ. 

ഓഗ്മന്റഡ് റിയാലിറ്റി, ഐഐ സാങ്കേതിക വിദ്യ, ഇലക്ട്രോണിക് കമ്പക്കെട്ട്...മലിനീകരണമില്ലാതെ ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന വേദിയിൽ അദ്ഭുതം നിറച്ച ആതിഥേയരുടെ ഭാവനയും ഇന്നലെ ലോകത്തിന്റെ കയ്യടി നേടി. കരിമരുന്ന് പ്രകടനം ഒഴിവാക്കിയെങ്കിലും കാണികളുടെ മനസ്സിൽ ആനന്ദത്തിന്റെ പൂത്തിരി വിരിയിക്കാൻ ലേസർ വിസ്മയം ധാരാളമായിരുന്നു. 

ചൈനീസ് സമയം രാത്രി എട്ടിനായിരുന്നു ഉദ്ഘാടനച്ചടങ്ങുകൾക്കു തുടക്കം. അതിനും മണിക്കൂറുകൾക്കു മുൻപേ ബിഗ് ലോട്ടസ് സ്റ്റേഡിയം നിറഞ്ഞിരുന്നു. ചൈനീസ് ദേശീയ പതാക സ്‌റ്റേഡിയത്തിലുയർന്നതോടെ വർണ വിസ്‌മയങ്ങളുടെ പൂമഴയായി. ഗെയിംസ് നഗരമായ ഹാങ്ചോയുടെ പട്ടും പകിട്ടും പൈതൃകവുമെല്ലാം ലോകത്തിനു പരിചയപ്പെടുത്തുന്ന നൃത്തരൂപങ്ങളായിരുന്നു ആദ്യം. വെസ്റ്റ് ലേക്ക് തടാകവും ച്യെങ്താങ് ജാങ് പുഴയിലെ അത്യപൂർവ തിരമാലയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്റ്റേഡിയത്തിലെത്തി. തുടർ‌ന്ന് ചൈനയുടെ ചരിത്രവും വൈവിധ്യവും മുന്നേറ്റവും കലാരൂപങ്ങളായി അവതരിപ്പിക്കപ്പെട്ടു. 2 മണിക്കൂർ നേരം കാണികൾ അവയെല്ലാം കണ്ണിമ ചിമ്മാതെ നോക്കി നിന്നു.

സാഭിമാനം ഇന്ത്യ

ഉദ്ഘാടനച്ചടങ്ങിന്റെ തുടക്കത്തിൽ തന്നെയായിരുന്നു മാർച്ച് പാസ്റ്റ്. ഇംഗ്ലിഷ് അക്ഷരമാലാ ക്രമത്തിൽ ടീമുകൾ അണിനിരന്നപ്പോൾ ആദ്യമെത്തിയത് അഫ്ഗാനിസ്ഥാൻ. ഹോങ്കോങ്ങിനും ഇന്തൊനീഷ്യയ്ക്കും ഇടയിലായി ഒൻപതാമതായി ടീം ഇന്ത്യ. സ്വർണ നിറത്തിലുള്ള കുർത്തിയും നെഹ്റു ജാക്കറ്റുമായിരുന്നു പുരുഷൻമാരുടെ വേഷം. വനിതകൾക്ക് അതേ നിറത്തിലുള്ള സാരി. കയ്യിലേന്തിയ ത്രിവർണ പതാകയുമായി ലവ്‌ലിന ബോർഗോഹെയ്നും ഹർമൻപ്രീത് സിങ്ങും ഇന്ത്യയെ നയിച്ചു. പിന്നിൽ‌ ഇന്ത്യൻ ടീമിന്റെ ചെഫ് ദ് മിഷൻ ഭുപേന്ദ്ര സിങ്ങും ഉപസംഘത്തലവൻമാരും. അതിനു പിന്നിലായി താരങ്ങൾ. സ്റ്റേഡിയത്തിൽ ഇന്ത്യ എന്ന പേരു മുഴങ്ങിയപ്പോൾ വലിയ കരഘോഷത്തോടെയാണ് ചൈനക്കാർ ഇന്ത്യൻ സംഘത്തെ വരവേറ്റത്. ഏറ്റവുമൊടുവിലായി ആതിഥേയരായ ചൈനീസ് ടീം എത്തിയപ്പോൾ ആവേശം ഉച്ചസ്ഥായിയിലായി. 

പഴുതടച്ച സുരക്ഷ

ഉദ്ഘാടനച്ചടങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പങ്കെടുക്കുന്നതിനാൽ പഴുതടച്ച സുരക്ഷയായിരുന്നു ഹാങ്ചോ നഗരത്തിലെങ്ങും. ഉദ്ഘാടന വേദിക്കരികിലുള്ള മെട്രോ സ്റ്റേഷൻ രാവിലെ മുതൽ അടച്ചിട്ടു. സ്വകാര്യ വാഹനങ്ങൾക്കു സ്റ്റേഡിയത്തിന്റെ സമീപ റോഡുകളിൽ പോലും വിലക്കേർപ്പെടുത്തിയിരുന്നു. ഉദ്ഘാടനച്ചടങ്ങിനു ടിക്കറ്റ് ഇല്ലാത്തവരെ വേദിക്കു 3 കിലോമീറ്റർ അകലെ തടഞ്ഞു.

ഷൂസിന് വലുപ്പമില്ല, പാന്റ്സിന് ഇറക്കമില്ല; വോളി ടീമിന് മാർച്ച് പാസ്റ്റ് നഷ്ടം

ഹാങ്ചോ∙ ഷൂസിന് വലുപ്പമില്ല... പാന്റ്സിന് ഇറക്കമില്ല... ഇന്ത്യൻ വോളിബോൾ ടീമിന് ഏഷ്യൻ ഗെയിംസ് മാർച്ച് പാസ്റ്റിൽ ഇടവുമില്ല. അട്ടിമറി വിജയങ്ങളോടെ ഗെയിംസിൽ‌ ക്വാർട്ടർ ഫൈനൽ വരെ മുന്നേറിയ ഇന്ത്യൻ പുരുഷ വോളിബോൾ ടീമംഗങ്ങൾ ഇന്നലെ ഉദ്ഘാടന ചടങ്ങിലെ മാർച്ച് പാസ്റ്റിലുണ്ടായിരുന്നില്ല. ചടങ്ങിൽ ഇന്ത്യൻ ടീമിനു ധരിക്കാൻ എത്തിച്ച യൂണിഫോം ഇവർക്കും വിതരണം ചെയ്തിരുന്നു. എന്നാൽ പാൻ്സിനു  ഇറക്കം കുറയുകയും കാലിന് കാലിനു പാകമാകാത്ത ഷൂസ് ലഭിക്കുകയും ചെയ്തതോടെ  പിൻവാങ്ങേണ്ടിവന്നു. 

12 താരങ്ങളാണ് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ വോളിബോൾ ടീമിലുള്ളത്. ആറടി ഉയരക്കാരനായ താരങ്ങളിൽ പലർക്കും മുട്ടിനു താഴെ മാത്രം ഇറക്കമുള്ള പാന്റ്സാണ് ലഭിച്ചത്. ചിലർക്കു ലഭിച്ച ഷൂസിനും വലുപ്പക്കുറവുണ്ടായി. ഉദ്ഘാടനച്ചടങ്ങിലെ യൂണിഫോമിന് ഏഷ്യൻ ഗെയിംസ് ക്യാംപിനിടെ എല്ലാ ടീമംഗങ്ങളുടെയും അളവെടുത്തിരുന്നു. ഉദ്ഘാടനച്ചടങ്ങിനു തലേന്ന് വിതരണം ചെയ്തപ്പോഴാണ് ഡ്രസ് താരങ്ങൾക്കു പാകമല്ലെന്നു മനസ്സിലായത്. ഉദ്ഘാടനച്ചടങ്ങിൽ 250 പേരെ പങ്കെടുപ്പിക്കുന്നതിനുള്ള പാസാണ് ഇന്ത്യൻ സംഘത്തിന് ലഭിച്ചത്. എന്നാൽ, നൂറിൽ താഴെയായിരുന്നു മാർച്ച് പാസ്റ്റിൽ ഇന്ത്യൻ സംഘബലം. പുരുഷ ഹോക്കി, ഫുട്ബോൾ, വനിതാ ക്രിക്കറ്റ് ടീമുകൾ പങ്കെടുത്തില്ല. ഇവർക്കെല്ലാം ഗെയിംസിൽ ഇന്ന് മത്സരമുണ്ട്.

English Summary : Asian Games Inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com