പുരുഷ ഹോക്കിയിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് മിന്നും ജയം

Mail This Article
ഹാങ്ചോ∙ ഏഷ്യൻ ഗെയിംസ് പുരുഷൻമാരുടെ ഹോക്കിയിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ. രണ്ടിനെതിരെ പത്തു ഗോളുകൾക്കാണ് ഇന്ത്യ പടുകൂറ്റൻ ജയം സ്വന്തമാക്കിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് നാലു ഗോളുകൾ നേടിയപ്പോൾ വരുൺ കുമാർ രണ്ടുതവണ ലക്ഷ്യം കണ്ടു മൻദീപ് സിങും സുമിതും ഷംഷീർ സിങും എൽകെ ഉപാധ്യായും പട്ടിക തികച്ചു. കളിയുടെ അവസാന ഘട്ടത്തിലാണ് പാക്കിസ്ഥാന്റെ രണ്ടു ഗോളും പിറന്നത്.
പുരുഷൻമാരുടെ 10,000 മീറ്റർ ഓട്ടത്തിൽ ഇന്ത്യക്ക് ഇരട്ട നേട്ടം. 28 മിനുട്ട് 15.38 സെക്കൻഡിൽ ഫിനിഷ് ചെയ്ത കാർത്തിക് കുമാർ വെള്ളി മെഡൽ നേടിയപ്പോൾ 28 മിനുട്ട് 17.21 സെക്കൻഡിൽ ഓടിയെത്തി ഗുൽവീർ സിങ് വെങ്കലം സ്വന്തമാക്കി.
നേരത്തെ പുരുഷൻമാരുടെ സ്ക്വാഷ് ടീം ഇനത്തിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ സ്വർണ നേട്ടം പത്തായി ഉയർത്തിയിരുന്നു. അഭയ് സിങ്, സൗരവ് ഘോഷാൽ എന്നിവർ 2–1നാണ് പാക്കിസ്ഥാനെ കീഴടക്കിയത്. .
മിക്സഡ് ഡബിൾസ് ടെന്നിസിൽ രോഹൻ ബൊപ്പണ്ണയും ഋതുജ ഭോസലെയും സ്വർണം നേടി. തായ്പെയ് സഖ്യത്തെയാണ് ഇവർ തോൽപിച്ചത്. സ്കോർ 2–6, 6–3, 10–4. 10 മീറ്റർ എയര്‍ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ സരബ്ജ്യോത് സിങ്, ദിവ്യ തഡിഗോൽ എന്നിവർ വെള്ളി നേടി. ഗെയിംസിൽ ഇന്ത്യയുടെ എട്ടാം വെള്ളിയാണിത്. ഷൂട്ടിങ്ങിലെ 19–ാം മെഡലും. ചൈനയ്ക്കാണ് സ്വർണം. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഷൂട്ടിങ് വിഭാഗത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
ഭാരോധ്വഹനത്തിൽ ഇന്ത്യയുടെ മീരാഭായ് ചാനുവിന് മെഡലില്ല. നാലാമതായാണ് മീരാഭായ് ചാനു ഫിനിഷ് ചെയ്തത്. ലോക റെക്കോർഡോടെ നോർത്ത് കൊറിയയുടെ റി സോങ്ങുമ്മിനാണ് ഈയിനത്തിൽ സ്വര്‍ണം. ചൈന വെള്ളിയും തായ്‍ലൻഡ് വെങ്കലും നേടി. അവസാന ശ്രമത്തിനിടെ ഇന്ത്യൻ താരത്തിന് പരുക്കേറ്റു.
ബോക്സിങ്ങിൽ ഇന്ത്യ മൂന്ന് മെഡലുകൾ ഉറപ്പിച്ചു. വനിതകളുടെ 54 കിലോ വിഭാഗത്തിൽ ഇന്ത്യൻ താരം പ്രീതി പൻവർ സെമിയിലെത്തി. ക്വാർട്ടറിൽ കസഖ്സ്ഥാൻ താരം ഷായ്ന ഷെക്കർബെക്കോവയാണ് പ്രീതിക്കു മുന്നിൽവീണത്. 18 വയസ്സുകാരിയായ പ്രീതിയുടെ വിജയം 4–1ന്. 75 കിലോ വിഭാഗം ബോക്സിങ്ങിൽ ലവ്‌ലിന ബൊര്‍ഗൊഹെയ്ൻ സെമി ഫൈനലിലെത്തി. 75 കിലോഗ്രാം വിഭാഗത്തിൽ കൊറിയൻ താരത്തെയാണ് ലവ്‍ലിന വീഴ്ത്തിയത്. പുരുഷൻമാരുടെ 92 കിലോ വിഭാഗത്തിൽ നരേന്ദർ ബർവാൾ സെമി ഫൈനലിൽ കടന്നു. ഇറാൻ താരത്തിനെതിരെ 5–0നാണ് വിജയം.
Engtlish Summary: Asian Games 2023 Live Updates