ഏഷ്യൻ ടീം ബാഡ്മിന്റന്‍ ചാംപ്യൻഷിപ് ഫൈനലിൽ കടന്ന് ഇന്ത്യൻ വനിതകൾ, പുതു ചരിത്രം
Mail This Article
ക്വാലലംപൂർ∙ ഏഷ്യൻ ടീം ബാഡ്മിന്റന്‍ ചാംപ്യൻഷിപ് ഫൈനലിൽ കടന്ന് ചരിത്രം രചിച്ച് ഇന്ത്യൻ വനിതകൾ. ആദ്യമായാണ് ചാംപ്യൻഷിപ്പിൽ ഇന്ത്യ ഫൈനൽ യോഗ്യത നേടുന്നത്. ലോക റാങ്കിങ്ങിൽ 472–ാം സ്ഥാനത്തുള്ള അൻമോൽ ഖർബ് ജപ്പാന്റെ 29–ാം റാങ്കിലുള്ള നത്‍സുകി നിദെയ്‍രയെ അട്ടിമറിച്ചു. സ്കോർ 21–14, 21–18.
ഇതോടെ ജപ്പാനെതിരെ 3–2ന്റെ വിജയവുമായി ഇന്ത്യ ഫൈനലിലേക്കു മുന്നേറുകയായിരുന്നു. നേരത്തേ മലയാളി താരം ട്രീസ ജോളി– ഗായത്രി ഗോപിചന്ദ് സഖ്യം ആറാം റാങ്കിലുള്ള താരങ്ങളും മുൻ ഓൾ ഇംഗ്ലണ്ട് ചാംപ്യൻമാരുമായ ഷിദ– മത്സുയാമ സഖ്യത്തെ കീഴടക്കിയിരുന്നു. 16–21,22–20 സ്കോറിലായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ വിജയം.
ഞായറാഴ്ച തായ്‍ലൻഡിനെതിരെയാണ് ഇന്ത്യയുടെ ഫൈനൽ പോരാട്ടം. പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ ജപ്പാൻ സെമിയിൽ ഇന്ത്യയ്ക്കു മുന്നിൽ വൻ വെല്ലുവിളിയാണ് ഉയർത്തിയത്. സിംഗിൾസ് പോരാട്ടത്തിൽ പി.വി. സിന്ധു ജപ്പാന്റെ അയ ഓഹോരിയോടു തോറ്റു. 2016, 2020 എഡിഷനുകളിൽ ഇന്ത്യൻ പുരുഷ ടീം വെങ്കലം സ്വന്തമാക്കിയിരുന്നു. ഇത്തവണ പുരുഷ ടീം ക്വാർട്ടറിൽ പുറത്തായിരുന്നു.