ലവ്‌ലിന പൊരുതി വീണു, വെള്ളിയുമായി ലോക ചാംപ്യന്റെ മടക്കം; ചൈനയുടെ ലീ ക്വിക്ക് സ്വർണം

Mail This Article
ഹാങ്ചോ ∙ സ്വർണത്തിന്റെ ഇടിമുഴക്കം പ്രതീക്ഷിച്ച് കാത്തിരുന്നവർക്കു നിരാശ. ഇടിക്കൂട്ടിൽ പൊരുതിവീണ ലോക ചാംപ്യൻ ലവ്‌ലിന ബോർഗോഹെയ്ന് വനിതാ ബോക്സിങ് 75 കിലോഗ്രാമിൽ വെള്ളി മാത്രം. ഫൈനലിൽ ചൈനയുടെ ലീ ക്വിയാണ് ഇന്ത്യൻ താരത്തെ (5–0) തോൽപിച്ചത്. സ്വർണം നഷ്ടമായെങ്കിലും അടുത്തവർഷത്തെ പാരിസ് ഒളിംപിക്സിന് യോഗ്യത നേടിയത് ലവ്‌ലിനയ്ക്ക് ആശ്വാസമായി. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ സെമിയിൽ തോറ്റ ഇന്ത്യയുടെ പർവീൺ ഹൂഡ വെങ്കലം നേടി.
2 തവണ ഒളിംപിക്സ് മെഡൽ ജേതാവായ ചൈനീസ് താരം ലീ ക്വിക്കെതിരെ പ്രതിരോധത്തിലേക്കു നീങ്ങിയതാണ് ലവ്‌ലിനയ്ക്ക് വിനയായത്. ലീ തുടക്കം മുതൽ ആക്രമിച്ചപ്പോൾ കൗണ്ടർ പഞ്ചുകളിലൂടെ പോയിന്റ് നേടാനുള്ള ശ്രമവും വിജയകരമായില്ല. ഏഷ്യൻ ഗെയിംസ് ബോക്സിങ് മത്സരങ്ങൾ ഇന്നലെ അവസാനിച്ചപ്പോൾ ഒരു വെള്ളിയും 4 വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം. ഇതിൽ 4 മെഡലുകളും വനിതാ വിഭാഗത്തിലാണ്. 2018 ഗെയിംസിൽ ബോക്സിങ്ങിൽ ഒരു സ്വർണവും ഒരു വെങ്കലവുമാണ് ഇന്ത്യ നേടിയത്.
English Summary : Lovelina defeated in boxing final