ശമ്പളം പിടിച്ചുവച്ചു, വിഭാഗീയത ജോലികൾ ബുദ്ധിമുട്ടിലാക്കി; ഹോക്കി ഇന്ത്യ സിഇഒ രാജിവച്ചു
Mail This Article
ന്യൂഡൽഹി ∙ ഹോക്കി ഇന്ത്യ സിഇഒ പദവിയിൽ നിന്ന് എലേന നോർമൻ (49) രാജിവച്ചു. തന്റെ ശമ്പളം പിടിച്ചുവച്ചുവെന്നും ഫെഡറേഷനിലെ വിഭാഗീയത ജോലികൾ ബുദ്ധിമുട്ടിലാക്കിയെന്നും കാട്ടിയാണ് ഓസ്ട്രേലിയക്കാരിയായ എലേനയുടെ രാജി. എലേന കഴിഞ്ഞ 13 വർഷമായി ഹോക്കി ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്നു. വനിതാ ഹോക്കി ടീം പരിശീലക യാനെക് ചോപ്മാൻ പദവിയൊഴിഞ്ഞു ദിവസങ്ങൾക്കുള്ളിലുള്ള അടുത്ത രാജി ഹോക്കി ഇന്ത്യയെ കടുത്ത പ്രതിരോധത്തിലാക്കി.
ഹോക്കി ഇന്ത്യ മുൻ പ്രസിഡന്റ് നരീന്ദർ ബത്രയുടെ വിശ്വസ്തയായിരുന്നു എലേന. 2 വർഷം മുൻപു ദിലീപ് ടിർക്കി ഭരണത്തിലെത്തിയപ്പോൾ മുതൽ ഇവർക്കു പല എതിർപ്പുകളും ഹോക്കി ഇന്ത്യയ്ക്കുള്ളിൽ നേരിടേണ്ടി വന്നു. കഴിഞ്ഞ 3 മാസത്തെ ഇവരുടെ ശമ്പളം നൽകിയിരുന്നില്ലെന്നാണു വിവരം. ‘ശമ്പളത്തിന്റെ കാര്യത്തിൽ ഉൾപ്പെടെ പല അനിശ്ചിതത്വങ്ങളുമുണ്ടായിരുന്നു. ബോർഡ് അംഗങ്ങളെ എല്ലാക്കാര്യവും താൻ അറിയിച്ചിട്ടുണ്ടെന്നും കൂടുതൽ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും എലേന പറഞ്ഞു.
സ്പോർട്സ് മാർക്കറ്റിങ് കമ്പനിയുടെ ഭാഗമായി 2007ൽ ഇന്ത്യയിലെത്തിയ എലേന 2011ലാണു ഹോക്കി ഇന്ത്യ സിഇഒയായി നിയമിതയാകുന്നത്. എലേനയുടെ കാലത്ത് ഇന്ത്യൻ ടീം ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കി.