ADVERTISEMENT

കോട്ടയം ∙ ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ സ്വപ്ന വിജയം നേടി ഉണ്ണി രേണു. ഹൈജംപിൽ വെങ്കല മെഡൽ നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ച് എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിപ്പെഴുതി.

ആർപ്പൂക്കര പനമ്പാലം അങ്ങാടി തെക്കേടത്ത് ഉണ്ണി രേണു മെക്സിക്കോയിലെ മോൺടുറേയിൽ കഴിഞ്ഞ വർഷം നടന്ന ലോക പാരാ അത്‌ലറ്റിക് ഗ്രാൻപ്രിയിൽ ഹൈജംപിൽ സ്വർണമെഡൽ നേടിയിരുന്നു. 28 വരെയാണ് ഏഷ്യൻ പാരാ ഗെയിംസ്. ഇന്ത്യയിൽ നിന്നുള്ള ടീം അംഗങ്ങൾ 30നു ശേഷം തിരികെ നാട്ടിലെത്തും. ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യൻ മിലിട്ടറിയെ പ്രതിനിധീകരിച്ചാണ് ഉണ്ണി പങ്കെടുത്തത്.

ഉണ്ണി രേണു മത്സരത്തിനിടെ
ഉണ്ണി രേണു മത്സരത്തിനിടെ

മെക്സിക്കോയിൽ നടന്ന ലോക പാരാ അത്‌ലറ്റിക്സിൽ ഹൈജംപിൽ 1.83 മീറ്റർ ഉയരം പിന്നിട്ടാണ് അന്നു അംഗപരിമിതരുടെ ലോക അത്‌ലറ്റിക്സിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയത്. മെക്സിക്കോയ്ക്കു പുറമേ ഇപ്പോൾ ഏഷ്യൻ പാരാ ഗെയിംസിലും നേട്ടം കൊയ്തതോടെ ഏറെ ആഹ്ലാദത്തിലാണ് ആർപ്പൂക്കര ഗ്രാമവും. 22 ഇനങ്ങളിലായി 4,000 കായിക താരങ്ങളാണ് ഏഷ്യൻ പാരാ ഗെയിംസിൽ മത്സരത്തിലുള്ളത്. 2014ൽ സ്പോർട്സ് ക്വോട്ടയിലാണ് ഇന്ത്യൻ കരസേനാംഗമായത്.  2019 സെപ്റ്റംബറിൽ നാട്ടിൽ അവധിക്ക് എത്തിയപ്പോൾ ബൈക്ക് അപകടത്തിൽപ്പെട്ട് വലതുകാൽ ഒടിഞ്ഞു. ചികിത്സ നടത്തിയെങ്കിലും കാലിനു ചെറിയ നീളക്കുറവായി. 50 ശതമാനം ബലക്കുറവും. 

ആത്മവിശ്വാസത്തോടെ ഉണ്ണി ഇടതുകാൽ കുത്തി ചാടി ഹൈജംപിൽ പരിശീലനം തുടങ്ങി. പിന്നീടു വിജയങ്ങൾ നേടിത്തുടങ്ങി. കഴിഞ്ഞ വർഷം ഭുവനേശ്വറിൽ നടന്ന ദേശീയ പാരാ അത്‌ലറ്റിക്സിൽ ഹൈജംപിൽ സ്വർണം നേടിയതോടെയാണു ലോക പാരാ അത്‌ലറ്റിക്സിനു യോഗ്യത നേടിയത്. കെ.സി.രേണുവിന്റെയും ഉഷയുടെയും മകനാണ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം തട്ടുകട നടത്തുകയാണ് രേണു. കായികതാരമായ അശ്വതിയാണ് ഉണ്ണിയുടെ ഭാര്യ. മകൾ: ഇഗ.

English Summary:

Unni Renu won bronze in Asian Para Games 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com