ജപ്പാനോട് തോറ്റ് ഒളിംപിക്സ് യോഗ്യത നേടാനാകാതെ ഇന്ത്യൻ വനിതാ ഹോക്കി ടീം പുറത്ത്; റാഞ്ചിയിൽ കണ്ണീർ മടക്കം!
Mail This Article
റാഞ്ചി ∙ ഒളിംപിക്സ് യോഗ്യതാ ടൂർണമെന്റിന്റെ വെങ്കല മെഡൽ മത്സരത്തിൽ ജപ്പാനോട് തോറ്റ് ഇന്ത്യൻ വനിതാ ഹോക്കി ടീം പുറത്ത്. ഇതോടെ ഈ വർഷം പാരിസിൽ നടക്കുന്ന ഒളിംപിക്സിൽ ഇന്ത്യൻ വനിതകൾക്ക് പങ്കെടുക്കാനാകില്ല. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യന്‍ ടീമിന്റെ തോല്‍വി. മത്സരത്തിന്റെ ആറാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് കാന ഉറാത്തയാണ് ജപ്പാന്റെ ഗോള്‍ നേടിയത്. തിരിച്ചടിക്കാനുള്ള ഇന്ത്യന്‍ ടീമിന്റെ ശ്രമങ്ങള്‍ക്കെല്ലാം ജപ്പാന്‍ പ്രതിരോധിച്ചതോടെ ഒളിംപിക്സ് യോഗ്യത നേടാനുള്ള അവസാന അവസരവും നഷ്ടമായി ഇന്ത്യൻ വനിതകളുടെ കണ്ണീർ മടക്കം.
ജയത്തോടെ മൂന്നാം സ്ഥാനക്കാരായി ജപ്പാൻ ഒളിംപിക്സ് യോഗ്യത ഉറപ്പിച്ചു. യുഎസ്, ജർമനി എന്നിവർ നേരത്തെ യോഗ്യത നേടിയിയിരുന്നു. 2021 ടോക്കിയോ ഒളിംപിക്സില്‍ നാലാം സ്ഥാനം സ്വന്തമാക്കി ചരിത്രമെഴുതിയ ടീമിനാണ് തൊട്ടടുത്ത ഒളിംപിക്‌സിലെ യോഗ്യത നഷ്ടമായത്. 2012ലാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം അവസാനമായി ഒളിംപിക്സിന് യോഗ്യത നേടാതിരുന്നത്.
സെമിയിൽ, കരുത്തരായ ജർമനിയോട് പെനൽറ്റി ഷൂട്ടൗട്ടിലാണ് (4–3) തോൽവി വഴങ്ങിയത്. ശ്ചിത സമയത്ത് ഇരു ടീമുകളും 2 ഗോൾ വീതം നേടി സമനില പാലിച്ചു. ജർമനിക്കെതിരെ 15–ാം മിനിറ്റിൽ ദീപികയുടെ ഗോളിൽ ആദ്യം ലീഡെടുത്തത് ഇന്ത്യയാണ്. എന്നാൽ ഷാർലെറ്റിന്റെ ഇരട്ട ഗോളുകളിലൂടെ (27, 57 മിനിറ്റുകൾ) ജർമനി തിരിച്ചടിച്ചു. അവസാന നിമിഷം ഇഷിക ചൗധരിയുടെ ഗോളിൽ ഇന്ത്യ സമനില പിടിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടു.