തെജ്യാൻ ഹാങ്ചോ, ഷാസിജ്യെ!

Mail This Article
ഭാഷയോ ഭൂപ്രകൃതിയോ അറിയില്ല. പുറംലോകവുമായി ആശയവിനിമയത്തിൽ വൻമതിൽ തീർക്കുന്ന രാജ്യത്തിന്റെ വിശേഷങ്ങൾ അറിയാനും അധികം മാർഗമുണ്ടായിരുന്നില്ല. ഇന്ത്യൻ അതിർത്തിയിൽ ഇടയ്ക്കിടെ ഭീതി വിതയ്ക്കുന്ന ചൈനയുടെ പട്ടാള നീക്കങ്ങളും മാധ്യമ സ്വാതന്ത്ര്യത്തിന് ഇവിടെയുള്ള വെല്ലുവിളികളും മനസ്സിന്റെ ട്രോളി ബാഗിൽ ആശങ്കയായി പണ്ടേ കയറിക്കൂടിയിരുന്നു. എങ്കിലും അയൽക്കാരന്റെ നന്മയിൽ മാത്രം പ്രതീക്ഷയർപ്പിച്ചാണ് ഏഷ്യൻ ഗെയിംസിനായി ചൈനയിലെ ഹാങ്ചോയിലേക്കു വിമാനം കയറിയത്. മറക്കാനാകാത്തൊരു ഉത്സവകാലത്തിനു ശേഷം മടക്കയാത്രയ്ക്ക് ബാഗ് ഒരുക്കുമ്പോൾ ആതിഥേയ നഗരത്തിനോട് പറയാനുള്ളത് ഹൃദയം നിറഞ്ഞ നന്ദി മാത്രമാണ്. കരുതലിനും സ്നേഹത്തിനും മനസ്സുനിറച്ച അനുഭവങ്ങൾക്കും നന്ദി.
വിടരുന്ന ചിരിയുമായി വരവേൽക്കുന്ന കുഞ്ഞുതാമരകളാണ് മനസ്സിൽ നിറയുന്ന ആദ്യ ചിത്രം. ഹാങ്ചോ ഏഷ്യൻ ഗെയിംസ് വൊളന്റിയർമാരുടെ ഓമനപ്പേരായിരുന്നു ലിറ്റിൽ ലോട്ടസ് അഥവാ കുഞ്ഞുതാമരകൾ. വിമാനത്താവളം മുതൽ ഗെയിംസ് വില്ലേജ് വരെ, ഉദ്ഘാടനദിനം മുതൽ സമാപനച്ചടങ്ങു വരെ പുഞ്ചിരിയുമായി ഏഷ്യൻ ഗെയിംസ് തടാകത്തിൽ അവരങ്ങനെ നിറഞ്ഞുനിന്നു. വഴി ചോദിച്ചാൽ വീട്ടിലെത്തിക്കുന്ന സേവന മനോഭാവത്തോടെ.
ജെജ്യാങ് യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർഥിയായ വാങ് യുഫെ അദ്‌ഭുതമായി മനസ്സിൽ നിറഞ്ഞുനിൽക്കുകയാണ് . ഗെയിംസിന്റെ തുടക്കത്തിൽ പ്രധാന മീഡിയ സെന്ററിൽനിന്നു ഫുട്ബോൾ സ്റ്റേഡിയത്തിലേക്കെത്താനുള്ള വഴി തേടി മെട്രോ സ്റ്റേഷനിലെത്തിയതായിരുന്നു ഞങ്ങൾ. അതിന്റെ കവാടത്തിലെ വൊളന്റിയറായിരുന്നു വാങ്. വഴി തെറ്റിപ്പോയേക്കുമെന്ന ഭയത്തിൽ, യാത്ര ഉപേക്ഷിക്കാൻ തീരുമാനിച്ച ഞങ്ങളെ ട്രെയിനുകൾ മാറിക്കയറിയും ആൾക്കൂട്ടത്തിനിടയിലൂടെ വഴി തെളിച്ചും ഒന്നര മണിക്കൂറിനുള്ളിൽ ഹോങ്‌ലോയിലെ സ്റ്റേഡിയത്തിന്റെ കവാടത്തിൽ വാങ് എത്തിച്ചു. അവിടെവച്ച് ഷേക്ക്‌ഹാൻഡ് നൽകി ഒരു ടാക്സിയിൽ വാങ് ജോലിസ്ഥലത്തേക്കു തിരിച്ചുപോയി. മീഡിയ വില്ലേജിലെ കന്റീൻ അടച്ചപ്പോൾ രാത്രി 10 കിലോമീറ്റർ അകലെയുള്ള സ്വന്തം വീട്ടിൽ നിന്നു ഭക്ഷണം എത്തിച്ചു തന്ന ചാങ് യീനിന്റെ നിഷ്കളങ്കമായ ചിരിയും ഇപ്പോഴും ഹൃദയത്തിന്റെ ഒരു കോണിൽ ചേർത്തുവച്ചിട്ടുണ്ട്.
സാങ്കേതിക വിദ്യയുടെ വിസ്മയക്കാഴ്ചകളിൽ വിരുന്നൂട്ടിയ ശേഷമാണ് ഹാങ്ചോ ഏഷ്യൻ ഗെയിംസിനെത്തിയ അതിഥികളെ തിരിച്ചയയ്ക്കുന്നത്. ചരിത്രത്തിലാദ്യമായി ഡിജിറ്റൽ മനുഷ്യൻ തിരികൊളുത്തി ആരംഭിച്ച ഗെയിംസിന്റെ മുക്കിലും മൂലയിലും യന്ത്രമനുഷ്യർ സേവനനിരതരായിരുന്നു. ഡ്രൈവറില്ലാ ബസും പരിഭാഷാ യന്ത്രവും റോബട്ടുകളുമെല്ലാം അദ്ഭുതത്തിന്റെ മറ്റൊരു ലോകം കാണിച്ചുതന്നു.
ഹാങ്ചോയിലൂടെ ചൈന ഏഷ്യയെ മുഴുവൻ വരവേറ്റത്. വൻകരയിലെ മഹാമേള മാറ്റൊട്ടുംകുറയാതെ സമ്മാനിച്ചതിന് സ്വന്തം രാജ്യത്തേക്കു മടങ്ങുന്നതിന് മുൻപായി എല്ലാവരും ഈ നാടിന്റെ ഓട്ടോഗ്രാഫിൽ എഴുതി; തെജ്യാൻ ഹാങ്ചോ, ഷാസിജ്യെ! (നന്ദി ഹാങ്ചോ, വീണ്ടും കാണാം!)