വനിതാ വിപ്ലവം! ഏഷ്യൻ ടീം ബാഡ്മിന്റനിൽ വിജയം, ഇന്ത്യയുടെ ആദ്യ സ്വർണനേട്ടം
Mail This Article
ഷാ ആലം (മലേഷ്യ) ∙ ഏഷ്യൻ ബാഡ്മിന്റൻ ടീം ചാംപ്യൻഷിപ്പിലെ അപൂർവ വിജയത്തോടെ രാജ്യത്തിന്റെ കായിക നേട്ടങ്ങളിൽ ഒരു പൊൻതൂവൽ കൂടി ചേർത്ത് വച്ച് ഇന്ത്യൻ വനിതകൾ. ഫൈനലിൽ, മൂന്നാം സീഡായ തായ്‌ലൻഡിനെ (3–2) വീഴ്ത്തിയ ഇന്ത്യ ഏഷ്യൻ ടീം ചാംപ്യൻഷിപ്പിലെ ആദ്യ സ്വർണം നേടി. സീനിയർ താരം പി.വി.സിന്ധുവും കൗമാര താരം അൻമോൽ ഖർബും സിംഗിൾസ് മത്സരങ്ങളിൽ മുന്നേറിയപ്പോൾ മലയാളി താരം ട്രീസ ജോളി– ഗായത്രി ഗോപിചന്ദ് സഖ്യത്തിന്റെ ഡബിൾസ് വിജയവും ചരിത്രനേട്ടത്തിൽ നിർണായകമായി.
പുരുഷ വിഭാഗത്തിൽ നേടിയിട്ടുള്ള 2 വെങ്കല മെഡലുകൾ മാത്രമാണ് ടൂർണമെന്റ് ചരിത്രത്തിലെ ഇന്ത്യയുടെ മുൻ നേട്ടങ്ങൾ.
ബാഡ്മിന്റൻ ലോക ടീം ചാംപ്യൻഷിപ്പായ തോമസ് കപ്പിൽ ജേതാക്കളായ ഇന്ത്യൻ പുരുഷ ടീം, ഏഷ്യൻ ചംപ്യൻഷിപ്പിന്റെ ക്വാർട്ടറിൽ പുറത്തായപ്പോൾ പ്രവചനങ്ങളെയെല്ലാം അട്ടിമറിച്ചായിരുന്നു വനിതാ ടീമിന്റെ മുന്നേറ്റം. ആദ്യ മത്സരത്തിൽ കരുത്തരായ ചൈനയെ അട്ടിമറിച്ച് ജൈത്രയാത്ര തുടങ്ങിയ ഇന്ത്യൻ സംഘം സെമിയിൽ വീഴ്ത്തിയത് ടോപ് സീഡായ ജപ്പാനെയാണ്.
സിന്ധു റിട്ടേൺസ് !
പരുക്കിനും മോശം ഫോമിനും ശേഷമുള്ള തിരിച്ചുവരവിൽ ഉജ്വല ഫോമിലേക്കുയർന്ന പി.വി.സിന്ധുവിന്റെ സിംഗിൾസ് വിജയം ഇന്നലെ ഫൈനലിൽ ഇന്ത്യയ്ക്കു നിർണായക ലീഡ് നേടിത്തന്നു. തായ്‌ലൻഡിന്റെ ടോപ് സീഡ് സുപനിഡ കെയ്റ്റ്തോങ്ങിനെ സിന്ധു അനായാസം തോൽപിച്ചു (21-12, 21-12).
വനിതാ ഡബിൾസിൽ ട്രീസ ജോളി– ഗായത്രി ഗോപിചന്ദ് സഖ്യവും വിജയം ആവർത്തിച്ചതോടെ ഇന്ത്യയുടെ ലീഡ് 2–0 ആയി ഉയർന്നു. ലോക പത്താം നമ്പറായ റവിൻഡ പ്രജോങ്ജായ് – ജോങ്‌കോൽഫൻ കിറ്റിതറകുൽ സഖ്യത്തെയാണ് 23–ാം റാങ്കുകാരായ ട്രീസ–ഗായത്രി സഖ്യം അട്ടിമറിച്ചത് (21-16, 18-21, 21-16).
ലീഡ് കൈവിട്ട് ഇന്ത്യ
സെമിയിൽ മുൻ ലോക ചാംപ്യൻ ജപ്പാന്റെ നവോമി ഒകുഹാരയെ അട്ടിമറിച്ച് കരുത്തുകാട്ടിയ അഷ്മിത ചാലിഹയ്ക്കു ഫൈനലിൽ പ്രതീക്ഷ കാക്കാനായില്ല. രണ്ടാം സിംഗിൾസിൽ തായ്‌ലൻഡിന്റെ ബുസാനൻ ഒങ്ബാംമ്രുങ്ഫാനോട് അഷ്മിത കീഴടങ്ങിയതോടെ ഇന്ത്യയുടെ ലീഡ് കുറഞ്ഞു. രണ്ടാം ഡബിൾസിൽ മത്സരിച്ച ശ്രുതി മിശ്ര– പ്രിയ കോജെങ്ബം സഖ്യവും പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് ലീഡ് നഷ്ടമായി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം (2–2).
രക്ഷകയായി അൻമോൽ
നിർണായകമായ അഞ്ചാം മത്സരത്തിൽ രാജ്യത്തിന്റെ പ്രതീക്ഷയുടെ റാക്കറ്റുമായി ഇറങ്ങിയത് 17 വയസ്സുകാരി അൻമോൽ ഖർബ്. കരിയറിലെ രണ്ടാം രാജ്യാന്തര ടൂർണമെന്റ് കളിക്കുന്ന, ഹരിയാന സ്വദേശി അൻമോലിന്റെ എതിരാളി ലോക റാങ്കിങ്ങിൽ 45–ാം സ്ഥാനത്തുള്ള പോൺപിച ചീക്കവോങ്.
ആദ്യ ഗെയിമിയിൽ 3-6 ന് പിന്നിൽ നിന്നശേഷം തിരിച്ചടിച്ച അൻമോൽ രണ്ടാം ഗെയിമിൽ എതിരാളിയെ നിഷ്പ്രഭമാക്കി. സ്കോർ: 21-14, 21-9.