ദുരിതയാത്രയ്ക്ക് ഒടുവിൽ നീന്തൽ ടീം ഡൽഹിയിൽ

Mail This Article
ന്യൂഡൽഹി ∙ മൂന്നു ദിവസത്തെ ദുരിത യാത്രയ്ക്കു ശേഷം ദേശീയ സ്കൂൾ നീന്തൽ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള കേരളത്തിന്റെ കുട്ടികൾ ഇന്നലെ രാത്രി ഡൽഹിയിലെ കൊടും ശൈത്യത്തിലേക്കു വന്നിറങ്ങി. ഡൽഹി യാത്രയ്ക്കു പ്രത്യേക കോച്ച് ഏർപ്പാടാക്കുമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാക്ക് പാഴായതോടെ ഞായറാഴ്ച കേരള എക്സ്പ്രസിന്റെ ജനറൽ കംപാർട്മെന്റിലായിരുന്നു യാത്ര. ട്രെയിൻ വിജയവാഡയിൽ എത്തിയപ്പോൾ റിസർവേഷൻ ശരിയായി.
റിസർവേഷൻ കോച്ചിലേക്കു മാറിയ ശേഷം യാത്രയിൽ മറ്റു ബുദ്ധിമുട്ടുകളുണ്ടായില്ലെന്നു കുട്ടികൾക്ക് ഒപ്പമുള്ള പരിശീലകർ പറഞ്ഞു. 56 പേരുള്ള സംഘത്തിൽ 12 വയസ്സ് മുതലുള്ള കുട്ടികളുണ്ട്. പകുതിയും പെൺകുട്ടികളാണ്.
പക്ഷേ, ഉച്ചയ്ക്ക് 1.30ന് ന്യൂഡൽഹി സ്റ്റേഷനിലെത്തേണ്ടിയിരുന്ന ട്രെയിൻ രാത്രി 8നാണ് എത്തിയത്. സ്റ്റേഷനിലിറങ്ങിയ കുട്ടികൾ തൽക്കത്തോറ സ്റ്റേഡിയത്തിൽ റജിസ്ട്രേഷന് ശേഷം താമസ സ്ഥലത്തേക്കു പോയി. ഇന്നു രാവിലെ 9 മുതൽ മത്സരങ്ങൾ ആരംഭിക്കും.