ജീവിതത്തോടു പൊരുതി ഗോപിക പൊന്നണിഞ്ഞു
Mail This Article
കുന്നംകുളം / കോതമംഗലം ∙ സംസ്ഥാന സ്കൂൾ കായികമേളയിലെ ആദ്യ സ്വർണം ഗോപിക ഗോപി നേടിയത് ആദിവാസി ഊരിലെ ഉറ്റവരാരും അറിഞ്ഞിട്ടില്ല. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിലായിരുന്നു ഗോപികയുടെ സ്വർണനേട്ടം. ഇടുക്കി മാങ്കുളം ശേവൽക്കുടിയിലുള്ള അച്ഛൻ ഗോപിയെ ഇത് അറിയിക്കാനായി ഇന്നലെ വൈകിട്ടു വരെയും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.
എറണാകുളം കുട്ടമ്പുഴ ഉറിയംപട്ടി ആദിവാസിക്കുടിയിലാണു ഗോപികയുടെ വീടെങ്കിലും കോതമംഗലം മാതിരപ്പിള്ളി ട്രൈബൽ ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന മറ്റു 3 മക്കളെയും കൂട്ടി ശേവൽകുടിയിലാണു ഗോപി ഇപ്പോൾ. മകളുടെ ഉയർച്ച സ്വപ്നം കണ്ട അമ്മ സുമതി കഴിഞ്ഞവർഷം മരിച്ചു. ഒന്നാം ക്ലാസ് മുതൽ 10–ാം ക്ലാസ് വരെ കോതമംഗലം ധർമഗിരി വികാസ് സൊസൈറ്റിയിലെ സിസ്റ്റർമാരാണ് ഗോപികയെ പഠിപ്പിച്ചത്. കോതമംഗലം മലയിൻകീഴ് ഫാ. ജെബിഎം യുപി സ്കൂൾ, സെന്റ് ജോർജ് സ്കൂൾ എന്നിവിടങ്ങളിലെ പഠനശേഷം സിലക്‌ഷൻ ക്യാംപിലൂടെ കണ്ണൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്പോർട്സ് സ്കൂളിൽ പ്ലസ് വൺ പ്രവേശനം നേടി. സ്വപ്നനേട്ടം രാവിലെ തന്നെ വികാസ് ഹോം ഡയറക്ടർ സിസ്റ്റർ പ്രണിതയെ അറിയിച്ചു. ഇനി 1500 മീറ്ററിലും ക്രോസ് കൺട്രിയിലും മത്സരിക്കുന്നുണ്ട്. കായിക പരിശീലക ആകണമെന്നാണ് ഗോപികയുടെ ആഗ്രഹം. പിന്തുണയുമായി സ്കൂളിലെ കായികാധ്യാപകൻ എം.സന്തോഷും ഒപ്പമുണ്ട്.