പ്രൈം വോളി ലീഗ് ചെന്നൈയിൽ നാളെ മുതൽ; പോരാട്ടത്തിന് ഒരുങ്ങി കാലിക്കറ്റ് ഹീറോസ്

Mail This Article
കൊച്ചി ∙ പരിശീലനക്കളരിയിൽ കാലിക്കറ്റ് ഹീറോസിന്റെ ചെമ്പടത്താളം മുറുകുകയാണ്; ലക്ഷ്യം പ്രൈം വോളി കിരീടം തന്നെ. കഴിഞ്ഞ സീസണിൽ സെമിയിൽ വീണു പോയ സ്വപ്നങ്ങളിൽ നിന്നാണ് ഇക്കുറി ടീം ഊർജം ആവാഹിക്കുന്നത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആദ്യ ഘട്ടം പരിശീലനം പൂർത്തിയാക്കിയ ടീം അന്തിമ ഘട്ട പരിശീലനം നടത്തിയതു കോഴിക്കോട് ദേവഗിരി കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ. നാളെ ചെന്നൈയിൽ ആരംഭിക്കുന്ന ലീഗിൽ ഹീറോസിന്റെ ആദ്യ മത്സരം 16ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെതിരെ.
ടീം സന്തുലിതം
‘‘ തഴക്കം, പഴക്കം, യുവത്വം. അതാണു കാലിക്കറ്റ് ഹീറോസ്! ഒരേ പോലെ കളിക്കുന്ന ഒരു സംഘം. ആർക്കെങ്കിലും പരുക്കേറ്റാൽ അതേ നിലവാരമുള്ളവരെ കളത്തിലിറക്കാൻ കഴിയും. ’’ – മുൻ രാജ്യാന്തര താരം കൂടിയായ മുഖ്യപരിശീലകൻ കിഷോർ കുമാറിന്റെ വാക്കുകൾ സെർവ് ചെയ്യുന്നത് ആത്മവിശ്വാസത്തിന്റെ കോർട്ടിലേക്ക്. എന്താണു ടീമിന്റെ കരുത്തെന്നു ചോദിച്ചാൽ അദ്ദേഹം പറയും: ‘‘ സർവീസ് മികവാണ് പ്രധാന ആയുധം. അറ്റാക്കിങ്ങും മികച്ചത്. പിന്നെ, ബ്ലോക്കിങ്. സന്തുലിതമാണു ടീം.’’
ക്യാപ്റ്റൻ കൂടിയായ ജെറോം വിനീതാണു ടീമിന്റെ കുന്തമുന. ‘‘ പ്രതിഭയുള്ള യുവതാരങ്ങളെ ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. ക്ഷമ വിടാതെ കളിക്കുക, ഒരു ഘട്ടത്തിലും പോരാട്ട വീര്യം കൈവിടാതിരിക്കുക എന്നൊക്കെ അവരോടു പറയാറുണ്ട്. പ്രകടന സ്ഥിരത നിലനിർത്തുകയാണ് ഏതു കളിക്കാരനെ സംബന്ധിച്ചും പ്രധാനം.’’ – ജെറോമിന്റെ വാക്കുകൾ. വലിയ ആരാധക നിരയുള്ള കാലിക്കറ്റ് ഹീറോസിനു ചെന്നൈയിലും പിന്തുണ ലഭിക്കുമെന്നു ജെറോം പറയുന്നു.
ഹീറോസ് ആകാൻ
ഓപ്പോസിറ്റ് പൊസിഷൻ വാഴുന്ന ജെറോമിനെപ്പോലെ തന്നെ ടീമിനെ പ്രചോദിപ്പിക്കുന്ന സീനിയർ താരവും സെറ്ററുമായ ഉക്രപാണ്ഡ്യനാണു ടീമിന്റെ ‘ക്രിയേറ്റിവിറ്റി’ ചീഫ്. ദേശീയ താരമായ ചിരാഗ് യാദവ്, തമിഴ്നാടിന്റെ അശ്വിൻ രാജ് , യൂണിവേഴ്സിറ്റി താരം മുകേഷ് കുമാർ തുടങ്ങിയവരൊക്കെ ചേരുമ്പോൾ കപ്പടിക്കാമെന്ന പ്രതീക്ഷയിലാണു ടീം.