ADVERTISEMENT

പാരിസ് ∙ 2023ലെ മികച്ച കായിക താരത്തിന് ലോക അത്‌ലറ്റിക് ഫെഡറേഷൻ നൽകുന്ന ‘അത്‌ലീറ്റ് ഓഫ് ദി ഇയർ’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ട്രാക്ക്, ഫീൽഡ്, ഔട്ട് ഓഫ് സ്റ്റേഡിയ വിഭാഗങ്ങളിലായി മൂന്ന് വനിതകളും മൂന്ന് പുരുഷൻമാരുമാണ് ജേതാക്കൾ. ഇന്ത്യയുടെ ജാവലിൻ താരം നീരജ് ചോപ്രയും അന്തിമ പട്ടികയിൽ ഉൾപ്പെട്ടെങ്കിലും വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത വിജയികളുടെ കൂട്ടത്തിലില്ല.

അമേരിക്കയുടെ നോഹ ലൈൽസ് (100, 200 മീറ്റർ), സ്വീഡന്റെ മോ‍ൻഡോ ഡ്യുപ്ലാന്റിസ് (പോൾവാൾട്ട്), കെനിയയുടെ കെൽവിൻ കിപ്റ്റം (മാരത്തോൺ) എന്നിവരാണ് യഥാക്രമം ട്രാക്ക്, ഫീൽഡ്, ഔട്ട് ഓഫ് സ്റ്റേഡിയ വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട പുരുഷന്മാർ‌. കെനിയൻ ദീർഘദൂര താരം ഫെയ്ത് കിപ്യേഗൻ, വെനസ്വേലൻ ട്രിപ്പിൾ ജംപ് താരം യുളിമർ റോഹാസ്, എത്യോപ്യൻ മാരത്തൺ താരം ടിഗിസ്റ്റ് അസഫ എന്നിവരാണ് വനിതാ വിഭാഗത്തിൽ പുരസ്കാരം നേടിയത്.

ലോക അത്‌ലറ്റിക്‌സില്‍ 100, 200 മീറ്ററുകളില്‍ ചാംപ്യനായതും സ്വര്‍ണം നേടിയ യുഎസ് റിലേ ടീമില്‍ അംഗമായതും ഉള്‍പ്പെടെ മൂന്ന് സ്വര്‍ണനേട്ടം കൊയ്തതിന്റെ അടിസ്ഥാനത്തിലാണ് ലൈല്‍സിനെ പരിഗണിച്ചത്. പോള്‍വാള്‍ട്ടില്‍ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ മത്സരങ്ങളില്‍ തന്റെതന്നെ പേരിലുള്ള ലോകറെക്കോർഡ് മാറ്റിക്കുറിച്ചതാണ് ഡ്യുപ്ലാന്റിസിനെ പുരസ്‌കാ‌ര നേട്ടത്തിലേക്ക് നയിച്ചത്. അഞ്ചുപേരുള്‍പ്പെട്ട അന്തിമ പട്ടികയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഉള്‍പ്പെട്ടിരുന്നു. ലോക അത്‌ലറ്റിക്‌സിലും ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണവും ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനവും നേടിയത് പരിഗണിച്ചാണ് നീരജിനെ പുരുഷവിഭാഗത്തില്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടത്.

മധ്യ, ദീര്‍ഘദൂര ഓട്ടത്തില്‍ മൂന്ന് ലോകറെക്കോഡുകള്‍ സ്വന്തംപേരില്‍ കുറിച്ചത് കിപ്യേഗന് നേട്ടമായി. 2023-ലെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 1500, 5000 മീറ്ററുകളിലാണ് ലോകറെക്കോർഡ് നേട്ടം. ട്രിപ്പിള്‍ ജംപിൽ നാലാംതവണയും ലോകചാംപ്യനായത് പരിഗണിച്ചാണ് റോഹാസിന് അവാര്‍ഡ് നൽകിയത്.

English Summary:

Kipyegon, Lyles among six crowned at expanded World Athletics Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com