സ്വർണമണിഞ്ഞ് സിദ്ധാർഥ : ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ പരിമിതികൾ മറികടന്ന് സിദ്ധാർഥ ബാബുവിനു മെഡൽ
Mail This Article
ന്യൂഡൽഹി ∙ സിദ്ധാർഥയുടെ ഷാർപ്പ് ഷൂട്ടിൽ മെഡൽ നേട്ടങ്ങൾ ആവർത്തിക്കപ്പെടുന്നു. ഡൽഹിയിൽ നടന്ന ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ശാരീരിക വെല്ലുവിളികളെ മറികടന്നു തിരുവനന്തപുരം സ്വദേശിയായ സിദ്ധാർഥ ബാബു സ്വന്തമാക്കിയത് 2 മെഡലുകൾ. ഒളിംപിക് താരം ചെയ്ൻ സിങ് ഉൾപ്പെടെയുള്ളവർ അണിനിരന്ന 50 മീറ്റർ റൈഫിൾ പ്രോൺ വിഭാഗത്തിലായിരുന്നു തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിയുടെ നേട്ടം. ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ശാരീരിക വെല്ലുവിളി നേരിടുന്നയാൾ മെഡൽ നേടുകയെന്ന അപൂർവതയ്ക്കും മത്സരം സാക്ഷ്യം വഹിച്ചു.
സേനാ ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുക്കുന്ന 50 മീറ്റർ റൈഫിൾ പ്രോൺ വിഭാഗത്തിൽ വെള്ളിയും ഇതേ ഇനത്തിന്റെ സിവിലിയൻ വിഭാഗത്തിൽ സ്വർണവുമാണു സിദ്ധാർഥ സ്വന്തമാക്കിയത്. 19–ാം വയസ്സിൽ തിരുവനന്തപുരത്തുണ്ടായ ബൈക്കപകടമാണു സിദ്ധാർഥയുടെ ജീവിതം മാറ്റിമറിച്ചത്. ഗുരുതര പരുക്കേറ്റ് ഒരുവർഷത്തോളം ആശുപത്രിയിൽ കിടക്കേണ്ടിവന്നു. ശരീരം അരയ്ക്കു താഴെ തളർന്നു. പുസ്തകങ്ങൾ വായിച്ചു ഷൂട്ടിങ്ങിനെക്കുറിച്ച് അറിവു നേടി സ്വയം പരിശീലനം തുടങ്ങി. 2021ലെ ടോക്കിയോ പാരാലിംപിക്സിൽ ഫൈനലിലെത്തിയ സിദ്ധാർഥ ബാബു കഴിഞ്ഞ മാസം ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ പാരാഗെയിംസിൽ സ്വർണവും നേടി. ശാരീരിക വെല്ലുവിളിയുള്ളവരെ കായികമേഖലയിൽ വേർതിരിച്ചു കാണുന്നത് ഇല്ലാതാക്കാണു തന്റെ ശ്രമമെന്നു സിദ്ധാർഥ പറയുന്നു.