ADVERTISEMENT

ഹാങ്ചൗ∙ ഏഷ്യൻ ഗെയിംസിന്റെ പത്താംദിനത്തിലും മുന്നേറ്റം തുടർന്ന് ഇന്ത്യ. 5000 മീറ്ററിൽ പാരുൾ ചൗധരി സ്വര്‍ണം നേടി. ആദ്യമായാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒരു വനിതാതാരം 5000 മീറ്ററില്‍ സ്വര്‍ണം നേടുന്നത്. ഗെയിംസിന്റെ പത്താം ദിനം ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണം കൂടിയാണിത്. 15 മിനിറ്റ് 14 സെക്കൻഡിലാണ് പാരുൾ ഓട്ടം പൂർത്തിയാക്കിയത്. സ്റ്റീപ്പിൾ ചേസിൽ വെള്ളി നേടിയ പാരുളിന്റെ രണ്ടാം മെഡലാണിത്. വനിതകളുടെ ജാവലിന്‍ ത്രോയിൽ അന്നു റാണി സ്വർണമെഡൽ നേടി. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ സ്വര്‍ണനേട്ടം 15 ആയി ഉയർന്നു.

62.92 മീറ്ററാണ് മികച്ച ദൂരം. 800 മീറ്ററിൽ മലയാളിതാരം മുഹമ്മദ് അഫ്സൽ വെള്ളിമെഡൽ സ്വന്തമാക്കി. 1 മിനിറ്റ് 48.43 സെക്കൻഡിലാണ് അഫ്സൽ ഫിനിഷിങ് ലൈൻ തൊട്ടത്. ഡെക്കാത്ത്‌ലണിൽ തേസ്വിൻ ശങ്കർ ദേശീയ റെക്കോർഡോടെ വെള്ളി നേടി. 7666 പോയിന്റാണ് തേജസ്വിൻ നേടിയത്. ട്രിപ്പിൾ ജംപിൽ പ്രവീൺ ചിത്രവേൽ വെങ്കലം സ്വന്തമാക്കി. 16.68 മീറ്ററാണ് പ്രവീൺ ചാടിക്കടന്നത്. 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജ് വെങ്കലമെഡൽ സ്വന്തമാക്കി. 55.68 സെക്കൻഡിലാണ് വിദ്യ 400 മീറ്റർ പിന്നിട്ടത്. കഴിഞ്ഞ ദിവസം ഹീറ്റ്സിൽ, ഒളിംപ്യൻ പി.ടി.ഉഷയുടെ 55.42 സെക്കന്‍ഡ് എന്ന നേട്ടത്തിനൊപ്പമെത്താൻ വിദ്യയ്ക്ക് കഴിഞ്ഞിരുന്നു. 

വനിതകളുടെ 54 കിലോ വിഭാഗം ബോക്സിങ്ങിൽ പ്രീതി പവാർ വെങ്കലമെഡൽ സ്വന്തമാക്കി. സെമിയിൽ ചൈനീസ് താരത്തോട് പരാജയപ്പെട്ടതോടെ പ്രീതിക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തുഴച്ചിലിൽ പുരുഷന്മാരുടെ 1000 മീറ്റർ ഡബിൾസിൽ അർജുൻ സിങ് – സുനില്‍ സിങ് സഖ്യം വെങ്കലം നേടി. +92 കിലോ വിഭാഗം ബോക്സിങിൽ സെമിഫൈനലിൽ പരാജയപ്പെട്ട നരേന്ദര്‍ ബർവാല്‍ വെങ്കലമെഡൽ സ്വന്തമാക്കി.

വിവിധയിനങ്ങളിൽ ജയത്തോടെ ഇന്ത്യ അടുത്ത റൗണ്ടിലേക്ക് പ്രവേശനം ഉറപ്പിച്ചു. ബോക്സിങിൽ തായ്‍ലൻഡ് താരത്തെ തോൽപിച്ച ലവ്‌ലിന ബോർഗോഹെയ്ൻ ഫൈനലിലെത്തി. നാളെയാണ് ഫൈനൽ പോരാട്ടം. കബഡിയിൽ ഇന്ത്യയുടെ പുരുഷ ടീം ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലദേശിനെതിരെ ആധികാരിക ജയം നേടിയാണ് പത്താംദിനം ആരംഭിച്ചത്. ഏഴുതവണ കബഡി ചാംപ്യന്മാരായ ഇന്ത്യ 55–18 എന്ന സ്കോറിനാണ് ബംഗ്ലദേശിനെ തകർത്തത്. നവീന്‍ കുമാർ ഗോയത്, അർജുൻ ദേശായി എന്നിവരുടെ പ്രകടനം ഇന്ത്യയുടെ ജയത്തിൽ നിർണായകമായി. 2018ലെ വെങ്കലമെഡൽ ജേതാക്കളാണ് ഇന്ത്യ. അതേസമയം, കഴിഞ്ഞ തവണത്തെ വെള്ളിമെഡൽ ജേതാക്കളായ ഇന്ത്യൻ വനിതാ കബഡി ടീം ചൈനീസ് തായ്പേയോട് സമനില വഴങ്ങി.

ബാഡ്മിന്റനിൽ എച്ച്.എസ്. പ്രണോയിയും പി.വി.സിന്ധുവും പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു. കുമാരി ചന്ദ, ഹർമിലാൻ ബെയിൻസ് എന്നിവർ വനിതകളുടെ 800 മീറ്റർ ഫൈനലിൽ കടന്നു. പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിലും ഇന്ത്യ ഫൈനൽ ഉറപ്പിച്ചു. അമ്പെയ്ത്തിൽ പുരുഷവിഭാഗത്തിൽ ഓജസ് പ്രവീൺ, അഭിഷേക് വർമ എന്നിവരും വനിതാവിഭാഗത്തിൽ ജ്യോതി സുരേഖയും ഫൈനലിൽ പ്രവേശിച്ചു. ഇതോടെ ഈ ഇനത്തിൽ മൂന്നു മെഡലുകൾ ഉറപ്പായി. ക്രിക്കറ്റിൽ നേപ്പാളിനെ തോല്‍പിച്ച് ഇന്ത്യ സെമിയിൽ കടന്നു. 400 മീറ്റർ ഹർഡിൽസിൽ പുരുഷന്മാരുടെ വിഭാഗത്തിൽ ഇന്ത്യയുടെ യശസ് പാലാക്ഷ 5–ാമതും സന്തോഷ് കുമത് 6–ാമതും ഫിനിഷ് ചെയ്തു.

English Summary: Asian Games Day 10 Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT