സാൻഡ്‌വിച്ചുണ്ടാക്കി ഓഫിസുകൾ കയറിയിറങ്ങി വിറ്റു, ഒളിംപിക്സിന് ഇനി മലയാളിയുടെ കൈപ്പുണ്യം

Mail This Article
കണ്ണൂർ ∙ ചന്ദ്രനിൽ ചായക്കട തുടങ്ങിയ മലയാളിയുടേത് കെട്ടുകഥയാണ്. പക്ഷേ, പാരിസ് ഒളിംപിക്സിനു ഭക്ഷണം വിളമ്പുക ഈ മലയാളിയായിരിക്കും– കുടിയാന്മല അരങ്ങം സ്വദേശി പുതുപ്പറമ്പിൽ ബെന്നി തോമസ്. യുഎസിലും യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും രാജ്യാന്തര കായിക മേളകളിൽ കേറ്ററിങ് സർവീസ് നടത്തുന്ന സ്പാഗോ ഇന്റർനാഷനൽ എന്ന കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ. ഈ രംഗത്തെ ലോകത്തെ മുൻനിര കമ്പനികളിലൊന്നാണ് സ്പാഗോ ഇന്റർനാഷനൽ. ഖത്തറിൽ നടന്ന 2022 ഫുട്ബോൾ ലോകകപ്പിൽ ഭക്ഷണ വിതരണം നിർവഹിച്ചതു സ്പാഗോയാണ്. 14 രാജ്യങ്ങളിൽ നിന്നായി 1700 സ്ഥിരം ജീവനക്കാരും അയ്യായിരത്തോളം താൽക്കാലിക ജീവനക്കാരുമുണ്ട് ബെന്നിയുടെ കീഴിൽ.
Read Also: കല്യാണം കൂടാൻ കറാച്ചി കിങ്സ് ക്യാംപ് വിട്ട് പൊള്ളാർഡ് ഇന്ത്യയിലെത്തി, രോഷത്തിൽ പാക്ക് ആരാധകർ
പയ്യന്നൂർ കോളജിൽ നിന്ന് ഇംഗ്ലിഷ് ബിരുദം നേടിയ ബെന്നി പിന്നീട് ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ നേടി മുംബൈയിലെത്തി. മുംബൈയിലെ പ്രശസ്തമായ ഹോട്ടലുകളിൽ ജോലി ചെയ്തു. 2006ൽ ദുബായ് ലെ മെറിഡിയൻ ഹോട്ടലിന്റെ ഓപറേഷൻ ഡയറക്ടർ സ്ഥാനത്തു നിന്നു വിരമിച്ചു. ദുബായിലെ ഒരു ഫ്രഞ്ച് റസ്റ്ററന്റ് ഏറ്റെടുത്തു നടത്തിയെങ്കിലും വിജയിച്ചില്ല. ചെറിയ തോതിൽ കേറ്ററിങ് തുടങ്ങിയെങ്കിലും അതും പരാജയപ്പെട്ടു. പക്ഷേ പരിശ്രമം നിർത്തിയില്ല. ഒറ്റ ജീവനക്കാരനുമായി വീണ്ടും സംരംഭം തുടങ്ങി. ‘‘സാൻഡ്‌വിച്ചുണ്ടാക്കി, ഞാൻ തന്നെ ഓഫിസുകളിൽ ചെന്നു വിറ്റു. പിന്നാലെ 10–20 പേർക്കു ഭക്ഷണമുണ്ടാക്കാനുള്ള ഓർഡറൊക്കെ കിട്ടിത്തുടങ്ങി. ദുബായ് സർക്കാരിന്റെ കായിക മേളകളിൽ ഭക്ഷണം വിതരണം ചെയ്താണു വലിയ ദൗത്യങ്ങളിലേക്കു കടന്നത്.’– സുഹൃത്തുക്കൾ റൊണാൾഡോ എന്നു സ്നേഹത്തോടെ വിളിക്കുന്ന ബെന്നി പറഞ്ഞു. മുൻ ബ്രസീലിയൻ ഫുട്ബോളർ റൊണാൾഡോയോടുള്ള രൂപ സാദൃശ്യമായിരുന്നു ആ പേരിനു കാരണം.
ബെന്നി ആ പേര് അങ്ങ് എടുത്തു. 2011ൽ റൊണാൾഡോ സ്പാഗോ എന്ന കമ്പനി ദുബായിൽ പിറന്നു. ഖത്തറിലും സൗദി അറേബ്യയിലും ബഹ്റൈനിലും കായികമേളകളിലേക്കു സ്പാഗോ കേറ്ററിങ് വ്യാപിച്ചു. 11 രാജ്യങ്ങളിലായി, രാജ്യാന്തര കായിക മേളകൾക്കു ഭക്ഷണം വിളമ്പുന്നുണ്ട് ഇപ്പോൾ. കോട്ടയം പെരുവന്താനത്തെ സെന്റ് ആന്റണീസ് കോളജിന്റെ ചെയർമാൻ കൂടിയാണു ബെന്നി. ഇവിടത്തെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകുന്നതു സ്പാഗോയിലാണ്. പരേതനായ പുതുപ്പറമ്പിൽ തോമസിന്റെയും വടക്കേപുത്തൻപുര ത്രേസ്യാമ്മയുടെയും മകനാണ് ബെന്നി. ഭാര്യ റോഷൻ. മക്കൾ: ഏയ്ഞ്ചൽ ട്രീസ ബെന്നി, അനീറ്റ ട്രീസ ബെന്നി.