ADVERTISEMENT

കായിക ലോകത്തിന്റെ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച മറ്റൊരു വർഷം കൂടി അവസാനിക്കുകയാണ്. ഏഷ്യൻ ഗെയിംസിലും ഡയമണ്ട് ലീഗിലും ഉൾപ്പെടെ ഇന്ത്യൻ കായിക താരങ്ങളുടെ മികവുറ്റ പ്രകടനത്താൽ ശ്രദ്ധേയമായിരുന്നു പോയവർഷം. ക്രിക്കറ്റിൽ ഇന്ത്യ ഏഷ്യൻ ചാംപ്യൻമാരായപ്പോൾ ഫൈനലിൽ ലോകകിരീടം കൈവഴുതി. ഐപിഎല്ലിനൊപ്പം വനിതാ താരങ്ങൾക്കായുള്ള വിമൻ പ്രീമിയർ ലീഗ് കൂടി വിജയകരമായി സംഘടിപ്പിച്ചതോടെ ക്രിക്കറ്റിന് ജനപ്രീതിയേറി. ലോക ഫുട്ബോളിൽ സൂപ്പർ താരം ലയണൽ മെസ്സി വീണ്ടും മികച്ച താരമായി. വിംബിൾഡൻ ഒഴികെയുള്ള ഗ്രാൻസ്‌ലാം ടൂർണമെന്റുകൾ സ്വന്തമാക്കി ടെന്നിസിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് ആധിപത്യമുറപ്പിച്ചു. എന്നാൽ വരാനിരിക്കുന്നത് തന്റെ കാലമാണെന്ന മുന്നറിയപ്പോടെയാണ് സ്പാനിഷ് താരം കാർലോസ് അൽകാരസ് വിംബിൾഡന്‍ കിരീടത്തിൽ മുത്തമിട്ടത്. 

∙ ഓസ്ട്രേലിയൻ ഓപ്പൺ

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ പുരുഷ വിഭാഗം സിംഗിൾസിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചും വനിതാ വിഭാഗം സിംഗിൾസിൽ ബെലാറൂസ് താരം അരീന സബലേങ്കയും കിരീടം സ്വന്തമാക്കി. ടെന്നിസിലെ പുതുതലമുറയുടെ പ്രതിനിധിയായ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോൽപിച്ചാണ് ജോക്കോവിച്ച് പത്താം ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കിയത്. കസഖ്സ്ഥാന്റെ എലെന റിബകീനയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് തോൽപ്പിച്ചാണ് സബലേങ്ക ആദ്യ ഗ്രാൻസ്‌ലാം സ്വന്തമാക്കിയത്. മിക്സ്ഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ സാനിയ മിർസ സഖ്യം വെള്ളി നേടി. സാനിയയുടെ അവസാന ഗ്രാൻസ്‌ലാം മത്സരമായിരുന്നു ഇത്.

novak-djokovic

∙ ഹോക്കി ലോകകപ്പ് കിരീടം ജർമനിക്ക് 

യൂറോപ്യൻ വമ്പന്മാർ ഏറ്റുമുട്ടിയ ഹോക്കി ലോകകപ്പ് ഫൈനലിൽ ബൽജിയത്തിന്റെ കളിമികവിനെ പോരാട്ടവീര്യത്തിലൂടെ മറികടന്ന ജർമനി ലോകകിരീടം സ്വന്തമാക്കി. നിശ്ചിത സമയത്ത് 3–3 എന്ന നിലയിൽ സമനിലയായ മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിൽ 5–4നാണ് ജർമനിയുടെ ജയം. ജർമനിയുടെ 3–ാം ലോകകപ്പ് നേട്ടമാണിത്. 2002, 2006 വർഷങ്ങളിൽ തുടർച്ചയായി കിരീടം നേടിയിരുന്നു. ഓസ്ട്രേലിയയെ 3–1ന് തോൽപിച്ച് നെതർലൻഡ്സ് മൂന്നാം സ്ഥാനം നേടി.

∙ ഫിഫ ദ് ബെസ്റ്റ് 

മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിന് അർജന്റീന താരം ലയണൽ മെസ്സി തിര​ഞ്ഞെടുക്കപ്പെട്ടു. ബാർസിലോന താരം അലക്സിയ പ്യുട്ടയാസ് ആണ് മികച്ച വനിതാ താരം. സറീന വീഗ്‌മാൻ (വനിതാ ടീം കോച്ച് – ഇംഗ്ലണ്ട്), ലയണൽ സ്കലോനി (പുരുഷ ടീം കോച്ച് – അർജന്റീന), മേരി എർപ്സ് (വനിതാ ഗോൾകീപ്പർ – ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ്), എമിലിയാനോ മാർട്ടിനസ് (പുരുഷ ഗോൾകീപ്പർ – അർജന്റീന, ആസ്റ്റൺ വില്ല) എന്നിവരും പുരസ്കാര ജേതാക്കളായി.

messi-fifa

∙ സന്തോഷ് ട്രോഫി കർണാടകയ്ക്ക്

54 വർഷത്തെ കിരീടവരൾച്ച അവസാനിപ്പിച്ച്, അറേബ്യൻ മണ്ണിൽ നടന്ന സ്വപ്ന ഫൈനലിൽ സന്തോഷ് ട്രോഫി ചാംപ്യൻഷിപ് കർണാടക സ്വന്തമാക്കി. ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ മേഘാലയയെ 3–2ന് തോൽപിച്ചാണ് കർണാടക ഇന്ത്യൻ ഫുട്ബോളിലെ പുതിയ ചാംപ്യന്മാരായത്. കർണാടകയുടെ അഞ്ചാം സന്തോഷ് ട്രോഫി കിരീടമാണിത്. 1968-69 സീസണിൽ മൈസൂർ സംസ്ഥാനമായിരിക്കെയാണു അവസാനമായി സന്തോഷ് ട്രോഫി നേടിയത്. റിയാദിലെ കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ 5 ഗോളുകളാണു പിറന്നത്. കർണാടകയുടെ 3 ഗോളുകളും ആദ്യ പകുതിയിലായിരുന്നു. രണ്ടാം പകുതിയിൽ ഗോൾ മടക്കി സമനില പിടിക്കാൻ മേഘാലയ ശ്രമിച്ചെങ്കിലും കന്നഡ കരുത്തിനു മുൻപിൽ പൊരുതി വീണു. ലൂസേഴ്സ് ഫൈനലിൽ പഞ്ചാബിനെ തോൽപിച്ച് സർവീസസ് മൂന്നാം സ്ഥാനം നേടി.

∙ എടികെ മോഹൻ ബഗാന് 4–ാം ഐഎസ്എൽ കിരീടം 

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ എടികെ മോഹൻ ബഗാന് 4–ാം കിരീടം. ഒപ്പത്തിനൊപ്പം പൊരുതിയ ബെംഗളൂരു എഫ്സിയെ പെനൽറ്റി ഷൂട്ടൗട്ടിൽ 4–3ന് തോൽപിച്ചാണ് എടികെ കിരീടം സ്വന്തമാക്കിയത്. ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ‌ നടന്ന കലാശപ്പോരാട്ടത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 2–2 സമനിലയായിരുന്നു. ഷൂട്ടൗട്ടിൽ ബെംഗളൂരുവിന്റെ ബ്രൂണോ റെമീറസ് എടുത്ത മൂന്നാം കിക്ക് എടികെ ഗോൾകീപ്പർ വിശാൽ കെയ്ത്ത് തടഞ്ഞപ്പോൾ പാബ്ലോ പെരസിന്റെ അഞ്ചാം കിക്ക് പോസ്റ്റിനു പുറത്തേക്ക് പോയി. എടികെ താരങ്ങൾ എടുത്ത 4 കിക്കും ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ATK Mohun Bagan celebrates after winning the Final match of  the HERO INDIAN SUPER LEAGUE 2022 played between ATK Mohun Bagan and Bengaluru FC at the Jawaharlal Nehru Stadium, Goa, in India on 18th March 2023.

Photo:  Pal PILLAI /Focus Sports/ ISL
ഐഎസ്എൽ കിരീട ജേതാക്കളായ എടികെ മോഹൻ ബഗാൻ

∙ വനിതാ പ്രീമിയർ ലീഗ് കിരീടം മുംബൈ ഇന്ത്യൻസിന് 

പ്രഥമ വനിതാ പ്രിമിയർ ലീഗ് ട്വന്റി20 ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 7 വിക്കറ്റ് ജയവുമായി മുംബൈ ഇന്ത്യൻസിന് കിരീടം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ 9ന് 131 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ മുംബൈ മൂന്നു പന്ത് മാത്രം ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. മുംബൈയ്ക്കായി നാറ്റ് സിവർ (55 പന്തിൽ 60) അർധ സെഞ്ചറി നേടി പുറത്താകാതെ നിന്നു. സിവറാണ് പ്ലെയർ ഓഫ് ദ് മാച്ച്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 37 റൺസ് നേടി. യുപി വാരിയേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ജയന്റ്സ് എന്നിവയാണ് ടൂർണമെന്റിൽ പങ്കെടുത്ത മറ്റു ടീമുകള്‍.

CRICKET-IND-WPL-T20-MUMBAI-DELHI

∙ ഐപിഎൽ കിരീടം ചെന്നൈ സൂപ്പർ കിങ്സിന് 

ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 5 വിക്കറ്റിന്റെ ജയം. മഴകാരണം ചെന്നൈയുടെ ഇന്നിങ്സ് 15 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍, 171 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ മറികടന്നു. ജയം നാലുറണ്‍സ് അകലെനില്‍ക്കെ ബൗണ്ടറി നേടി രവീന്ദ്ര ജഡേജയാണ് ചെന്നൈയ്ക്ക് അവിശ്വസനീയ ജയമൊരുക്കിയത്. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് നാലുവിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടി. ചെന്നൈ സൂപ്പർ കിങ്സിന്റെ അഞ്ചാം ഐപിഎൽ കിരീടനേട്ടമാണിത്. ഇതോടെ ഐപിഎൽ കിരീടങ്ങളിൽ ചെന്നൈ മുംബൈ ഇന്ത്യൻസിനൊപ്പമെത്തി. 

CRICKET-IND-IPL-T20-GUJARAT-CHENNAI-FINAL

∙ ഫ്രഞ്ച് ഓപ്പൺ 

ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടം സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ചിന്. ഫൈനലിൽ നാലാം സീഡ് നോർവേയുടെ കാസ്പർ റൂഡിനെയാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. മൂന്നു സെറ്റുകളും സ്വന്തമാക്കിയായിരുന്നു ജോക്കോയുടെ ഏകപക്ഷീയ വിജയം. വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ലിക് താരം കരോലിൻ മുച്ചോവയെ തോൽപിച്ച് പോളണ്ടിന്റെ ഇഗ സ്യാംതെക്ക് ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ട്രോഫി നിലനിർത്തി. ഇരുപത്തിരണ്ടുകാരിയായ ഇഗയുടെ കരിയറിലെ നാലാം ഗ്രാൻസ്‌ലാം നേട്ടമാണിത്. അതിൽ മൂന്നും ഫ്രഞ്ച് ഓപ്പണിലാണ്. 

∙ ഡയമണ്ട് ലീഗ് ലോങ്ജംപിൽ ശ്രീശങ്കറിന് മൂന്നാം സ്ഥാനം 

പാരിസ് ഡയമണ്ട് ലീഗ് ലോങ്ജംപിൽ ശ്രീശങ്കറിന് മൂന്നാം സ്ഥാനം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണ്. 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ മൂന്നാം സ്ഥാനം ഉറപ്പിച്ചത്. പുരുഷ ലോങ്ജംപിലെ ലോകത്തെ മുൻനിര താരങ്ങൾ മത്സരിച്ച ഡയമണ്ട് ലീഗിൽ മൂന്നാമത്തെ ജംപിലാണ് ശ്രീശങ്കർ 8.09 മീറ്റർ‌ പിന്നിട്ടത്. ഒളിംപിക്സ് ചാംപ്യനായ ഗ്രീസ് താരം മിൽത്തിയാദിസ് തെന്റഗ്ലൂ 8.13 മീറ്റർ ചാടി ഒന്നാം സ്ഥാനവും 8.11 മീറ്റർ ചാടിയ സ്വിറ്റ്സർലൻഡ് താരം സൈമൺ ഇഹാമർ രണ്ടാം സ്ഥാനവും നേടി

Sreesankar PTI

∙ ടെസ്റ്റ് ചാംപ്യൻഷിപ് കിരീടം ഓസ്ട്രേലിയയ്ക്ക് 

ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ് കിരീടം ഓസ്ട്രേലിയ സ്വന്തമാക്കി. ഫൈനലിൽ 209 റണ്‍സിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. 444 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 234 റൺസെടുത്തു പുറത്തായി. തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ തോൽക്കുന്നത്. 2021 ഫൈനലില്‍ ന്യൂസീലൻ‍ഡ് എട്ടു വിക്കറ്റുകൾക്ക് ഇന്ത്യയെ തോൽപിച്ചിരുന്നു. ജയത്തോടെ ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും ലോക കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമായി ഓസ്ട്രേലിയ.

ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ വിജയികൾക്കുള്ള ട്രോഫിയുമായി ഓസ്ട്രേലിയൻ താരങ്ങൾ. (Photo by Glyn KIRK / AFP)
ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ വിജയികൾക്കുള്ള ട്രോഫിയുമായി ഓസ്ട്രേലിയൻ താരങ്ങൾ. (Photo by Glyn KIRK / AFP)

∙ വിമ്പിൾഡനിൽ തലമുറമാറ്റത്തിന്റെ സൂചന നൽകി അൽകാരസ് 

വിമ്പിൾഡന്‍ പുരുഷ സിംഗിൾസ് കിരീടം സ്പാനിഷ് താരം കാർലോസ് അൽകാരസിന്. കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ മുപ്പത്തിയാറുകാരൻ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തിയാണ് ഇരുപതുകാരനായ അൽകാരസ് ചാംപ്യനായത്. കഴിഞ്ഞ വർഷം യുഎസ് ഓപ്പണിലൂടെ കന്നി ഗ്രാൻ‌സ്‌ലാം കിരീടം ചൂടിയ അൽകാരിസിന്റെ രണ്ടാം ഗ്രാൻ‌സ്‌ലാം കിരീടമാണിത്. മണിക്കൂറുകൾ നീണ്ട ഫൈനലിലെ വാശിയേറിയ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് ജോക്കോവിച്ചിനെ അൽകാരസ് വീഴ്ത്തിയത്. വനിതാ സിംഗിൾസ് കിരീടം മാർകേറ്റ വാന്ദ്രസോവ സ്വന്തമാക്കി. ഫൈനലിൽ തുനീസിയൻ താരം ഒൻസ് ജാബർ പരാജയപ്പെട്ടു. ടെന്നിസിലെ ഓപ്പൺ യുഗത്തിൽ വിമ്പിൾഡൻ വനിതാ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ആൺസീഡഡ് താരമാണ് ഇരുപത്തിനാലുകാരി വാന്ദ്രസോവ.

TENNIS-GBR-WIMBLEDON-TROPHY

∙ വനിതാ ലോകകപ്പ് ഫുട്ബോൾ കിരീടം സ്പെയിന് 

വനിതാ ലോകകപ്പ് ഫുട്ബോൾ കിരീടം സ്പെയിന്. ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പെയിൻ കീഴടക്കിയത്. 29–ാം മിനിറ്റിൽ ഓൾഗ കർമോനയുടെ ഗോളിലാണു സ്പെയിൻ മുന്നിലെത്തിയത്. സ്പാനിഷ് വനിതാ ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീടമാണിത്. ഫൈനൽ മത്സരത്തിൽ പന്തടക്കത്തിലും പാസുകളുടെ എണ്ണത്തിലും മുൻതൂക്കം സ്പെയിനായിരുന്നു. അഞ്ച് ഓൺ ടാർഗെറ്റ് ഷോട്ടുകളാണ് ഇംഗ്ലണ്ട് ഗോള്‍ പോസ്റ്റ് ലക്ഷ്യമിട്ട് തൊടുത്തുവിട്ടത്. രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് താരങ്ങൾ കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല. കിരീട നേട്ടത്തോടെ ജർമനിക്കു ശേഷം പുരുഷ, വനിതാ ലോകകപ്പുകൾ വിജയിക്കുന്ന ടീമായി സ്പെയിൻ മാറി.

spain-football-team-1248

∙ ചെസ് ലോകകപ്പ് കിരീടം മാഗ്‌നസ് കാൾസന്  

ചെസ് ലോകകപ്പിൽ നോർവേയുടെ മാഗ്‌നസ് കാൾസന് കിരീടം. ഫൈനലില്‍ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ കാൾസനോടു പൊരുതിത്തോറ്റു. ടൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ചാണ് കാള്‍സൻ ലോകകപ്പ് വിജയം സ്വന്തമാക്കിയത്. രണ്ടാം ഗെയിം സമനിലയിൽ പിരിഞ്ഞു. ടൈബ്രേക്കറിൽ വിജയത്തിന് ആവശ്യമായ ഒന്നര പോയിന്റ് കാൾസൻ സ്വന്തമാക്കി. വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ഇന്ത്യൻ താരം എന്ന നേട്ടം പ്രഗ്നാനന്ദ സ്വന്തമാക്കി.  

മാഗ്നസ് കാൾസനും പ്രഗ്നാനന്ദയും മത്സരത്തിനിടെ. Photo: Twitter@InternationalChessFederation
മാഗ്നസ് കാൾസനും പ്രഗ്നാനന്ദയും മത്സരത്തിനിടെ. Photo: Twitter@InternationalChessFederation

∙ യുഎസ് ഓപ്പൺ 

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദെവിനെ തോൽപിച്ച് സെ‍ർബിയൻതാരം ജോക്കോവിച്ച് വിജയിയായി. 24–ാം ഗ്രാൻസ്‌ലാം കിരീടനേട്ടമാണ്. ജോക്കോവിച്ച് യുഎസ് ഓപ്പൺ ചാംപ്യനാകുന്നത് നാലാംതവണയാണ്, പത്താം തവണയാണ് ഫൈനലിലെത്തിയത്. വനിതാ സിംഗിൾസ് കിരീടം യുഎസ് താരം കൊക്കോ ഗോഫ് സ്വന്തമാക്കി. 19–ാം വയസ്സിൽ താരത്തിന്റെ ആദ്യ ഗ്രാൻഡ്സ്‍ലാം കിരീടം കൂടിയാണിത്. ഫൈനലിൽ ബെലാറൂസിന്റെ അരീന സബലേങ്കയെ കീഴടക്കിയാണ് ഗോഫ് കിരീടമുയർത്തിയത്. രണ്ട് മണിക്കൂർ ആറു മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഗോഫിന്റെ വിജയം.

2023ലെ യുഎസ് ഓപണിൽ വിജയിയായ നൊവാക് ജോക്കോവിച്ച് കിരീടവുമായി (Photo by kena betancur / AFP)
2023ലെ യുഎസ് ഓപണിൽ വിജയിയായ നൊവാക് ജോക്കോവിച്ച് കിരീടവുമായി (Photo by kena betancur / AFP)

∙ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക് 

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് എട്ടാം കിരീടം. ഏകപക്ഷീയമായ ഫൈനൽ പോരാട്ടത്തിൽ 10 വിക്കറ്റുകൾക്കാണ് ഇന്ത്യ വിജയിച്ചത്. ശ്രീലങ്ക ഉയർത്തിയ 51 റൺസ് വിജയ ലക്ഷ്യത്തിൽ 6.1 ഓവറിൽ ഇന്ത്യയെത്തി. ഓപ്പണർമാരായ ശുഭ്മൻ ഗിൽ (19 പന്തിൽ 27), ഇഷാന്‍ കിഷൻ (18 പന്തിൽ 23) എന്നിവർ പുറത്താകാതെ നിന്നു. മുഹമ്മദ് സിറാജാണു കളിയിലെ താരം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 15.2 ഓവറില്‍ 50 റൺസെടുത്തു പുറത്തായിരുന്നു. ഇന്ത്യയ്ക്കായി പേസർ മുഹമ്മദ് സിറാജ് ആറു വിക്കറ്റുകൾ വീഴ്ത്തി.

ഏഷ്യാ കപ്പ് കിരീടവുമായി ഇന്ത്യൻ ടീം. Photo: fb@KLRahul
ഏഷ്യാ കപ്പ് കിരീടവുമായി ഇന്ത്യൻ ടീം. Photo: fb@KLRahul

∙ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് സെഞ്ചറി മെഡൽ നേട്ടം 

ചൈനയിലെ ഹാങ്ചോയിൽ നടന്ന 19–ാം ഏഷ്യൻ ഗെയിംസിൽ 383 മെഡലുകളുമായി ചൈന ഒന്നാമതെത്തി. ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവുമായി 107 മെഡലുകളോടെ ഇന്ത്യ നാലാം സ്ഥാനത്തെത്തി. ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ 100 മെഡൽ സ്വന്തമാക്കുന്നത്. ജപ്പാനിലെ നഗോയ നഗരം 2026 ഗെയിംസ് വേദിയാകും. ഗെയിംസിൽ മലയാളി താരങ്ങളായ എം.ശ്രീശങ്കർ പുരുഷ ലോങ്ജംപിൽ വെളളിയും ജിൻസൺ ജോൺസൺ 1500 മീറ്റർ ഓട്ടത്തിൽ വെങ്കലവും സ്വന്തമാക്കി. 

∙ ഓസ്ട്രേലിയയ്ക്ക് ആറാം ലോകകപ്പ് ക്രിക്കറ്റ് കിരീടം 

ലോക ക്രിക്കറ്റിൽ ആധിപത്യം അരക്കിട്ടുറപ്പിച്ച് ഓസ്ട്രേലിയ ആറാം കിരീടം സ്വന്തമാക്കി. ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയുയർത്തിയ 241 റൺസ് വിജയലക്ഷ്യം ഓസീസ് 43 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സെഞ്ചറി നേടിയ ഓപ്പണർ ട്രാവിസ് ഹെഡും ക്ഷമയോടെ കളിച്ച് അർധ സെഞ്ചറി നേടിയ മാർനസ് ലബുഷെയ്നുമാണ് ഓസ്ട്രേലിയയെ ആറാം കിരീട നേട്ടത്തിലേക്കു നയിച്ചത്. അഹമ്മദാബാലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 6 വിക്കറ്റിനാണ് ഓസ്ട്രേലിയ ജയിച്ചത്. സെമിഫൈനൽ വരെ പത്തു മത്സരങ്ങളിൽ സമ്പൂര്‍ണ ജയം നേടിയെത്തിയ ഇന്ത്യയ്ക്കു മേൽ ബോളിങ്ങിലും ബാറ്റിങ്ങിലും ആധിപത്യം പുലർത്തിയാണ് ഓസീസ് കിരീടം സ്വന്തമാക്കിയത്.

australia-rsg
English Summary:

Flash Back 2023 - A look back into spots events and achievements of the year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com