പൊൻവളത്തിളക്കം, ഈ വെള്ളിമെഡലിന്: ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനം കേരളത്തിന് ഒരു വെള്ളി മാത്രം

Mail This Article
കോയമ്പത്തൂർ ∙ പോളിൽ ഉയർന്നു പൊങ്ങുമ്പോൾ ജീനയുടെ മനസ്സു നിറയെ ഒരു സ്വർണവളയെക്കുറിച്ചുള്ള ആശങ്കയായിരുന്നു. താഴെയെത്തിയപ്പോൾ കഴുത്തിൽ വീണതു വെള്ളി മെഡൽ! അമ്മ മഞ്ജുവിന്റെ ആകെയുള്ള സ്വർണവള പണയം വച്ചാണു ജീന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിനെത്തിയത്. പെൺകുട്ടികളുടെ അണ്ടർ 18 വിഭാഗം പോൾവോൾട്ടിൽ നേരിയ വ്യത്യാസത്തിനു സ്വർണം നഷ്ടമായി. ജീന 3.20 മീറ്റർ ചാടിയപ്പോൾ 3.25 മീറ്റർ ചാടിയ തമിഴ്നാട് താരം വി. കാർത്തിക സ്വർണം നേടി. ട്രാക്കിലും ഫീൽഡിലുമായി 16 ഫൈനലുകൾ നടന്ന ദേശീയ ജൂനിയർ മീറ്റിന്റെ ആദ്യദിനത്തിൽ കേരളത്തിന്റെ ആകെ മെഡൽ നേട്ടവും ജീനയുടെ വെള്ളി തന്നെ. ഇന്ന് 36 ഫൈനലുകൾ നടക്കും.
തലക്കോട് സെന്റ് മേരീസ് യാക്കോബായ ഇടവകയുടെ നേതൃത്വത്തിൽ നാട്ടുകാർ പിരിവെടുത്താണു ജീനയ്ക്കു മത്സരത്തിനു പങ്കെടുക്കാൻ പോൾ വാങ്ങി നൽകിയത്. 15 ലക്ഷം രൂപയോളം കടമുള്ള കൂലിപ്പണിക്കാരനായ അച്ഛൻ ബേസിൽ വർഗീസ് മകളുടെ കായിക സ്വപ്നങ്ങൾക്കു പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ്. എറണാകുളം പുത്തൻകുരിശിലെ പുതുപ്പാടി വീട്ടിൽ 2 മുറിക്കുള്ളിൽ കിടപ്പുരോഗികളായ വല്യച്ഛൻ, വല്യമ്മ, ഭിന്നശേഷിക്കാരിയായ പിതൃസഹോദരി എന്നിവരുൾപ്പെടെ 8 അംഗങ്ങളാണു താമസിക്കുന്നത്. ജീവിതത്തിലെ കഷ്ടപ്പാടുകൾക്കിടയിലും ആദ്യ ദേശീയ മത്സരത്തിൽ തന്നെ മെഡൽ നേടിയ സന്തോഷത്തിലാണു ജീന. കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ്. പി.ആർ.മധുവാണ് പരിശീലകൻ.