കേരളം അഞ്ചാമതു തന്നെ
Mail This Article
കോയമ്പത്തൂർ ∙ ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ 411 പോയിന്റുമായി ഹരിയാന ചാംപ്യൻപട്ടം നിലനിർത്തി. കേരളം ഈ വർഷവും അഞ്ചാം സ്ഥാനത്തായി. ആതിഥേയരായ തമിഴ്നാട് രണ്ടാം സ്ഥാനത്തും ഉത്തർപ്രദേശ് മൂന്നാം സ്ഥാനത്തുമെത്തി.
9 സ്വർണവും 8 വെള്ളിയും 3 വെങ്കലവുമാണ് കേരളത്തിന്റെ ആകെ മെഡൽ നേട്ടം. കഴിഞ്ഞ വർഷം 7 വീതം സ്വർണവും വെള്ളിയും 5 വെങ്കലവുമാണു നേടിയത്. അവസാന ദിനമായ ഇന്നലെയാണു കേരള താരങ്ങൾ കൂടുതൽ മെഡൽ നേടിയത്; 4 സ്വർണവും 5 വെള്ളിയും 2 വെങ്കലവും.
അണ്ടർ 20 പെൺകുട്ടികളുടെ ഹെപ്റ്റാത്‌ലനിൽ കെ.എ. അനാമിക, അണ്ടർ 18 പെൺകുട്ടികളുടെ ഹെപ്റ്റാത്‌ലനിൽ ജാനിസ് ട്രീസ റെജി, 800 മീറ്ററിൽ കെ.നിവേദ്യ, അണ്ടർ 18 ആൺകുട്ടികളുടെ 800 മീറ്ററിൽ ജെ.ബിജോയ് എന്നിവരാണു സ്വർണം നേടിയത്. അണ്ടർ 14 പെൺകുട്ടികളുടെ ഹൈജംപിൽ സരയു ലക്ഷ്മി, അണ്ടർ 18 പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ എം.ജ്യോതിക, അണ്ടർ 20 പെൺകുട്ടികളുടെ 400 മീറ്ററിൽ വി. നേഹ എന്നിവർ വെള്ളി നേടി. അണ്ടർ 20 വിഭാഗത്തിലെ 4 x 400 മീറ്റർ റിലേയിൽ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകൾ വെള്ളി നേടി. അണ്ടർ 20 പെൺകുട്ടികളുടെ ഹെപ്റ്റാത്‌ലനിൽ സ്നേഹമോൾ ജോർജ്, അണ്ടർ 20 ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ മുഹമ്മദ് മുഹസിൻ എന്നിവർ വെങ്കലവും സ്വന്തമാക്കി.
800 മീറ്ററിൽ മീറ്റ് റെക്കോർഡോടെയാണ് (1.49.74 മിനിറ്റ്) പാലക്കാട് സ്വദേശിയും ചിറ്റൂർ യങ്സ്റ്റേഴ്സ് ക്ലബ് താരവുമായ ജെ.ബിജോയ് സ്വർണം നേടിയത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സരയു ലക്ഷ്മി 1.40 മീറ്റർ ചാടി തന്റെ മികച്ച ഉയരം കണ്ടെത്തിയാണു ഹൈജംപിൽ വെള്ളി നേടിയത്. അണ്ടർ 20 വനിതകളുടെ 4 x 400 മീ. റിലേയിൽ തിരുവനന്തപുരം സായിയിലെ താരങ്ങളായ നയന ജോസ്, സാന്ദ്ര മോൾ സാബു, സാനിയ ട്രീസ എന്നിവരും എറണാകുളം മേഴ്സി കുട്ടൻ അക്കാദമിയിലെ അനീറ്റ മരിയ ജോണും അടങ്ങുന്ന ടീമാണു വെള്ളി സ്വന്തമാക്കിയത്. അണ്ടർ 20 പുരുഷന്മാരുടെ 4 x 400 മീ. റിലേയിൽ പാലക്കാട് സ്വദേശി ജെ. റിജോയ്, തിരുവനന്തപുരം സ്വദേശി എസ്. അനന്ദൻ, ഇടുക്കി സ്വദേശി ആന്റോ ആന്റണി, തിരുവനന്തപുരം എസ്. ഇന്ദ്രനാഥൻ എന്നിവരുടെ ടീമാണു വെള്ളി നേടിയത്.