ADVERTISEMENT

സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപ് മത്സരം കുന്നംകുളത്തെ സ്റ്റേഡിയത്തിൽ നടക്കുന്നതു തായ്‌ലൻഡിലിരുന്നാണു ഞാൻ ദൃശ്യങ്ങളിലൂടെ കണ്ടത്. ലവൽ 2 പരിശീലക കോഴ്സിൽ പങ്കെടുക്കാനെത്തിയതാണിവിടെ. മീറ്റ് റെക്കോർഡിനു വെല്ലുവിളി സൃഷ്ടിക്കാനായില്ലെങ്കിലും ട്രിപ്പിളിലെ സ്വർണച്ചാട്ടക്കാരി ജാനിസിന്റെ പ്രകടനം മികവുറ്റതു തന്നെ. ജീവിതത്തിലിന്നോളം എനിക്കു നേടാനായതെല്ലാം ട്രിപ്പിളിൽ നിന്നു നേടിയെടുത്തതാണ്. അതുകൊണ്ടു തന്നെ ട്രിപ്പിൾ ജംപിൽ കണ്ട പ്രകടനങ്ങളെപ്പറ്റി ചിലതു പറയാനാഗ്രഹമുണ്ട്. 

മറ്റു പല അത്‍ലറ്റ‍ിക് ഇവന്റുകളും പോലെയല്ല ട്രിപ്പിൾ ജംപ്. ഏതാനും നാളത്തെ പ്രാക്ടീസ് കൊണ്ടോ ‘ഇൻസ്റ്റന്റ്’ ആയ മികവുകൊണ്ടോ ട്രിപ്പിളിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയില്ല. ട്രെയിനിങ് ഏജ് കൂടുന്നതനുസരിച്ചേ ട്രിപ്പിളിൽ ഇംപ്രൂവ്മെന്റ് പ്രകടമാകൂ. അതുകൊണ്ടു തന്നെ മെഡൽ നേടാൻ കഴിയാതെ പോയവർ ഒരിക്കലും നിരാശപ്പെടരുത്. നിരന്തര പ്രാക്ടീസിലൂടെ നിങ്ങൾക്കു വലിയ ഉയരങ്ങളിലേക്കു കുതിച്ചു പൊങ്ങാനാകും. മെഡൽ നേടിയവരും ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങളുടെ മത്സരം ‘ഔട്സ്റ്റാൻഡിങ്’ പെർഫോമൻസിലേക്കുയർത്താൻ കഠിനാധ്വാനം ഇനിയും തുടരേണ്ടതുണ്ട്. ട്രിപ്പിളിനെക്കുറിച്ചു മാത്രം ഇത്രയും പറയാൻ കാരണം അതെന്റെ മത്സരയിനമാണ് എന്നതുകൊണ്ടാണ്. 

കായികോത്സവത്തിലെ ഇന്നലത്തെ പ്രകടനങ്ങൾ മൊത്തത്തിൽ വിലയിരുത്തുമ്പോൾ ജൂനിയർ ആൺ വിഭാഗം 110 മീറ്റർ ഹർഡിൽസിലെ കെ.കിരണിന്റെ റെക്കോർഡ് പ്രകടനമാണ് ആദ്യം കണ്ണിലുടക്കുന്നത്. അസാധ്യമെന്നു മറ്റുള്ളവർ കരുതുന്നതു സ്വന്തമാക്കാൻ കിരണിനെപ്പോലുള്ളവർക്കു കഴിയും. സ്വർണനേട്ടം ഡബിളാക്കിയ താരങ്ങൾക്കും അഭിനന്ദനങ്ങൾ. 

പക്ഷേ, കായികോത്സവത്തെ മൊത്തത്തിൽ നോക്കുമ്പോൾ മികവിന്റെ തിളക്കത്തിൽ അൽപം മങ്ങലുണ്ടാകുന്നുണ്ടോ എന്നു സംശയം. മുൻപൊക്കെ ദിവസവും ഒന്നിലധികം റെക്കോർഡുകൾ തകർന്നിരുന്നു. സ്വന്തം റെക്കോർഡ് ഓരോ വർഷവും തിരുത്തി വച്ചിരുന്നവരുമേറെ. അന്നൊക്കെ മിനി ഒളിംപിക്സ് പോലെയായിരുന്നു സ്കൂൾ മീറ്റ്. നാഷനൽസിൽ പങ്കെടുക്കുന്നത്ര ഫൈറ്റ് ചെയ്താൽ മാത്രമേ മെഡൽ ലഭിച്ചിര‍ുന്നുള്ളൂ. ആ വീര്യം കുറഞ്ഞുവരുന്നുണ്ടെങ്കിൽ നമ്മൾ ഗ്രാസ് റൂട്ടിലേക്കു തിരിഞ്ഞുനോക്കാൻ സമയമായി എന്നാണർഥം. മിടുക്കരായവരെ ചെറുപ്പത്തിൽ തന്നെ കണ്ടെത്തി വളർത്താൻ കഴിയണം. മികച്ചതിൽ കുറഞ്ഞതൊന്നും നമ്മളെ തൃപ്തരാക്കരുത്.

English Summary:

Renjith Maheśwary say about the performances at triple jump competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com