ADVERTISEMENT

പാലക്കാട് ∙ ശങ്കുവിന്റെ ‘അർജുന’ വാർത്ത യാക്കരയിലെ വീട്ടിൽ വന്നുകയറുമ്പോൾ മാതാപിതാക്കളായ എസ്.മുരളിയും ബിജിമോളും തനിച്ചായിരുന്നു. പിന്നെ ആ വീട്ടിൽ ‘അർജുനയുടെ സന്തോഷവും അയൽക്കാരും ബന്ധുക്കളും നിറഞ്ഞു. ബാങ്കോക്കിലായിരുന്ന ശ്രീശങ്കറിനെ ഫോണിൽ വിളിച്ചു വിവരം അറിയിച്ചത് അച്ഛനും പരിശീലകനുമായ മുരളി തന്നെ.

അർജുന അവാർഡ് ജേതാക്കളെ ആരാധനയോടെ കണ്ടിരുന്ന മുൻ കായിക താരങ്ങളായ എസ്.മുരളിക്കും കെ.എസ്.ബിജിമോൾക്കും സന്തോഷം അടക്കിവയ്ക്കാൻ കഴിഞ്ഞില്ല. പക്ഷേ ഫോണിലൂടെ വിവരമറിഞ്ഞ എം.ശ്രീശങ്കർ അമിത സന്തോഷമൊന്നും പ്രകടിപ്പിച്ചില്ല. കഴിഞ്ഞ വർഷം അർജുന അവാർഡ് പ്രഖ്യാപിച്ചപ്പോൾ ശങ്കുവിനു കിട്ടിയില്ലല്ലോ എന്ന് അച്ഛൻ മുരളി പറഞ്ഞപ്പോഴാണു താൻ അവാർഡിന് അപേക്ഷിച്ചില്ലെന്ന സത്യം ശങ്കു തുറന്നു പറഞ്ഞത്. അർജുന പുരസ്കാരം ലഭിക്കാനുള്ള യോഗ്യത തനിക്ക് ആയിട്ടില്ലെന്നായിരുന്നു മറുപടി.

ഈ വർഷവും അപേക്ഷിക്കാൻ മടി കാണിച്ചു. കായിക രംഗത്തുള്ളവരും സമ്മർദം ചെലുത്തിയതോടെയാണ് അവസാനം അപേക്ഷ നൽകിയത്. ഫോണിലൂടെ അഭിനന്ദനം അറിയിച്ചവരോട് സന്തോഷം എന്ന ഒറ്റ വാക്കിലായിരുന്നു മറുപടി.

പുതിയ വീടിന്റെ പണി ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ആലോചന വീട്ടിൽ തുടങ്ങിയപ്പോഴും ശങ്കു സമ്മതിച്ചില്ലെന്നു മുരളി പറഞ്ഞു. വീടു പണി ആരംഭിച്ചാൽ തന്നെ പരിശീലിപ്പിക്കുന്നതിനുള്ള ശ്രദ്ധ കുറയുമെന്നും പാരിസ് ഒളിംപിക്സ്  പരിശീലനത്തെക്കുറിച്ചു മാത്രം അച്ഛൻ ചിന്തിച്ചാൽ മതിയെന്നുമായിരുന്നു ശങ്കുവിന്റെ മറുപടി.

അർജുന അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ട്. മുന്നോട്ടുള്ള മത്സരങ്ങൾക്ക് ആത്മവിശ്വാസവും ഉത്തരവാദിത്തവും കൂട്ടുന്നതിന് അവാർഡ് നേട്ടം ഇടയാക്കിയിട്ടുണ്ട്. ഒളിംപിക്സ് മെഡലാണ് ലക്ഷ്യം  - എം.ശ്രീശങ്കർ

English Summary:

Arjuna Award for Sreeshankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com