ഏഷ്യൻ ടീം ബാഡ്മിന്റൻ: ചൈനയെ വീഴ്ത്തി ഇന്ത്യൻ വനിതകൾ, ഹോങ്കോങ്ങിനെതിരെ പുരുഷ ടീമിന് വിജയം

Mail This Article
ക്വാലലംപുർ ∙ ടോപ് സീഡായ ചൈനയ്ക്കെതിരെ അട്ടിമറി വിജയത്തോടെ (3–2) ഇന്ത്യൻ വനിതാ ടീമും ഹോങ്കോങ്ങിനെതിരെ അനായാസ ജയത്തോടെ പുരുഷ ടീമും (4–1) ഏഷ്യൻ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ കുതിപ്പ് തുടങ്ങി. വനിതകളിലെ ആദ്യത്തെ 4 മത്സരങ്ങളിൽ 2 മത്സരങ്ങൾ വീതം ഇരു ടീമുകളും നേടിയപ്പോൾ നിർണായകമായ അവസാന സിംഗിൾസ് മത്സരം ജയിച്ചാണ് ഇന്ത്യ ചൈനയെ മറികടന്നത്.
4 മാസത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ പി.വി.സിന്ധുവിന്റെ സിംഗിൾസ് വിജയത്തോടെ ചൈനയ്ക്കെതിരായ വനിതാ ടീം മത്സരത്തിന്റെ തുടക്കത്തിൽ ഇന്ത്യ ലീഡ് നേടി. എന്നാൽ ഡബിൾസിൽ അശ്വിനി പൊന്നപ്പ– തനിഷ ക്രാസ്റ്റോ സഖ്യവും സിംഗിൾസിൽ അഷ്മിത ചാലിഹയും പരാജയപ്പെട്ടതോടെ ചൈന 2–1ന് മുന്നിലെത്തി. രണ്ടാം ഡബിൾസിൽ ട്രീസ ജോളി– ഗായത്രി ഗോപീചന്ദ് സഖ്യത്തിന്റെ ജയത്തോടെ സമനില പിടിച്ച ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം സമ്മാനിച്ചത് ആദ്യ രാജ്യാന്തര മത്സരം കളിക്കുന്ന 17 വയസ്സുകാരി അൻമോൽ ഖർബിന്റെ അട്ടിമറി വിജയമാണ്.
പുരുഷ വിഭാഗത്തിൽ എച്ച്.എസ്.പ്രണോയ് ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും മറ്റു 4 മത്സരങ്ങളും ഇന്ത്യ വിജയിച്ചു.