2036 ഒളിംപിക്സിന് വേദിയൊരുക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു: നരേന്ദ്ര മോദി

Mail This Article
മുംബൈ ∙ 2036ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താൽപര്യം രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) 141–ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യവേ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘2036ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരവസരം പോലും പാഴാക്കില്ല. അത് 140 കോടി ഇന്ത്യക്കാരുടെ സ്വപ്നമാണ്. 2029 യൂത്ത് ഒളിംപിക്സിനു വേദിയൊരുക്കാനും ഇന്ത്യ ആഗ്രഹിക്കുന്നു. ഐഒസിയുടെ പിന്തുണ ലഭിക്കുമെന്ന് ഉറപ്പുണ്ട്’ – പ്രധാനമന്ത്രി പറഞ്ഞു.
എൺപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള അറുനൂറോളം പ്രതിനിധികളാണ് ബാന്ദ്ര–കുർള കോംപ്ലക്സിലെ ജിയോ വേൾഡ് സെന്ററിൽ 17 വരെ നടത്തുന്ന ഐഒസി വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വരാനിരിക്കുന്ന ഒളിംപിക്സുകളുടെ രൂപവും ഭാവവും നിർണയിക്കുന്നതാണ് സമ്മേളനം. നാലു പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യ ഐഒസി സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്.
കായികരംഗത്ത് ഇന്ത്യ വലിയ ശക്തിയായി മാറുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഏഷ്യൻ ഗെയിംസ് ഉദാഹരണം. വലിയ സാമ്പത്തിക ശക്തിയായി രാജ്യം വളരുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ വലിയ തോതിൽ മെച്ചപ്പെട്ടു. രാജ്യാന്തര മത്സരങ്ങൾക്ക് വേദിയൊരുക്കാൻ ഇന്ത്യ സജ്ജമാണ്. ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താൻ ഐഒസി നിർവാഹക സമിതി അംഗീകാരം നൽകിയതിലെ സന്തോഷം അറിയിച്ച മോദി അഹമ്മദാബാദിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചു.