സംസ്ഥാന സ്കൂൾ കായികോത്സവം: ദീപശിഖയേന്താൻ പി.ആർ. ശ്രീജേഷ്

Mail This Article
തിരുവനന്തപുരം∙ കുന്നംകുളം ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്കൂൾ കായികോൽസവത്തിന് ആവേശമേകാൻ ഏഷ്യൻ ഗെയിംസ് സ്വർണത്തിളക്കവുമായി ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് എത്തുന്നു. 17ന് ഉച്ചയ്ക്കു 3.30ന് നടക്കുന്ന പ്രയാണത്തിൽ ശ്രീജേഷ് ദീപശിഖയേന്തും. മന്ത്രി വി. ശിവൻകുട്ടി കായികോൽസവം ഉദ്ഘാടനം ചെയ്യും. 20നു വൈകിട്ടു സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനു മുഖ്യമന്ത്രി പിണറായി വിജയനെത്തുമെന്നാണു സംഘാടകരുടെ പ്രതീക്ഷ. പകലും രാത്രിയുമായി നടക്കുന്ന കായികോൽസവത്തിന് ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി മന്ത്രി ശിവൻകുട്ടി അറിയിച്ചു. കുന്നംകുളം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മേളയിൽ 6 വിഭാഗങ്ങളിലായി മൂവായിരത്തോളം പേർ പങ്കെടുക്കും.
സ്റ്റേഡിയത്തിന് സമീപമായി 1000 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. മത്സരങ്ങൾ കൈറ്റ് വിക്ടേഴ്സ് ചാനലിൽ തൽസമയം സംപ്രേഷണം ചെയ്യും.
മത്സരങ്ങളിൽ ആദ്യ 3 സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 2000, 1500, 1250 രൂപ വീതവും ആദ്യ 3 സ്ഥാനങ്ങളിൽ എത്തുന്ന ജില്ലകൾക്ക് 2.2 ലക്ഷം, 1.65 ലക്ഷം, 1.10 ലക്ഷം രൂപ വീതവും നൽകും. വ്യക്തിഗത ചാംപ്യന്മാർക്ക് 4 ഗ്രാം സ്വർണ പതക്കമാണ് സമ്മാനം.