സിന്ധുവും മരിനും തമ്മിലടിച്ചു; ഡെന്മാർക്ക് ഓപ്പൺ സെമിയിൽ സിന്ധുവിനു തോൽവി

Mail This Article
ഒഡൻസ് (ഡെന്മാർക്ക്) ∙ ഡെന്മാർക്ക് ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ സെമിഫൈനലിൽ ഇന്ത്യയുടെ പി.വി.സിന്ധുവും സ്പെയിനിന്റെ കരോലിന മരിനും തമ്മിൽ വാക്പോരാട്ടം. സിന്ധുവിനെ കീഴടക്കി മരിൻ ഫൈനലിലെത്തിയ മത്സരത്തിലെ മോശം പെരുമാറ്റത്തിന് അംപയർ ഇരുവർക്കും മഞ്ഞക്കാർഡ് നൽകുന്നിടം വരെയെത്തി കാര്യങ്ങൾ. ഒരു മണിക്കൂർ 13 മിനിറ്റ് നീണ്ട പോരാട്ടത്തിന്റെ ആദ്യ ഗെയിം മുതൽ തുടങ്ങിയ വാക്പോരാട്ടവും ശീതസമരവുമെല്ലാമാണ് ഒടുവിൽ പരസ്യമായ ഏറ്റുമുട്ടലിലേക്കും ചെയർ അംപയറുടെ താക്കീതിലേക്കും കാര്യങ്ങളെത്തിച്ചത്. തുടർച്ചയായ 5–ാം തവണയാണ് മരിനോടു സിന്ധു പരാജയപ്പെടുന്നത്. സ്കോർ: 18-21, 21-19, 7-21.
ലോക 12–ാം നമ്പർ പി.വി.സിന്ധുവും ആറാം സ്ഥാനക്കാരിയായ കരോലിന മരിനും തമ്മിലുണ്ടെന്ന് ആഘോഷിക്കപ്പെട്ടിരുന്ന സൗഹൃദം തകരുന്ന കാഴ്ചയാണ് കളത്തിൽ കണ്ടത്. ആദ്യ ഗെയിം മരിൻ സ്വന്തമാക്കുന്നതിനിടെ തന്നെ ചെയർ അംപയർ 2 വട്ടം സ്പാനിഷ് താരത്തിനു താക്കീത് നൽകിയിരുന്നു. ഉച്ചത്തിലുള്ള ആഘോഷ പ്രകടനമാണ് അതിരുവിട്ടത്. രണ്ടാം ഗെയിം സിന്ധു നേടിയതോടെ നിർണായകമായ മൂന്നാം ഗെയിമിൽ സംഘർഷം ഇരട്ടിച്ചു. സെർവ് സ്വീകരിക്കാൻ വൈകിയതിനു സിന്ധുവിനെയും അംപയർ താക്കീത് ചെയ്തു.
‘മരിനോട് ഒച്ചവയ്ക്കരുതെന്നു നിങ്ങൾ പറഞ്ഞിട്ട് അവൾ അനുസരിച്ചില്ലല്ലോ, അതിനാൽ അക്കാര്യം അവിടെ ചോദിക്കുമ്പോഴേയ്ക്കും ഞാൻ റെഡിയാകാം’ എന്നു സിന്ധു മറുപടി നൽകി. പിന്നാലെ സിന്ധുവിന്റെ കോർട്ടിൽ വീണ ഷട്ടിൽ എടുക്കാൻ ഇരുവരും എത്തിയപ്പോഴാണ് പരസ്യമായ വാക്പോരാട്ടം അരങ്ങേറിയത്. രണ്ടുപേരും തമ്മിലുള്ള തർക്കം ചൂടുപിടിച്ചതോടെ ചെയർ അംപയർ ഇരുവരെയും വിളിച്ച് മഞ്ഞക്കാർഡ് കാട്ടുകയായിരുന്നു. സിന്ധുവിന്റെ കോർട്ടിൽ ഷട്ടിലെടുക്കാൻ വരരുതെന്നു മരിനെ താക്കീതും ചെയ്തു.