ADVERTISEMENT

1924 ജൂലൈ 10. പാരിസിനു സമീപമുള്ള കൊലോംബ് നഗരത്തിലെ യീവ് ഡ്യു മനുവാ സ്‌റ്റേഡിയത്തിൽ പുരുഷൻമാരുടെ 5000 മീറ്റർ ഓട്ടമത്സരത്തിന്റെ ഫൈനൽ . ചൂട് 35 ഡിഗ്രിക്കു മുകളിൽ. 1500 മീറ്റർ ഫൈനൽ കഴിഞ്ഞ് 2 മണിക്കൂർ പോലുമാകാതെ 5000 മീറ്റർ ഫൈനൽ. 1500ലെ ജേതാവ് 5000ലും മത്സരിക്കാനുണ്ടായിരുന്നു. 1500 കഴിഞ്ഞയുടനെ ഇറങ്ങിയ ചാംപ്യന്റെ കിതപ്പ് മനസ്സിലാക്കി എതിരാളികൾ അതിവേഗം കുതിച്ചു. ചാംപ്യൻ വിടാതെ പിന്നാലെ. അവരുടെ കുതിപ്പിനെ മറികടക്കാൻ തന്റെ കയ്യിലെ സ്റ്റോപ്‌ വാച്ച് പോലും ഊരിയെറിഞ്ഞ് ചാംപ്യൻ പറന്നു. എതിരാളിയെ നോക്കി ഓടുമ്പോൾ വാച്ച് എന്തിന്! ഒടുവിൽ ഫിനിഷിങ് ടേപ്പിൽ ചാംപ്യന്റെ മുത്തം. ആ ചാംപ്യന്റെ പേര് പാവോ നൂർമി. ഫിൻലൻഡിന്റെ പേര് ലോക കായികവേദിയിൽ എഴുതിച്ചേർത്ത പ്രതിഭ. കായികപ്രേമികൾ അദ്ഭുതത്തോടെ അദ്ദേഹത്തെ വിളിച്ചു - പറക്കും ഫിൻ...

പാവോ നൂർമിയുടെ കായികപ്രതിഭയെ ലോകം ആഘോഷിച്ച ഒളിംപിക്‌സായിരുന്നു 100 വർഷം മുൻപ് പാരിസിൽ അരങ്ങേറിയത്. 5 സ്വർണമാണു നൂർമി നേടിയത്. 1500നും 5000നും പുറമേ 3000 മീറ്ററിലും ക്രോസ് കൺട്രിയിലും വ്യക്തിഗത സ്വർണവും ടീം സ്വർണവും അദ്ദേഹം സ്വന്തമാക്കി. ഒരൊറ്റ ഒളിംപിക്‌സിൽനിന്ന് 5 സ്വർണം. ഫിൻലൻഡുകാരുടെ ഫിന്നുംഷോ ആയിരുന്നു പാരിസിന്റെ ഹൈലൈറ്റ്.

8-ാം ഒളിപിക്‌സ്

ആധുനിക ഒളിംപിക്‌സിന്റെ 8-ാം എഡിഷനാണ് 1924ൽ പാരിസിൽ അരങ്ങേറിയത്. മേയ് 4നു ചില മത്സരങ്ങൾ ആരംഭിച്ചെങ്കിലും ഉദ്ഘാടനച്ചടങ്ങ് നടന്നത് ജൂലൈ 5ന് ആണ്. 1900ൽ ഒളിംപിക്‌സിനു വേദിയായ പാരിസ് 1924ലും വേദിയൊരുക്കിയതോടെ, രണ്ടുതവണ ലോക കായികോത്സവത്തിന് ആതിഥ്യമരുളുന്ന ആദ്യ നഗരം എന്ന റെക്കോർഡും ഫ്രഞ്ച് തലസ്ഥാനം പേരിലാക്കി. ആംസ്റ്റർഡാം, ബാർസിലോന, ലൊസാഞ്ചലസ്, റോം, പ്രാഗ് എന്നീ നഗരങ്ങളെ പിന്നിലാക്കിയാണ് ഒളിംപിക് വേദി പാരിസ് സ്വന്തമാക്കിയത്.

പാരിസ് @1924

∙ചരിത്രത്തിലാദ്യമായി അത്‌ലീറ്റുകൾക്കു താമസിക്കാൻ ഒളിംപിക് വില്ലേജ് ഒരുക്കി.
∙സമാപനച്ചടങ്ങ് ആദ്യമായി നടന്നു.
∙ആധുനിക ഒളിംപിക്‌സിന്റെ പിതാവ് പിയറി ഡി കുബെർട്ടിൻ സംഘാടക സമിതി അധ്യക്ഷനായിരുന്ന അവസാന ഒളിംപിക്‌സ്.
∙ഒളിംപിക്‌സ് ആപ്തവാക്യമായി അംഗീകരിക്കപ്പെട്ട സീട്ടിയസ്, ഓൾട്ടിയസ്, ഫോർട്ടിയസ് (കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ) ആദ്യമായി അവതരിപ്പിക്കപ്പെട്ടു.

ഒളിംപിക് ട്രാക്കിൽ ആദ്യമായി കേരളം

ഒളിംപിക്‌സിൽ കേരളത്തിന്റെ ചരിത്രനിമിഷം പിറന്ന വേദിയാണു പാരിസ്. ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ മലയാളിയെന്ന നേട്ടം കണ്ണൂരുകാരൻ സി.കെ.ലക്ഷ്മണൻ സ്വന്തമാക്കിയത് 1924ലെ പാരിസ് ഒളിംപിക്‌സിലൂടെയാണ്. ബ്രിട്ടിഷ് ഇന്ത്യയ്ക്കു വേണ്ടി 110 മീറ്റർ ഹർഡിൽസിലാണു ലക്ഷ്മണൻ മത്സരിച്ചത്. ഹീറ്റ്സിൽ നിന്നു മുന്നേറാൻ അദ്ദേഹത്തിനായില്ല. അത്‌ലറ്റിക്‌സിൽ ജയിംസ് ഹാൾ, വിൽഫ്രഡ് ഹിൽഡ്രത്, ടെറൻസ് പിറ്റ്, ഹീത്കോട്ട് എന്നീ ബ്രിട്ടിഷുകാരും ദലിപ് സിങ്, മഹാദിയോ സിങ്, പേലാ സിങ് എന്നിവരുമടക്കം 8 പേർ മത്സരിച്ചു. ഒളിംപിക്‌സിൽ ഇന്ത്യയെ (ബ്രിട്ടിഷ് ഇന്ത്യ) പ്രതിനിധീകരിച്ച ആദ്യ വനിതയെന്ന നേട്ടം നോറ മാർഗരറ്റ് പോളി (ടെന്നിസ്) പാരിസിൽ സ്വന്തം പേരിലാക്കി.

അന്നത്തെ വേദി ഇത്തവണയും

1924 ഒളിംപിക്‌സിന്റെ പ്രധാനവേദി ഇക്കുറിയും താരപ്രകടനത്തിനു സാക്ഷ്യം വഹിക്കും. കൊലോംബിലെ ഒളിംപിക് സ്റ്റേഡിയമാണു നവീകരണത്തിനുശേഷം ഇത്തവണയും വേദിയാവുന്നത്. 1924ൽ ഉദ്ഘാടന, സമാപനച്ചടങ്ങുകളും അത്‌ലറ്റിക്സ് മത്സരങ്ങളും അരങ്ങേറിയത് കൊലോംബ് ഒളിംപിക് സ്‌റ്റേഡിയത്തിലാണ്. ഇത്തവണ ഹോക്കി മത്സരങ്ങളാകും അവിടെ നടക്കുക.

English Summary:

Two hundred days for paris olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com