ADVERTISEMENT

സ്വപ്ന സാഫല്യം!

100 മെഡലെന്ന മധുര മനോഹര സ്വപ്നം യാഥാർഥ്യമാക്കിയ ഇന്ത്യൻ ടീം ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ നടത്തിയത് അദ്ഭുതക്കുതിപ്പ്. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവുമടക്കം 107 മെഡലുകളുമായി ഇന്ത്യയ്ക്കു സർവകാല റെക്കോർഡ്. 2018ലെ ഗെയിംസിനെക്കാൾ 37 മെഡലുകൾ അധികം നേടി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. ഏഷ്യൻ ഗെയിംസിനു പിന്നാലെ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയ്ക്ക് 111 മെഡൽ നേട്ടം. നാലാം സ്ഥാനം.


സാത്വികും ചിരാഗും
സാത്വികും ചിരാഗും

പൊൻതൂവൽ

സാത്വിക് സായ്‌രാജ് രെങ്കിറെഡ്‌ഡി– ചിരാഗ് ഷെട്ടി സഖ്യത്തിലൂടെ ബാഡ്മിന്റൻ പുരുഷ ഡബിൾസിൽ ഇന്ത്യ ലോകത്തെ വൻശക്തിയായി ഉയർന്നത് ഈ വർഷം. ആന്ധ്രപ്രദേശുകാരനായ സാത്വികും മുംബൈക്കാരനായ ചിരാഗും ബാഡ്മിന്റനിൽ ഒന്നാം റാങ്കിലെത്തുന്ന ആദ്യ ഇന്ത്യൻ ഡബിൾസ് സഖ്യമായി. ഏഷ്യൻ ഗെയിംസിലെയും ഏഷ്യൻ ചാംപ്യൻഷിപ്പിലെയും സ്വർണനേട്ടത്തിനു പിന്നാലെ കൊറിയ ഓപ്പൺ, സ്വിസ് ഓപ്പൺ, ഇന്തൊനീഷ്യ ഓപ്പൺ എന്നീ ലോക ടൂർണമെന്റുകളിലും ഇവർ കിരീടമുയർത്തി.


നീരജ് ചോപ്ര
നീരജ് ചോപ്ര

ചരിത്രോദയം

ഓഗസ്റ്റിൽ ലോക ചാംപ്യൻഷിപ്പിലെ ജാവലിൻ ത്രോ സ്വർണ നേട്ടത്തോടെ അത്‌ലറ്റിക്സിലെ ഇന്ത്യക്കാരനായ ആദ്യ ലോകചാംപ്യനായി നീരജ് ചോപ്ര. പിന്നാലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നിലനിർത്തി. പുരുഷ ജാവലിൻ ത്രോയിലെ ലോക റാങ്കിങ്ങിൽ ഒന്നാമതെത്തിയ നീരജ് അത്‌ലറ്റിക്സിൽ ലോക ഒന്നാം റാങ്കിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമായി.

പ്രഗ്നാനന്ദം

18–ാം വയസ്സിൽ ചെസ് ലോകകപ്പിന്റെ ഫൈനലിൽ മത്സരിച്ച് തമിഴ്നാട്ടുകാരൻ ആർ.പ്രഗ്നാനന്ദ രാജ്യത്തിന്റെ വിസ്മയമായത് ഓഗസ്റ്റിൽ. ടൈബ്രേക്കിലേക്കു നീണ്ട ഫൈനലിൽ പ്രഗ്ഗ കീഴടങ്ങിയത് ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനു മുന്നിൽ. ഇതിഹാസതാരം വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായ പ്രഗ്ഗ ലോകകപ്പിൽ റണ്ണർ അപ്പ് ആകുന്ന പ്രായം കുറഞ്ഞ താരവുമായി. ഈ മാസം ആദ്യം പ്രഗ്നാനന്ദയുടെ സഹോദരി ആർ. വൈശാലി ചെസിൽ ഗ്രാൻഡ്മാസ്റ്റർ പദവി നേടി. ഇതോടെ ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കുന്ന ലോകത്തെ ആദ്യ സഹോദരിയും സഹോദരനുമെന്ന നേട്ടം ഇരുവർക്കും സ്വന്തമായി.


പ്രഗ്നാനന്ദ മത്സരത്തിനിടെ
പ്രഗ്നാനന്ദ മത്സരത്തിനിടെ

ഇന്ത്യയുടെ മറ്റു പ്രധാന നേട്ടങ്ങൾ

ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ത്യ ജേതാക്കളായി. വനിതാ ക്രിക്കറ്റിൽ ഏതെങ്കിലും ഒരു പ്രായ വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ ലോകകപ്പ് നേട്ടം.

ബെർലിനിൽ നടന്ന ലോക ആർച്ചറി ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ നേട്ടം 3 സ്വർണമടക്കം 4 മെഡലുകൾ. ആർച്ചറി ലോക ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിൽ രാജ്യത്തിന്റെ ആദ്യ സ്വർണം.

ലവ് ഓൾ സാനിയ!

2 പതിറ്റാണ്ടുകാലം വനിതാ ടെന്നിസിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ സാനിയ മിർസ ടെന്നിസ് കോർട്ടിനോട് വിടപറഞ്ഞു. . ഫെബ്രുവരിയിൽ നടന്ന ദുബായ് ഓപ്പണായിരുന്നു സാനിയയുടെ വിടവാങ്ങൽ ടൂർണമെന്റ്. ജനുവരിയിൽ നടന്ന ഓസ്ട്രേലിയൻ ഓപ്പൺ മിക്സ്ഡ് ഡബിൾസിൽ ഫൈനലിലെത്തിയ സാനിയ തന്റെ പ്രതിഭയ്ക്കു മാറ്റൊട്ടും കുറഞ്ഞിട്ടില്ലെന്നു തെളിയിച്ചാണ് കോർട്ടിനോട് വിടപറഞ്ഞത്.

വിടവാങ്ങൽ ചടങ്ങിൽ വിതുമ്പുന്ന സാനിയ മിർസ
വിടവാങ്ങൽ ചടങ്ങിൽ വിതുമ്പുന്ന സാനിയ മിർസ

വീര വിരാട്

50 സെഞ്ചറികളെന്ന റെക്കോർഡുമായി ഏകദിന ക്രിക്കറ്റിൽ പകരക്കാരനില്ലാത്ത സൂര്യതേജസ്സായി വിരാട് കോലി ഉദിച്ചുയർന്നത് ഇന്ത്യയിൽ നടന്ന ലോകകപ്പിനിടയിൽ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ സച്ചിൻ തെൻഡുൽക്കറുടെ 49 ഏകദിന സെഞ്ചറി എന്ന റെക്കോർഡിന് ഒപ്പമെത്തിയ വിരാട് കോലി 10 ദിവസത്തിനുള്ളിൽ ലോകകപ്പ് സെമിഫൈനലിൽ സച്ചിനെ മറികടന്ന് 50–ാം സെഞ്ചറി കുറിച്ചു. ലോകകപ്പിലെ പ്ലെയർ ഓഫ് ദ് ടൂർണമെന്റും ടോപ് സ്കോററും കോലിയായിരുന്നു.

50–ാം സെഞ്ചറി നേടിയ വിരാട് കോലിയുടെ ആഹ്ലാദം
50–ാം സെഞ്ചറി നേടിയ വിരാട് കോലിയുടെ ആഹ്ലാദം
English Summary:

The 2023 sports year a season of world victories for India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com