ജാവലിനിൽ ഇന്ത്യയ്ക്കു ഡബിൾ; നീരജിന് സ്വർണം, കിഷോർ കുമാറിന് വെള്ളി

Mail This Article
ഹാങ്ചോ∙ ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും ഇന്ത്യയ്ക്ക്. ലോക ഒന്നാം നമ്പർ താരം നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോൾ ശക്തമായ പോരാട്ടം നടത്തിയ കിഷോർ കുമാർ ജന രണ്ടാം സ്ഥാനത്തെത്തി. കരിയറിലെ ഏറ്റവും മികച്ച ദൂരവും പാരിസ് ഒളിംപിക്സ് യോഗ്യതയുമായാണ് ജന ഹാങ്ചോയിൽ നിന്നു മടങ്ങുന്നത്.
ഇന്ത്യൻ താരങ്ങളുടെ ശക്തമായ പോരാട്ടമായിരുന്നു ജാവലിൻ ത്രോ ഫൈനലിൽ ഹാങ്ചോയില്‍ നടന്നത്. നീരജ് ചോപ്ര രണ്ടാം ശ്രമത്തിൽ 84.49 മീറ്റർ എറിഞ്ഞപ്പോൾ, മൂന്നാം ശ്രമത്തിൽ കിഷോർ ജന പിന്നിട്ടത് 86.77 മീറ്റർ ദൂരം. ഇതോടെ നീരജിനെ മറികടന്ന് കിഷോർ ഒന്നാം സ്ഥാനത്തെത്തി. നീരജിന്റെ മൂന്നാം ശ്രമം ഫൗളായിരുന്നു. നാലാം ശ്രമത്തില്‍ നീരജ് 88.88 ദൂരം എറിഞ്ഞതോടെ വീണ്ടും മുന്നിൽ.
87.54 മീറ്റർ ദൂരം നാലാം ശ്രമത്തിൽ കിഷോർ ജന പിന്നിട്ടെങ്കിലും നീരജിന്റെ അടുത്തെത്താൻ സാധിച്ചില്ല. പക്ഷേ നാലാം ശ്രമത്തിൽ കരിയറിലെ മികച്ച ദൂരം മെച്ചപ്പെടുത്താൻ ജനയ്ക്കായി. താരത്തിന്റെ കരിയറിലെ മികച്ച പ്രകടനമാണിത്. 85.50 മീറ്ററെന്ന യോഗ്യതാ പരിധി മറികടന്നതോടെ ജന പാരിസ് ഒളിംപിക്സിനും യോഗ്യത നേടി. മത്സരത്തിൽ നീരജിന്റെ ആദ്യ ശ്രമം സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് തടസ്സപ്പെട്ടിരുന്നു. ജാവലിൻ ത്രോയിൽ ജപ്പാൻ വെങ്കലം നേടി.
യുജീൻ ഡയമണ്ട് ലീഗിൽ നീരജ് വെള്ളി നേടിയിരുന്നു. 83.80 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനമുറപ്പിച്ചത്. 0.44 മീറ്റര്‍ വ്യത്യാസത്തിലായിരുന്നു നീരജിന് സ്വർണം നഷ്ടമായത്. ലോകചാംപ്യൻഷിപ്പിലെ സ്വർണ മെഡൽ ജേതാവായ നീരജിന് സെപ്റ്റംബറിൽ നടന്ന സൂറ ിക് ഡയമണ്ട് ലീഗിൽ വെള്ളി മെഡൽ നേടാനേ സാധിച്ചിരുന്നുള്ളൂ.
English Summary : Neeraj Chopra win gold in Asian Games javelin throw