ADVERTISEMENT

കുന്നംകുളം ∙ സംസ്ഥാന കായികോത്സവത്തിൽ ആദ്യമായി പങ്കെടുത്ത പാലക്കാടൻ കരുത്തിനു മുന്നിൽ ദേശീയ സ്കൂൾ ഗെയിംസ് റെക്കോർഡും കടപുഴകി. ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ 13.84 സെക്കൻഡിൽ അവസാന വര കടന്നാണു കെ.കിരൺ സ്വർണം നേടിയത്. പഞ്ചാബ് താരം മോഹിത്തിന്റെ (14.02) പേരിലുള്ള ദേശീയ റെക്കോർഡാണു പിന്നിലായത്. 

പാലക്കാട് വടവന്നൂർ വേലായുധൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് കിരൺ. 41 വർഷത്തിനിടെ ഇതാദ്യമായാണ് സ്കൂളിലേക്കൊരു സ്വർണ മെഡലെത്തുന്നത്. ഗുവാഹത്തിയിൽ കഴിഞ്ഞ വർഷം നടന്ന ജൂനിയർ നാഷനൽ ചാംപ്യൻഷിപ്പിൽ 80 മീറ്റർ ഹർഡിൽസിലും കിരൺ റെക്കോർഡ് പ്രകടനം നടത്തിയിരുന്നു. സ്കൂളിലെ കായികാധ്യാപകനായ അർജുൻ ഹരിദാസിന്റെ കീഴിൽ പാലക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിലാണു പരിശീലനം. ഹോട്ടൽ ജീവനക്കാരനായ കുഞ്ചന്റെയും ചന്ദ്രികയുടെയും മൂത്ത മകനാണ്.

കാലാലും കയ്യാലും ! ; ജാവലിൻ ത്രോയിൽ സ്വർണം നേടിയ എമിലിൻ എറണാകുളം ജില്ലാ ഫുട്ബോൾ ടീം അംഗം

കുന്നംകുളം ∙ എമിലിക്ക് ഫുട്ബോളും ജാവലിനും ഒരു പോലെ ലക്ഷ്യത്തിലേക്കു പായിക്കാനറിയാം. കാൽക്കരുത്തിലും കൈക്കരുത്തിലും ഒരുപോലെ മിടുക്കി. സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ സ്വർണം നേടിയ കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിലെ എമിലിൻ അന്ന പോൾ എറണാകുളം ജില്ലാ ഫുട്ബോൾ ടീം അംഗം കൂടിയാണ്. ഇൻജറി ടൈമിലെ ഗോൾ പോലെ മത്സരത്തിന്റെ അവസാന ശ്രമത്തിലാണു എമിലിന്റെ ജാവലിൻ ലക്ഷ്യ സ്ഥാനത്ത് കുത്തിനിന്നത്. ഫുട്ബോൾ, ജാവലിൻ പരിശീലനങ്ങൾക്ക് ഒരുപോലെ സമയം കണ്ടെത്താറുണ്ടെന്ന് എമിലിൻ പറഞ്ഞു.

മകളുടെ കായിക സ്വപ്നങ്ങൾക്കു പിന്തുണയുമായി സാന്റി മർക്കോസും വിജി മോളും ഒപ്പമുണ്ട്. സി.ആർ മധു, ഷിബി മാത്യു, ജോജി എന്നിവരാണ് പരിശീലകർ.

ട്രിപ്പിളിൽ സ്വർണം ‘അമ്മ വഴി’; ട്രിപ്പിൾ ജംപിലെ മുൻ ദേശീയ ചാംപ്യന്റെ മകൾക്ക് സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ സ്വർണം

കുന്നംകുളം ∙ ആഗ്രഹിച്ചതും അധ്വാനിച്ചതും ലോങ് ജംപിലെ സ്വർണത്തിനു വേണ്ടി; ലഭിച്ചതോ നേരാംവണ്ണം പ്രാക്ടീസ് ചെയ്യാത്ത ട്രിപ്പിൾ ജംപിലും.  ഇതെങ്ങനെ നേ‍ടാൻ കഴിഞ്ഞെന്നു ചോദിച്ചാൽ ജാനിസ് ട്രീസ റെജിക്കു പുഞ്ചിരിയോടെ തന്റെ ജനിതക പാരമ്പര്യത്തെക്കുറിച്ചു വിശദീകരിക്കേണ്ടിവരും. ട്രിപ്പിൾ ജംപിൽ തുടർച്ചയായ 3 വർഷം ദേശീയ ചാംപ്യനായിരുന്ന റീനയാണു ജാനിസിന്റെ അമ്മ. ഡെക്കാത്‍ലണിൽ 3 വർഷം ദേശീയ ചാംപ്യനായിരുന്ന റെജി അച്ഛനും.

ലോങ്ജംപാണ് തന്റെ ഇനമെന്നും സ്വർണമല്ലാതൊന്നും നേടില്ലെന്നും ഉറപ്പിച്ചു കഠിനമായി പ്രാക്ടീസ് ചെയ്താണു ജാനിസ് കായികോത്സവത്തിനെത്തിയത്. എന്നാൽ, ലോങ്ജംപിലെ പ്രകടനം വെള്ളി നേട്ടത്തിലെത്തിക്കാനേ സാധിച്ചുള്ളൂ. ട്രിപ്പിൾ ജംപിൽ കാര്യമായ പരിശീലനമില്ലാതിരുന്നതിനാൽ ഫൈനൽ റൗണ്ടിൽ കടക്കാൻ കഴിയുമെന്ന പ്രതീക്ഷ പോലുമുണ്ടായിരുന്നില്ല. എന്നാൽ, പിറ്റിനരികെ ആർത്തുവിളിച്ചു പ്രോത്സാഹനവുമായി നിന്ന അമ്മയുടെ സാന്നിധ്യം ജാനിസിന് ഉത്തേജനമായി. 12.09 മീറ്ററിലേക്കു കുതിച്ചുപൊങ്ങിയ ജാനിസ് സ്വർണത്തിലാണു ലാൻഡ് ചെയ്തത്. ജാനിസിനു മാത്രമേ 12 മീറ്റർ പിന്നിടാൻ കഴിഞ്ഞുള്ളൂ. സഹോദരൻ ജുവാൻ ഡെക്കാത്‍ലൺ താരമാണ്.

English Summary:

K.Kiran with national record performance in junior boys110m hurdles in Kerala State School Athletics Championship 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com