‘കായിക മേഖലയിൽ വ്യവസായ പാർക്കുകൾ വരും; പ്രതീക്ഷിക്കുന്നത് 500–1000 കോടി രൂപയുടെ നിക്ഷേപം’
Mail This Article
കൊച്ചി ∙ ജനുവരിയിൽ കേരളം ആതിഥ്യമരുളുന്ന രാജ്യാന്തര സ്പോർട്സ് ഉച്ചകോടിയിൽ (ഐഎസ്എസ്കെ) 500–1000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നുതായി മന്ത്രി വി.അബ്ദുറഹിമാൻ. തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബിൽ ജനുവരി 23 മുതൽ 26 വരെ നടക്കുന്ന ഉച്ചകോടിയിൽ 25 രാജ്യങ്ങളിൽ നിന്നുള്ള കായിക വിദഗ്ധർ പങ്കെടുക്കും. കായിക മേഖലയെ സംസ്ഥാന സമ്പദ്ഘടനയുടെ ഭാഗമാക്കി വികസിപ്പിക്കുകയാണു ലക്ഷ്യം.
സ്പോർട്സ് വ്യവസായ പാർക്കുകൾ
കായിക സംരംഭങ്ങൾക്കു വ്യവസായ പദവി നൽകി 4% പലിശ നിരക്കിൽ ചെറുകിട വ്യവസായ വായ്പകൾ ലഭ്യമാക്കും. സ്വകാര്യ വ്യവസായ പാർക്കുകൾക്കായി കായിക സംരംഭകർക്കും അപേക്ഷിക്കാം. സ്പോർട്സ് മെഡിസിൻ, ഉപകരണ നിർമാണം, ന്യൂട്രസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിൽ പാർക്കുകൾ ആരംഭിക്കാം. മലപ്പുറത്തും കോഴിക്കോടും ഫിഫ നിലവാരമുള്ള സ്റ്റേഡിയങ്ങൾ നിർമിക്കുന്ന കാര്യം ആലോചനയിലുണ്ട്.
പദ്ധതികൾക്ക് ഗ്രീൻ ചാനൽ
സംസ്ഥാന സ്പോർട്സ് കൗൺസിലുകളെയും ജില്ലാ കൗൺസിലുകളെയും കായിക അസോസിയേഷനുകളെയും ബന്ധിപ്പിച്ചു മാസ്റ്റർ പ്ലാനുകൾ തയാറാക്കും. പൊതു, സ്വകാര്യ സംരംഭകരുടെ സഹകരണം തേടും. പങ്കാളിത്ത പദ്ധതികൾക്കു കായിക വകുപ്പ് ഗ്രീൻ ചാനൽ ഒരുക്കും.
കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയം
ബിസിസിഐ കൊച്ചിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്റ്റേഡിയത്തിനു പ്രതീക്ഷിക്കുന്ന നിക്ഷേപം 350 കോടി രൂപ. സ്ഥലം സംബന്ധിച്ച രേഖകളുടെ ക്രമപ്പെടുത്തലാണു നടക്കുന്നത്. അതിനു ശേഷം സ്ഥലം വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു.
താരങ്ങൾ കേരളം വിടുന്നതിൽ പുതുമയില്ല: മന്ത്രി
ഏഷ്യൻ ഗെയിംസിനു ശേഷം മെഡൽ ജേതാക്കൾക്ക് പാരിതോഷികം പ്രഖ്യാപിക്കാൻ വൈകിയതു മന്ത്രിസഭാ തീരുമാനം വേണ്ടിവന്നതു മൂലമാണെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. പ്രോത്സാഹനമില്ലാത്തതിനാൽ താരങ്ങൾ കേരളം വിടുമെന്നു പറയുന്നതിൽ കാര്യമില്ല. മുൻപും നമ്മുടെ എത്രയോ കായിക താരങ്ങൾ റെയിൽവേസിലും സർവീസസിലും മറ്റും ജോലി തേടിയിട്ടുണ്ട്. കായികതാരങ്ങൾക്ക് ജോലിക്കു മാനദണ്ഡം തയാറാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. 94 പേർക്ക് ഉടൻ നിയമനം നൽകുമെന്നും മന്ത്രി പറഞ്ഞു.