സ്നാച്ചിൽ പരുക്ക് വലച്ചു, ക്ലീൻ ആൻഡ് ജെർക്കിൽ നിലതെറ്റി വീണ് ചാനു; താങ്ങാനാവാത്ത വേദന
Mail This Article
മെഡൽഭാരമുയർത്തി, ബാർബെൽ നിലത്തേക്കിട്ട്, കാണികൾക്കു നേരേ കൈവീശിയുളള പുഞ്ചിരി; ഷിയോഷെനിലെ വെയ്റ്റ്ലിഫ്റ്റിങ് വേദിയിൽ ഇന്നലെ ഇന്ത്യൻ ആരാധകർ കാത്തിരുന്നത് മീരാബായ് ചാനുവിന്റെ സുന്ദരമായ ഈ വിജയാഹ്ലാദത്തിനായാണ്. പക്ഷേ മെഡലുറപ്പിക്കാനുള്ള ശ്രമത്തിനിടെ ചാനുവിന്റെ വീഴ്ചയിൽ രാജ്യമൊന്നാകെ വിഷാദത്തിലായി.
നിലതെറ്റി വീണ് ചാനു
വനിതകളുടെ 49 കിലോഗ്രാം മത്സരത്തിൽ, രണ്ടാം റൗണ്ടായ ക്ലീൻ ആൻഡ് ജെർക്കിലായിരുന്നു ചാനുവിന്റെ വീഴ്ച. ആദ്യ റൗണ്ടായ സ്നാച്ചിൽ 86 കിലോഗ്രാം ഉയർത്താൻ ശ്രമിച്ചു പരാജയപ്പെട്ടതിനെത്തുടർന്ന് ചാനു ആറാം സ്ഥാനത്തായിരുന്നു. തന്റെ കരുത്തായ ക്ലീൻ ആൻഡ് ജെർക്കിൽ ചാനു തിരിച്ചടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യൻ ആരാധകർ. പക്ഷേ ഉത്തര കൊറിയൻ താരം റി സോങ്ങും ചൈനയുടെ ലോക ചാംപ്യൻ ജിയാൻ ലിഹുവയും അനായാസ പ്രകടനങ്ങളിലൂടെ ഏറെ മുന്നിലെത്തി. ക്ലീൻ ആൻഡ് ജെർക്ക് റൗണ്ടിലെ ആദ്യ ശ്രമത്തിൽ 108 കിലോഗ്രാം ഉയർത്തിയ ചാനുവിന് തുടർന്ന് 117 കിലോഗ്രാം ഉയർത്തിയാൽ വെങ്കല മെഡൽ നേടാമെന്നായി. പക്ഷേ അതിലേക്കുള്ള 2 ശ്രമങ്ങളിലും ദയനീയമായി പരാജയപ്പെട്ടു. അവസാന ഊഴത്തിൽ ബാർബെലുമായി എഴുന്നേൽക്കാൻ കഴിയാതെ ചാനു പിറകോട്ടു മറിഞ്ഞുവീണു. വേദനകൊണ്ടു പുളഞ്ഞ താരത്തെ വേദിയിൽ നിന്നു പരിശീലകൻ എടുത്തുകൊണ്ട് പോകുകയായിരുന്നു. 216 കിലോഗ്രാം ഭാരമുയർത്തി റി സോങ്ങം ലോക റെക്കോർഡിട്ട മത്സരത്തിൽ ചാനുവിന് നാലാംസ്ഥാനം മാത്രം. സ്നാച്ച്, ക്ലീൻ ആൻഡ് ജെർക്ക് വിഭാഗങ്ങളിലായി ആകെ 191 കിലോഗ്രാം മാത്രമാണ് മണിപ്പുർ സ്വദേശിനിക്ക് ഉയർത്താനായത്.
പരുക്ക് തുടക്കം മുതൽ
മത്സരത്തിന്റെ തുടക്കം മുതൽ ഇടുപ്പിലെ പരുക്കിന്റെ വേദന ചാനുവിനെ അലട്ടിയിരുന്നു. സ്നാച്ച് വിഭാഗത്തിലെ ആദ്യ ശ്രമത്തിൽ 83 കിലോഗ്രാം ഉയർത്തിയ ഇന്ത്യൻ താരം 86 കിലോഗ്രാം ഉയർത്താൻ 2 തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഈ ശ്രമങ്ങളിലെല്ലാം പരുക്കിന്റെ വേദനയാണ് ചാനുവിന്റെ ലിഫ്റ്റിന് വെല്ലുവിളിയായത്. സ്നാച്ച് റൗണ്ടിൽ ആറാംസ്ഥാനം മാത്രം നേടാനായ ചാനു അപ്പോൾ തന്നെ എതിരാളികളെക്കാൾ ഏറെ പിന്നിലായി.
എന്റെ സ്വപ്നം തകർന്നു; പരുക്കേറ്റത് മത്സരത്തിനു തൊട്ടുമുൻപെന്ന് മീരാബായ് ചാനു
പരുക്ക് അലട്ടിത്തുടങ്ങിയത് എപ്പോഴാണ്?
മുൻപുണ്ടായിരുന്ന പരുക്കുകളെല്ലാം ഭേദമായ ശേഷമാണ് ഏഷ്യൻ ഗെയിംസിനെത്തിയത്. പക്ഷേ ഇന്നലെ മത്സരത്തിനു മുൻപുള്ള വാംഅപ്പിനിടെ വലത് കാൽത്തുടയിൽ വേദന അനുഭവപ്പെട്ടു. ഐസും വേദനസംഹാരിയും ഉപയോഗിച്ച് അതു കുറയ്ക്കാൻ ശ്രമിച്ചു. പക്ഷേ സ്നാച്ച് റൗണ്ടിനിടെ അത് രൂക്ഷമായി. ആ വേദന പേശികളിലേക്കും എത്തിയതോടെ ഭാരമുയർത്താൻ കഴിയാതെയായി.
പരുക്കേറ്റപ്പോൾ കോച്ച് എന്തു പറഞ്ഞു?
പരുക്ക് കലശലായതോടെ സ്നാച്ച് റൗണ്ടിനുശേഷം മത്സരം നിർത്താൻ പരിശീലകൻ നിർദേശിച്ചിരുന്നു. പരുക്കു വകവയ്ക്കാതെ മത്സരിച്ചാൽ ഭാവിയിലും തിരിച്ചടിയുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭയം. പക്ഷേ എനിക്കു പിൻമാറാൻ തോന്നിയില്ല. പരമാവധി ഊർജത്തോടെ ഒന്നു ശ്രമിച്ചാൽ മെഡൽ കിട്ടുമെന്ന് എന്റെ മനസ്സു പറഞ്ഞു. അതുകൊണ്ടാണ് അടുത്ത റൗണ്ടിലുമെത്തിയത്. പക്ഷേ അപ്പോഴേക്കും വേദന സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു.
ഏഷ്യൻ ഗെയിംസ് എന്ന സ്വപ്നം?
കഴിഞ്ഞ കുറേ നാളുകളായി എന്റെ പരിശീലനമെല്ലാം ഏഷ്യൻ ഗെയിംസ് മുൻനിർത്തിയായിരുന്നു. ഇവിടെ ഒരു മെഡൽ നേടണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ മാസത്തെ ലോക ചാംപ്യൻഷിപ്പിൽ നിന്നു പിൻമാറിയതു പോലും ഏഷ്യൻ ഗെയിംസിന് ഒരുങ്ങാനാണ്. പരുക്കുമൂലം 2018ലെ ഗെയിംസിൽ എനിക്ക് മത്സരിക്കാനായിരുന്നില്ല. ഇത്തവണയും പരുക്ക് എന്റെ മെഡൽ സ്വപ്നങ്ങളെ അട്ടിമറിച്ചു.
English Summary : Weightlifter Mirabai Chanu finishes fourth in Asian Games