ADVERTISEMENT

ന്യൂഡൽഹി ∙ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, മലയാളി അത്‌ലീറ്റ് എം. ശ്രീശങ്കർ എന്നിവർ ഉൾപ്പെടെ 18 കായിക താരങ്ങൾക്ക് അർജുന അവാർഡ് ശുപാർശ. മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡിന് പുരുഷ ബാഡ്മിന്റൻ ജോടികളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യവും ശുപാർശ ചെയ്യപ്പെട്ടു. വിവിധ കായിക അസോസിയേഷനുകൾ വഴി ലഭിക്കുന്ന പേരുകൾ പരിശോധിച്ച ശേഷം കേന്ദ്ര കായിക മന്ത്രാലയം പിന്നീടു ജേതാക്കളെ പ്രഖ്യാപിക്കും.

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ 7 മത്സരങ്ങളിലായി 24 വിക്കറ്റുകൾ നേടിയതാണ് മുപ്പത്തിമൂന്നുകാരൻ ഷമിയെ ശുപാർശ ചെയ്യാൻ കാരണം. ബിസിസിഐ ആദ്യം നൽകിയ പട്ടികയിൽ ഷമിയുടെ പേരുണ്ടായിരുന്നില്ല. പിന്നീടു പ്രത്യേകമായി പേരു നൽകുകയായിരുന്നു. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയവയിലെ വെള്ളിമെഡൽ നേട്ടങ്ങളാണ് ലോങ്ജംപ് താരമായ എം.ശ്രീശങ്കറിനെ അവാർഡിനു പരിഗണിക്കാൻ കാരണം. ഇത്തവണ കായിക പുരസ്കാരത്തിന്റെ ശുപാർശ പട്ടികയിലുള്ള ഏക മലയാളിയും പാലക്കാട് സ്വദേശി ശ്രീശങ്കറാണ്.

അത്‌ലീറ്റ് പാരുൾ ചൗധരി, ചെസ് ഗ്രാൻഡ്മാസ്റ്റർ ആർ. വൈശാലി, ഷൂട്ടിങ് താരം ഐശ്വരി പ്രതാപ് സിങ് തോമർ, ഗുസ്തി താരം ആന്റിം പംഘൽ തുടങ്ങിയവരാണ് അർജുന ശുപാർശ പട്ടികയിലുള്ള മറ്റു പ്രമുഖർ. കായിക പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരത്തിന് 5 പേർക്കാണു ശുപാർശ. ചെസ് പരിശീലകൻ‌ ആർ.ബി. രമേഷിന്റെ പേര് ഈ പട്ടികയിലുണ്ട്. ധ്യാൻചന്ദ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിനു 3 പേരുകളും കായികമന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.

English Summary:

Arjuna Recommendation for Shami and Sreesankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com