58 ദിവസത്തിനിടെ 3 അയൺമാൻ മത്സര വിജയങ്ങളുമായി ഒരു മലയാളി; ട്രിപ്പിൾ അയൺമാൻ

Mail This Article
മെൽബൺ ∙ വെറും 58 ദിവസങ്ങൾക്കിടെ 3 ഭൂഖണ്ഡങ്ങളിലായി 3 അയൺമാൻ വിജയങ്ങൾ! തിരുവനന്തപുരം കവടിയാർ സ്വദേശി സുരേഷ് സാം ചാണ്ടിയെന്ന നാൽപത്തിയൊന്നുകാരനാണ് ലോകത്തിലെ ഏറ്റവും കടുപ്പമേറിയ കായികപരീക്ഷണങ്ങളിൽ ഒന്നായി അറിയപ്പെടുന്ന അയൺമാൻ ട്രയാത്തിലോണിൽ 2 മാസത്തിനിടെ 3 തവണ വിജയക്കൊടി പാറിച്ചത്.
ഈ മാസം 3ന് പശ്ചിമ ഓസ്ട്രേലിയയിലെ പസ്സൽടണിൽ നടന്ന അയൺമാൻ ചാലഞ്ചാണ് സാം ഒടുവിൽ പൂർത്തിയാക്കിയത്. 3.8 കിലോമീറ്റർ നീന്തൽ, 180.2 കിലോമീറ്റർ സൈക്ലിങ്, 42.2 കിലോമീറ്റർ ഓട്ടം എന്നിവ തുടർച്ചയായി നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്നതാണ് ചാലഞ്ച്. പസ്സൽടണിൽ 14 മണിക്കൂർ 39 മിനിറ്റിൽ ലക്ഷ്യം കൈവരിക്കാൻ സാമിനു സാധിച്ചു. ഒക്ടോബർ 7ന് മലേഷ്യയിൽ നടന്ന അയൺമാനായിരുന്നു ഏറ്റവും കടുപ്പമെന്നു സാം ഓസ്ട്രേലിയയിൽനിന്നു ‘മനോരമ’യോടു പറഞ്ഞു.
16 മണിക്കൂറിലാണ് ഇതു പൂർത്തിയാക്കിയത്. നവംബർ 4ന് യുഎസിലെ ഫ്ലോറിഡയിൽ 15 മണിക്കൂർ 21 മിനിറ്റിൽ ഫിനിഷ് ചെയ്തു. പിന്നാലെയായിരുന്നു ഈ മാസം 3ന് പസ്സൽടൺ അയൺമാൻ. സാം പൂർത്തിയാക്കുന്ന നാലാമത്തെ അയൺമാൻ കൂടിയാണിത്. 2018ൽ ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ നടന്ന അയൺമാൻ 14 മണിക്കൂർ 9 മിനിറ്റിൽ ഫിനിഷ് െചയ്താണ് ഇന്ത്യൻ ദേശീയ പതാകയുമായുള്ള ൈജത്രയാത്ര സാം തുടങ്ങിയത്.
അമേരിക്കയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് ബിരുദമായ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായ സാം മുൻ പുനലൂർ എംഎൽഎ അന്തരിച്ച സാം ഉമ്മന്റെ മകനാണ്. ‘എനിക്കു 2 വയസ്സുള്ളപ്പോഴായിരുന്നു പിതാവിന്റെ മരണം. അതിനു ശേഷം അമ്മ സൂസൻ ഉമ്മനൊപ്പം ജീവിതത്തിൽ നേരിട്ടതായിരുന്നു ഏറ്റവും വലിയ അയൺമാൻ ചാലഞ്ച് എന്നിപ്പോൾ തോന്നുന്നു.
അയൺമാൻ മത്സരത്തിൽ പങ്കെടുക്കുമ്പോൾ എന്റെ ദേഹത്തുകെട്ടുന്ന ചെറിയ ബാഗിൽ എല്ലായ്പോഴും ഞാൻ ഇന്ത്യൻ ദേശീയ പതാക കരുതാറുണ്ട്. ഫിനിഷിങ് ലൈനിലേക്കെത്താൻ നമ്മെ ആവേശപൂർവം പ്രേരിപ്പിക്കുന്ന ഒന്നാണത്. ’– സാം പറയുന്നു.
‘4ഭൂഖണ്ഡങ്ങളിലെ അയൺമാൻ മത്സരങ്ങൾ പൂർത്തിയാക്കി. ദൈവം അനുവദിച്ചാൽ, ഇനി ആഫ്രിക്കയിലും ദക്ഷിണ അമേരിക്കയിലും നടക്കുന്ന മത്സരങ്ങളിൽക്കൂടി പങ്കെടുത്ത് വിജയിക്കണമെന്നാണ് ആഗ്രഹം. 6 ഭൂഖണ്ഡങ്ങളിലും അയൺമാനാകുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് മുന്നിൽ – തന്റെ സ്വപ്നത്തിന്റെ ഫിനിഷിങ് ലൈനിന് ഏറെ ദൂരയല്ല, സാം!