ADVERTISEMENT

ന്യൂഡൽഹി ∙ അത്‍ലറ്റിക്സിലെ ആൾക്ഷാമം പരിഹരിക്കാൻ പരിശീലന പദ്ധതിയിൽ അടിമുടി മാറ്റത്തിനൊരുങ്ങി അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ). ജൂനിയർ വിഭാഗത്തിൽ രാജ്യാന്തര മത്സരങ്ങളിൽ തിളങ്ങിയ രാജ്യത്തെ അത്‌ലീറ്റുകളിൽ പലർക്കും സീനിയർ തലത്തിൽ ശോഭിക്കാൻ കഴിയുന്നില്ലെന്നാണ് എഎഫ്ഐയുടെ വിലയിരുത്തൽ. വളരെ ചെറുപ്പത്തിൽ തന്നെ കഠിന പരിശീലനം നടത്തേണ്ടിവരുന്ന ജൂനിയർ അത്‌ലീറ്റുകൾക്ക് ഊർജം നഷ്ടം സംഭവിക്കുന്നതും പരുക്കിന്റെ പിടിയിലാകുന്നതുമാണ് ഇതിനു കാരണമായി പറയുന്നത്. 

ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ ജൂനിയർ അത്‌ലീറ്റുകളുടെ പരിശീലന പദ്ധതിയിൽ പൊളിച്ചെഴുത്ത് വരുന്നത്. ജൂനിയർ, യൂത്ത് വിഭാഗങ്ങളിലായി മുൻപ് രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത 133 അത്‌ലീറ്റുകളിൽ 4 പേർ മാത്രമാണ് ഇപ്പോൾ സീനിയർ തലത്തിൽ മത്സരരംഗത്തുള്ളതെന്നാണ് ഫെഡറേഷന്റെ കണക്ക്. 

18 വയസ്സിനു മുൻപ് ഒരു മത്സര ഇനത്തിൽ മാത്രം ശ്രദ്ധയൂന്നിയുള്ള പരിശീലന രീതി (സ്പെഷലൈസേഷൻ) ഒഴിവാക്കും. ജൂനിയർ താരങ്ങൾക്കു കഠിന പരിശീലനം നൽകുന്നതിൽ നിന്നു പരിശീലകരെ നിയന്ത്രിക്കും.

  ജൂനിയർ അത്‌ലീറ്റുകൾക്കിടയിലെ ഉത്തേജക ഉപയോഗം തടയാൻ സംസ്ഥാന മത്സരങ്ങളിലടക്കം പരിശോധന കർശനമാക്കും. ഏഷ്യൻ യൂത്ത് ചാംപ്യൻഷിപ്പിൽ 100, 200, 400 മീറ്റർ ഓട്ടം, ലോങ്ജംപ്, ഷോട്പുട്, ജാവലിൻത്രോ, ഡിസ്കസ്ത്രോ എന്നീ ഇനങ്ങളിൽ മാത്രം ഇനിമുതൽ മത്സരാർഥികളെ അയച്ചാൽ മതിയെന്നു തീരുമാനിച്ചിട്ടുണ്ട്. 

മധ്യദൂര, ദീർഘദൂര ഓട്ടങ്ങളിലും ട്രിപ്പിൾ ജംപ്, ഹാമർത്രോ തുടങ്ങിയ ഇനങ്ങളിലും താരങ്ങളെ പങ്കെടുപ്പിക്കില്ല. ഇത്തരം ഇനങ്ങൾ താരങ്ങളുടെ ശരീരത്തിനു അമിതഭാരം നൽകുന്നുവെന്നാണു വിലയിരുത്തൽ. 2025ൽ സൗദി അറേബ്യയിലാണു അടുത്ത ഏഷ്യൻ യൂത്ത് ചാംപ്യൻഷിപ്.

English Summary:

Junior Athletics, training will change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com