എന്റെ സ്വന്തം ക്ലബ്

Mail This Article
കരിങ്കുന്നത്തെ സ്റ്റാർട്ടിങ് ബ്ലോക്ക്
പ്രീജ ശ്രീധരൻ, ഒളിംപ്യൻ
എന്റെ കായിക ജീവിതത്തിലെ സ്റ്റാർട്ടിങ് പോയിന്റായിരുന്നു തൊടുപുഴയ്ക്കടുത്ത് കരിങ്കുന്നത്തെ സ്പോർട്സ് ക്ലബ്. മുട്ടം ഗവ.ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതു മുതലാണ് ക്ലബ്ബിന്റെ കീഴിൽ അത്‍ലറ്റിക്സ് പരിശീലനം ആരംഭിക്കുന്നത്. മികച്ച കോച്ചുമാരുടെ കീഴിൽ അവിടെ വിദഗ്ധ പരിശീലനം ലഭിച്ചതോടെ സംസ്ഥാന, ദേശീയ മത്സരങ്ങളിൽ മെഡൽനേട്ടം പതിവായി.
ക്ലബ്ബിനു വേണ്ടി അമച്വർ മത്സരത്തിൽ പങ്കെടുത്തപ്പോഴാണ് ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു ജഴ്സി അണിയുന്നത്. പിൽക്കാലത്ത് ഒളിംപിക്സ് ഉൾപ്പെടെയുള്ള രാജ്യാന്തര വേദികളിൽ ഇന്ത്യൻ ജഴ്സിയണിയാൻ ഭാഗ്യം ലഭിച്ചെങ്കിലും ആദ്യ ജഴ്സി ഇന്നും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. സ്പൈക്കുകൾ അപൂർവമായിരുന്ന കാലത്ത് ക്ലബ്ബിലെ താരങ്ങൾ അതു പരസ്പരം കൈമാറി മത്സരിച്ചതിന്റെ ഓർമകൾ ഇന്നും മനസ്സിലുണ്ട്.
പ്രഭാതിൽ തുടങ്ങിയ നടത്തം
കെ.ടി.ഇർഫാൻ, ഒളിംപ്യൻ
മലപ്പുറം അരീക്കോട് കുനിയിലെ പ്രഭാത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിലൂടെ തുടങ്ങിയ പ്രഭാത നടത്തമാണ് എന്നെ ഒളിംപിക്സിലെ റേസ് വോക്കിങ് മത്സരവേദിയിൽ എത്തിച്ചത്. ഫുട്ബോളിൽ ആയിരുന്നു തുടക്കം. പിന്നീട് ജംപ്, ത്രോ ഇനങ്ങൾ. ഒടുവിൽ നടത്തത്തിലേക്ക് എത്തി. ജീവിതത്തിലാദ്യമായി ഒരു മെഡൽ നേടുന്നത് കേരളോത്സവത്തിൽ പ്രഭാത് ക്ലബ്ബിനുവേണ്ടി മത്സരിച്ചാണ്. ഇന്ത്യൻ അത്‌ലറ്റിക്സ് ക്യാംപിൽ പ്രവേശനം ലഭിച്ചപ്പോൾ ഡൽഹിയിലേക്കുള്ള യാത്രയ്ക്ക് എനിക്കു വിമാന ടിക്കറ്റ് എടുത്തുനൽകിയത് ക്ലബ് അംഗങ്ങൾ ചേർന്നു പണം സമാഹരിച്ചാണ്. പ്രഭാത് ക്ലബ്ബിലെ സജീവ അംഗമാണ് ഞാൻ ഇപ്പോഴും.
അച്ഛന്റെ ക്ലബ്, എന്റെയും...
എം.ആർ.അർജുൻ, രാജ്യാന്തര ബാഡ്മിന്റൻ താരം
ബാഡ്മിന്റനിലേക്കുള്ള എന്റെ വരവ് കളമശ്ശേരി ഫാക്ടിലെ ഉദ്യോഗമണ്ഡൽ ക്ലബ്ബിലൂടെയായിരുന്നു. ഫാക്ടിലെ ജീവനക്കാരനായ അച്ഛൻ രാമചന്ദ്രൻ ക്ലബ്ബിൽ ബാഡ്മിന്റൻ കളിക്കാൻ പോകുമ്പോൾ ഞാനും ഒപ്പം കൂടി. ഉദ്യോഗമണ്ഡലിൽ നടക്കുന്ന, കേരളത്തിലെ മുൻനിര താരങ്ങൾ മത്സരിക്കുന്ന ശേഷസായി ടൂർണമെന്റ് ബാഡ്മിന്റനോടുള്ള ഇഷ്ടം കൂടാൻ കാരണമായി. 9–ാം വയസ്സിലാണ് ക്ലബ്ബിൽ പരിശീലനം ആരംഭിക്കുന്നത്. 2 വർഷം നീണ്ട പരിശീലനം കരിയറിലെ മികച്ച ചുവടുവയ്പ്പായി. അതിനുശേഷമാണ് കടവന്ത്ര റീജനൽ സ്പോർട്സ് സെന്ററിൽ ചേർന്നത്.
ബാഡ്മിന്റനിൽ ആദ്യമായി ടൂർണമെന്റ് കളിച്ചതും ആദ്യ കിരീടം നേടിയതുമെല്ലാം ഉദ്യോഗമണ്ഡലിൽ വച്ചാണ്.
അതുകൊണ്ടുതന്നെ ഈ ക്ലബ്ബും അവിടുത്തെ കോർട്ടും അന്നും ഇന്നും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.
മനോരമ സ്പോർട്സ് ക്ലബ് പുരസ്കാരം
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15
ഒന്നാം സമ്മാനം: 3 ലക്ഷം രൂപയും മനോരമ സ്പോർട്സ് ക്ലബ് 2023 ട്രോഫിയും
രണ്ടാം സമ്മാനം: 2 ലക്ഷം രൂപയും ട്രോഫിയും
മൂന്നാം സമ്മാനം: 1 ലക്ഷം രൂപയും ട്രോഫിയും
ആർക്കൊക്കെ അപേക്ഷിക്കാം?
സംസ്ഥാന സർക്കാരിന്റെയോ ബന്ധപ്പെട്ട കായിക അസോസിയേഷനുകളുടെയോ അംഗീകാരമുള്ള കേരളത്തിലെ ക്ലബ്ബുകൾക്കും അക്കാദമികൾക്കും റജിസ്ട്രേഷൻ നമ്പർ സഹിതം അവാർഡിന് അപേക്ഷിക്കാം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മേൽനോട്ടത്തിലും സാമ്പത്തിക സഹായത്തിലും പ്രവർത്തിക്കുന്ന ക്ലബ്ബുകളെയും അക്കാദമികളെയും പരിഗണിക്കുന്നതല്ല.
അപേക്ഷ അയയ്ക്കേണ്ട രീതി?
പ്രത്യേക അപേക്ഷാ ഫോമില്ല. ക്ലബ്ബിന്റെ വിലാസം, ഭാരവാഹികൾ, പ്രധാന കായികനേട്ടങ്ങൾ, ക്ലബ്ബിനെക്കുറിച്ചുള്ള ചെറുവിവരണം, കായികേതര പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ, ക്ലബ്ബിൽ നിന്നു ജില്ലാ, സംസ്ഥാന, രാജ്യാന്തര താരങ്ങളുണ്ടെങ്കിൽ അവരെക്കുറിച്ചുള്ള വിവരണം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി അപേക്ഷ തയാറാക്കുക. ചിത്രങ്ങളും ചേർക്കാം.
അപേക്ഷ അയയ്ക്കേണ്ട വിലാസം:സ്പോർട്സ് ക്ലബ് അവാർഡ്, സ്പോർട്സ് ഡെസ്ക്, മലയാള മനോരമ, പിബി നമ്പർ 26, കോട്ടയം– 686 001
sportseditor@mm.co.in എന്ന ഇമെയിലിലും അപേക്ഷകൾ അയയ്ക്കാം.
സംശയങ്ങൾക്കു വിളിക്കാം: 98460 61306
(രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ മാത്രം)