ആൻസി സോജന് ദേശീയ ഗെയിംസിൽ സ്വർണത്തിളക്കം
Mail This Article
മഡ്ഗാവ് ∙ ഏഷ്യൻ ഗെയിംസ് വെള്ളി മെഡലിന്റെ പകിട്ടോടെ മത്സരിച്ച മലയാളി താരം ആൻസി സോജന് ദേശീയ ഗെയിംസിൽ സ്വർണത്തിളക്കം. വനിതകളുടെ ലോങ്ജംപിൽ 6.53 മീറ്റർ ചാടി ആൻസി സ്വർണം നേടിയപ്പോൾ നയന ജെയിംസിലൂടെ (6.52 മീറ്റർ) ഈയിനത്തിലെ വെള്ളിയും കേരളം സ്വന്തമാക്കി.
ഒരു സ്വർണവും 3 വെള്ളിയും 4 വെങ്കലവുമാണ് ദേശീയ ഗെയിംസിൽ ഇന്നലെ കേരള താരങ്ങളുടെ നേട്ടം.
അത്‌ലറ്റിക്സിൽ 4–100 വനിതാ റിലേയിൽ കേരള ടീമും തയ്‌ക്വാൻഡോ വനിതാ വിഭാഗത്തിൽ ലയ ഫാത്തിമയും വെള്ളി മെഡൽ ജേതാക്കളായി. വി.നേഹ, പി.ഡി.അഞ്ജലി, രമ്യ രാജൻ, ഷിൽബി എന്നിവരായിരുന്നു റിലേ ടീമംഗങ്ങൾ. ഡെക്കാത്‌ലനിൽ എൻ.തൗഫീഖും നീന്തലിൽ 400 മീറ്റർ വ്യക്തിഗത മെഡ്‍ലെയിൽ സജൻ പ്രകാശും വനിതാ തയ്‌ക്വാൻഡോയിൽ കേരളത്തിനായി മത്സരിച്ച മണിപ്പുരുകാരി പർസിത നോങ്മെയ്തേയും വെങ്കലം നേടി.
4–100 പുരുഷ റിലേയിൽ വെങ്കലം നേടിയ കേരള ടീമിൽ ഡി.ബി.ബിബിൻ, സി.വി.അനുരാഗ്, പി.മുഹമ്മദ് ഷാൻ, ടി.മിഥുൻ എന്നിവരായിരുന്നു അംഗങ്ങൾ.