പാരിസ് ഒളിംപിക്സ്, ഫ്രഞ്ച് ഭാഷ അറിയാത്തവരെ സഹായിക്കാൻ എഐ
Mail This Article
പാരിസ് ∙ ഫ്രഞ്ചോ ഇംഗ്ലിഷോ അറിയില്ലെങ്കിലും പാരിസ് ഒളിംപിക്സ് കാണാനെത്തുന്നവർക്കു ബുദ്ധിമുട്ടില്ലാതെ നഗരത്തിലൂടെ സഞ്ചരിക്കാം, കാഴ്ചകൾ കാണാം. ജൂലൈ 26നു തുടങ്ങുന്ന ഒളിംപിക്സിനിടെ നഗരത്തിലെ പൊതുഗതാഗത സംവിധാനം (മെട്രോ, ബസ്) ഉപയോഗിക്കുന്നവരെ സഹായിക്കാൻ നിർമിതബുദ്ധി (എഐ) സഹായത്തോടെയുള്ള ഭാഷായന്ത്രം തയാർ.
ഫ്രഞ്ച്, അറബിക്, കൊറിയൻ, മാൻഡരിൻ എന്നിവ ഉൾപ്പെടെ 16 ഭാഷകൾ മനസ്സിലാക്കാനും തർജമ ചെയ്യാനും കഴിവുള്ള 3000 യന്ത്രങ്ങളാണ് ഒളിംപിക്സിനായി ഒരുക്കിയിട്ടുള്ളത്. കയ്യിൽ പിടിക്കാവുന്ന യന്ത്രത്തിന്റെ സ്ക്രീനിൽ സഞ്ചാരിക്ക് ആവശ്യമുള്ള ഭാഷയിൽ സന്ദേശം വായിക്കാം; അതേ ഭാഷയിൽ ശബ്ദസന്ദേശവും കേൾക്കാം.
വൊളന്റിയർമാരുടെ കയ്യിലാകും ഈ യന്ത്രങ്ങൾ ഉണ്ടാവുക. ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ ഗെയിംസിലും സമാനമായ ഉപകരണം വൊളന്റിയർമാർ ഉപയോഗിച്ചിരുന്നു.