ഇന്ത്യയുടെ മൂന്നാമത്തെ വനിതാ ഗ്രാൻഡ് മാസ്റ്റർ, ചരിത്രമെഴുതി വൈശാലി രമേഷ്ബാബു
Mail This Article
ചെന്നൈ∙ ചെസിൽ ചരിത്രമെഴുതി ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദയുടെ സഹോദരി വൈശാലി രമേഷ്ബാബു. ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ വനിതാ താരമാണ് വൈശാലി. ഫിഡെ റേറ്റിങ്ങിൽ 2500 പോയിന്റുകൾ കടന്നാണ് വൈശാലി ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കിയത്. കൊനേരു ഹംപിയും ഹരിക ദ്രോണവല്ലിയുമാണ് ഗ്രാൻഡ് മാസ്റ്റർ പദവിയിലെത്തിയ മറ്റ് ഇന്ത്യൻ വനിതകൾ.
തുർക്കിയിൽ നടന്ന എൽ ലോബ്രേഗറ്റ് ചെസ് ടൂര്‍ണമെന്റിൽ തുർക്കി താരം ടാമർ താരിക് സെൽബസിനെ തോൽപിച്ചാണ് വൈശാലി റേറ്റിങ്ങിൽ മുന്നേറിയത്. ഗ്രാൻഡ് മാസ്റ്റർമാരാകുന്ന ആദ്യ സഹോദരങ്ങളെന്ന റെക്കോർഡും ഇതോടെ വൈശാലിയുടേയും പ്രഗ്നാനന്ദയുടേയും പേരിലായി. 2018ലാണ് ആർ. പ്രഗ്നാനന്ദ ഗ്രാൻഡ് മാസ്റ്ററാകുന്നത്. എൺപതിലേറെ ഇന്ത്യൻ താരങ്ങൾക്ക് മുൻപ് ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ചിട്ടുണ്ട്.
2015ലെ അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ ഏഷ്യൻ യൂത്ത് ചെസ് ചാംപ്യൻഷിപ്പ് വൈശാലി വിജയിച്ചിരുന്നു. 20 വയസ്സുകാരിയായ വൈശാലി തമിഴ്നാട് സ്വദേശിയാണ്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വൈശാലിയുടെ നേട്ടത്തെ എക്സ് പ്ലാറ്റ്ഫോമിൽ അഭിനന്ദിച്ചു.
‘‘2023 അതിഗംഭീരമായൊരു വർഷമായിരുന്നു. പ്രഗ്നാനന്ദയോടൊത്ത് കാൻഡിഡേറ്റ്സ് ടൂർണമെന്റിനു യോഗ്യത നേടുന്ന ആദ്യ സഹോദരങ്ങളായി നിങ്ങൾ ചരിത്രം രചിച്ചു. ഇപ്പോൾ ആദ്യത്തെ ഗ്രാൻഡ് മാസ്റ്റർ സഹോദരങ്ങൾ കൂടിയായി. നിങ്ങളുടെ നേട്ടങ്ങൾ അഭിമാനമുണ്ടാക്കുന്നതാണ്. വളർന്നു വരുന്ന ചെസ് താരങ്ങൾക്ക് ഇതു പ്രചോദനമാകും.’’- സ്റ്റാലിൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.