ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ കേരളത്തിന് മൂന്നു സ്വർണം

Mail This Article
കോയമ്പത്തൂർ∙ ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ വൈകി ഉണർന്ന കേരളം മൂന്നാം ദിനം നേടിയതു 3 സ്വർണവും 2 വെള്ളിയും ഒരു വെങ്കലവും. ഹൈജംപും ഹർഡിൽസും ഡെക്കാത്ലനും കേരളത്തിനു സ്വർണം സമ്മാനിച്ചു. ഡെക്കാത്‌ലനിൽ ദേശീയ റെക്കോർഡും കേരളം സ്വന്തമാക്കി. തിരുവനന്തപുരം സായിയിൽ നിന്നുള്ള ആലപ്പുഴ സ്വദേശി തൗഫിഖ് നൗഷാദാണ് അണ്ടർ 20 പുരുഷൻമാരുടെ ഡെക്കാത്‌ലനിൽ ദേശീയ റെക്കോർഡോടെ സ്വർണം നേടിയത്. അണ്ടർ 16 ആൺകുട്ടികളുടെ ഹൈജംപിൽ ദേവക് ഭൂഷൺ, അണ്ടർ 18 പെൺകുട്ടികളുടെ 100 മീ. ഹർഡിൽസിൽ ആൻ ട്രീസ മാത്യു എന്നിവരാണ് മറ്റു സ്വർണജേതാക്കൾ.
അണ്ടർ 20 ആൺകുട്ടികളുടെ ഹൈജംപിൽ അഫ്നാൻ മുഹമ്മദ്, അണ്ടർ 20 പെൺകുട്ടികളുടെ 4–100 മീറ്റർ റിലേ ടീം എന്നിവരും വെള്ളി നേടി. അണ്ടർ 16 ആൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ അബൈദ് ശിവേദിനാണു വെങ്കലം.

ഹൈജംപിൽ കോഴിക്കോട് ചേവായൂർ ഭാരതീയ വിദ്യാഭവനിലെ ദേവക് കരിയർ ബെസ്റ്റ് പ്രകടനമാണു നടത്തിയത്. കോട്ടയം ഭരണങ്ങാനം സെന്റ് മേരീസ് എച്ച്എസ്എസിലെ വിദ്യാർഥിനിയാണ് കണ്ണൂർ ഇരിട്ടി സ്വദേശി ആൻട്രീസാ മാത്യു. അണ്ടർ 16 ആൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടിയ അബൈദ് ശിവേദ് പാലക്കാട് കിണാശേരി വ്യാസ വിദ്യാലയത്തിലെ വിദ്യാർഥിയും പാലക്കാട് ഒളിംപിക് അത്‌ലറ്റിക് ക്ലബ് അംഗവുമാണ്. എറണാകുളം സ്വദേശി ആർ.ആദിത്യ, കൊല്ലം സ്വദേശി സ്റ്റെമി മെരിയ ബിജു, പാലക്കാട് സ്വദേശി വി.നേഹ, കണ്ണൂർ സ്വദേശി സി. അനുഗ്രഹ എന്നിവരാണു കേരളത്തിനു വേണ്ടി റിലേയിൽ വെള്ളി നേടിയത്.