പാക്കിസ്ഥാനെതിരെ മധുര പ്രതികാരം; ഇന്ത്യയ്ക്കു സ്ക്വാഷിൽ സ്വർണം

Mail This Article
ഹാങ്ചോ ∙ ഈ സ്വർണമെഡൽ ഇന്ത്യയ്ക്കു മധുരപ്രതികാരമാണ്; അഭയ് സിങ്ങിനും. ഏഷ്യൻ ഗെയിംസ് പുരുഷ ടീം സ്ക്വാഷ് ഫൈനലിൽ പാക്കിസ്ഥാനെതിരെ നിർണായക പോയിന്റ് നേടി അഭയ് സിങ് ഇന്ത്യയെ 2–1 വിജയത്തിലേക്കു നയിച്ചപ്പോൾ വികാരഭരിതരായത് ഒട്ടേറെ ഇന്ത്യൻ ആരാധകരാണ്. ആവേശം അണപൊട്ടിയ മുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിച്ചാണ് ഫൈനൽ മത്സരം പൂർത്തിയായത്.
ഇന്ത്യയും പാക്കിസ്ഥാനും ഓരോ മത്സരം വീതം ജയിച്ച് തുല്യനിലയിൽ നിൽക്കുമ്പോഴാണ് അഭയ് സിങ് കളത്തിലിറങ്ങിയത്. അതും പൂൾ മത്സരത്തിൽ തന്നെ പരാജയപ്പെടുത്തിയ നൂർ സമാനെതിരെ. ലോക 113 നമ്പർ താരമായ കൗമാരക്കാരൻ സമാനിൽനിന്നേറ്റ തോൽവിക്ക് ലോക 69–ാം നമ്പർ താരമായ അഭയ് സിങ് പകരംവീട്ടിയത് കഷ്ടിച്ചാണ്. ആദ്യ ഗെയിം 11–7ന് ജയിച്ച ശേഷം അഭയ് സിങ് 2, 3 ഗെയിമുകൾ (9–11, 8–11) പരാജയപ്പെട്ടിരുന്നു. നിർണായകമായ നാലാം ഗെയിമിൽ സമാൻ 9–7ന് മുന്നിലെത്തിയെങ്കിലും അഭയ് വിജയം പിടിച്ചെടുത്തു (11–9). അവസാന ഗെയിമിൽ 10–8 എന്ന നിലയിൽ 2 തവണ മാച്ച് ബോളിനടുത്തെത്തിയ സമാനെ 12–10ന് ഇന്ത്യൻ താരം വീഴ്ത്തിയതോടെ ചിരവൈരികൾക്കെതിരെ ഇന്ത്യയുടെ വിജയവും അഭയ് സിങ്ങിന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരവും പൂർണമായി.
നേരത്തേ, ആദ്യ മത്സരത്തിൽ പാക്കിസ്ഥാന്റെ ഇക്ബാൽ നാസിറിനെതിരെ 8–11, 2–11, 3–11ന് മഹേഷ് മൻഗാവോൻകർ പരാജയപ്പെട്ടിരുന്നു. തുടർന്ന് മുഹമ്മദ് ആസിം ഖാനെതിരെ 11–5. 11–1, 11–3ന് ഉജ്വല വിജയം നേടി വെറ്ററൻ താരം സൗരവ് ഘോഷാലാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നത്.
English Summary : India got gold in squash in Asian Games