ADVERTISEMENT

കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരമായ മനോരമ സ്പോർട്സ് സ്റ്റാർ 2023ന്റെ വിധിനിർണയം വായനക്കാരിലേക്ക്. സാന്റാ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ ഒരുക്കുന്ന പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടിയത് മലയാള മണ്ണിന്റെ അഭിമാനമായ 6 മിന്നും താരങ്ങൾ.

‌മിന്നു മണി (ക്രിക്കറ്റ്), വി.മുഹമ്മദ് അജ്മൽ (അത്‌ലറ്റിക്സ്), കെ.പി. രാഹുൽ (ഫുട്ബോൾ), സച്ചിൻ ബേബി (ക്രിക്കറ്റ്), സിദ്ധാർഥ ബാബു (പാരാഷൂട്ടിങ്), എം. ശ്രീശങ്കർ (അത്‌ലറ്റിക്സ്) – പേരുകൾ അക്ഷരമാല ക്രമത്തിൽ– എന്നിവരാണ് പുരസ്കാരം നേടാൻ രംഗത്തുള്ളത്. മലയാളി കായിക പ്രതിഭകളുടെ കഴിഞ്ഞ വർഷത്തെ പ്രകടനം വിലയിരുത്തി ഒളിംപ്യൻ എം.ഡി.വൽസമ്മ, മുൻ കേരള രഞ്ജി ട്രോഫി താരവും പരിശീലകനുമായ പി. ബാലചന്ദ്രൻ, അർജുന അവാർഡ് ജേതാവായ ബാഡ്മിന്റൻ താരം ജോർജ് തോമസ് എന്നിവരുൾപ്പെട്ട വിദഗ്ധ സമിതിയാണ് അന്തിമ പട്ടികയിലേക്ക് താരങ്ങളെ തിരഞ്ഞെടുത്തത്. 

ഇവരിൽനിന്നു വായനക്കാരുടെ വോട്ടിങ്ങിന്റെ കൂടി അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് മനോരമ സ്പോർട്സ് സ്റ്റാർ 2023 പുരസ്കാരം സമ്മാനിക്കും.

എം.ശ്രീശങ്കർ, അത്‌ലറ്റിക്സ്

പാരിസ് ഡയമണ്ട് ലീഗ് അത്‌ലറ്റിക്സിൽ പുരുഷ ലോങ്ജംപിൽ മൂന്നാംസ്ഥാനം നേടിയതിലൂടെ ഡയമണ്ട് ലീഗ് മീറ്റിൽ മെഡൽ നേടുന്ന ആദ്യ മലയാളിയും മൂന്നാമത്തെ ഇന്ത്യക്കാരനുമായി. 2023 മേയി‍ൽ യുഎസിലെ ചുലാ വിസ്റ്റയിൽ നടന്ന ഹൈ പെർഫോമൻസ് അത്‍ലറ്റിക് മീറ്റിലൂടെ സീസണിലെ ആദ്യ രാജ്യാന്തര സ്വർണം (8.29 മീറ്റർ) നേടി. ഹാങ്ചോ ഏഷ്യൻ ഗെയിംസിലും ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിലും വെള്ളി. ഗ്രീസിലെ ആതൻസിൽ നടന്ന ഇന്റർനാഷനൽ ജംപിങ് മീറ്റ് (8.18 മീറ്റർ), ഭുവനേശ്വറിൽ നടന്ന ദേശീയ സീനിയർ അത്‍ലറ്റിക്സ് (കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ– 8.41 മീറ്റർ) എന്നിവയിൽ ഒന്നാമതെത്തി. ബാങ്കോക്കിൽ നടന്ന ഏഷ്യൻ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിലെ പ്രകടനത്തോടെ പാരിസ് ഒളിംപിക്സിന് യോഗ്യത നേടി. പിന്നാലെ അർജുന പുരസ്കാരവും തേടിയെത്തി.

എം. ശ്രീശങ്കർ (ഫയൽ ചിത്രം)
എം. ശ്രീശങ്കർ (ഫയൽ ചിത്രം)

വി.മുഹമ്മദ് അജ്മൽ, അത്‌ലറ്റിക്സ്

പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ മുഹമ്മദ് അജ്മൽ, ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ ഇന്ത്യൻ റിലേ ടീമിൽ അംഗമായിരുന്നു. 4–400 പുരുഷ റിലേയിൽ നിലവിലെ ഏഷ്യൻ റെക്കോർഡ് ജേതാക്കളായ ഇന്ത്യൻ ടീമിലും അജ്മലുണ്ട്. ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷ 4–400 മീറ്റർ റിലേയിൽ സ്വർണവും മിക്സ്ഡ് റിലേയിൽ വെള്ളിയും നേടി. ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ വ്യക്തിഗത ഇനത്തിലും മത്സരിച്ച അജ്മൽ, ഫൈനലിലേക്കു യോഗ്യത നേടിയിരുന്നു. ഏഷ്യൻ അത്‌‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ പുരുഷ റിലേയിൽ വെള്ളി, ഇന്ത്യൻ ഗ്രാൻപ്രി അത്‌ലറ്റിക്സിൽ 400 മീറ്ററിൽ സ്വർണം എന്നിവയാണ് മറ്റു പ്രധാന നേട്ടങ്ങൾ.

ajmal-national-games

സച്ചിൻ ബേബി, ക്രിക്കറ്റ്

ഇടുക്കി അടിമാലി സ്വദേശിയായ സച്ചിൻ ബേബി, കഴിഞ്ഞ ഏതാനും സീസണുകളായി ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയുള്ള താരങ്ങളിൽ ഒരാളാണ്. നിലവിലെ രഞ്ജി ട്രോഫി സീസണിൽ കേരള മുന്നേറ്റങ്ങൾക്കു ചുക്കാൻ പിടിച്ച സച്ചിൻ, ബാറ്ററായും ക്യാപ്റ്റനായും തിളങ്ങി. 3 സെഞ്ചറിയും 4 അർധ സെഞ്ചറികളുമടക്കം സീസണിൽ 7 മത്സരങ്ങളിൽ നിന്ന് 830 റൺസാണ് സച്ചിന്റെ സമ്പാദ്യം. ഗ്രൂപ്പ് സ്റ്റേജ് അവസാനിക്കുമ്പോൾ റൺ വേട്ടക്കാരിൽ മുൻപന്തിയിലായിരുന്നു സച്ചിൻ. ദുലീപ് ട്രോഫി ജേതാക്കളായ സൗത്ത് സോൺ ടീമിൽ അംഗമായിരുന്ന ഈ കേരള താരം, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി ഐപിഎലിലും മികവു തെളിയിച്ചിട്ടുണ്ട്.

ബംഗാളിനെതിരെ സെഞ്ചറി നേടിയ സച്ചിൻ ബേബിയുടെ ആഹ്ലാദം. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ
ബംഗാളിനെതിരെ സെഞ്ചറി നേടിയ സച്ചിൻ ബേബിയുടെ ആഹ്ലാദം. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

മിന്നു മണി, ക്രിക്കറ്റ്

11 വർഷമായി കേരള വനിതാ ക്രിക്കറ്റ് ടീമിലെ സ്ഥിരാംഗമാണ് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശി മിന്നു മണി. 2023 ജൂലൈയിൽ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലൂടെ ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറിയ മിന്നു, ഇന്ത്യയ്ക്കുവേണ്ടി രാജ്യാന്തര ട്വന്റി20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതയായി. സെപ്റ്റംബറിൽ ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ടീം ചരിത്രത്തിലാദ്യമായി സ്വർണം നേടിയപ്പോൾ ആ ടീമിലും അംഗമായി. നവംബറിൽ ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായ മിന്നു, ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി താരമാണ്. ഡിസംബറിൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലൂടെ വീണ്ടും ഇന്ത്യൻ സീനിയർ ടീമിൽ ഇടം നേടി.

മിന്നു മണി
മിന്നു മണി

കെ.പി.രാഹുൽ, ഫുട്ബോൾ

തൃശൂർ പറപ്പൂക്കര സ്വദേശിയായ കെ.പി.രാഹുൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിലെ പ്രധാനികളിലൊരാളായ വർഷമാണു 2023. ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ചൈനയ്ക്കെതിരായ ആദ്യ മത്സരത്തിൽ രാഹുൽ ഗോൾ നേടിയിരുന്നു. 13 വർഷത്തിനുശേഷമാണ് ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഒരു ഇന്ത്യൻ താരം ഗോൾ നേടുന്നത്. ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തൻ. 2017ൽ ഇന്ത്യ ആതിഥ്യം വഹിച്ച അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ, ഇന്ത്യൻ ടീമിൽ ഇടംപിടിച്ച ഏക മലയാളിയായിരുന്നു രാഹുൽ.

rahul-kp
കെ.പി.രാഹുൽ

സിദ്ധാർഥ ബാബു, പാരാ ഷൂട്ടിങ്

ഏഷ്യൻ പാരാ ഗെയിംസ് ഷൂട്ടിങ്ങിൽ ഗെയിംസ് റെക്കോർഡോടെ സ്വർണം നേടിയ തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശി സിദ്ധാർഥ ബാബു, പാരാ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ മലയാളിയായി. ഡൽഹിയിൽ നടന്ന ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ, ഒളിംപിക്സ് താരം ചെയ്ൻ സിങ് ഉൾപ്പെടെയുള്ളവർ അണിനിരന്ന 50 മീറ്റർ റൈഫിൾ പ്രോൺ ഓപ്പൺ വിഭാഗത്തിൽ മത്സരിച്ച് ഒരു സ്വർണവും വെള്ളിയും നേടി. ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ശാരീരിക വെല്ലുവിളി നേരിടുന്നയാൾ മെഡൽ നേടുകയെന്ന അപൂർവതയ്ക്കാണ് ആ മത്സരം സാക്ഷ്യം വഹിച്ചത്. പിന്നാലെ പാരിസ് പാരാലിംപിക്സിനും സിദ്ധാർഥ യോഗ്യത നേടി. 2021ലെ ടോക്കിയോ പാരാലിംപിക്സിൽ ഫൈനലിലെത്തിയിരുന്നു.‌‌

സിദ്ധാർഥ ബാബു
സിദ്ധാർഥ ബാബു

മുൻ വർഷത്തെ ജേതാക്കൾ

2017: എച്ച്.എസ്. പ്രണോയ് (ബാഡ്മിന്റൻ)

2018: ജിൻസൻ ജോൺസൻ (അത്‌ലറ്റിക്സ്)

2019: അനീഷ് പി. രാജൻ (ഭിന്നശേഷി ക്രിക്കറ്റ്)

2020–21: പി.ആർ.ശ്രീജേഷ് (ഹോക്കി)

2022: സഞ്ജു സാംസൺ (ക്രിക്കറ്റ്)

സ്പോർട്സ് ക്ലബ് പുരസ്കാരം: 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15

ഒന്നാം സമ്മാനം: 3 ലക്ഷം രൂപയും മനോരമ സ്പോർട്സ് ക്ലബ് 2023 ട്രോഫിയും

രണ്ടാം സമ്മാനം: 2 ലക്ഷം രൂപയും ട്രോഫിയും

മൂന്നാം സമ്മാനം: 1 ലക്ഷം രൂപയും ട്രോഫിയും

ആർക്കൊക്കെ അപേക്ഷിക്കാം?

സംസ്ഥാന സർക്കാരിന്റെയോ ബന്ധപ്പെട്ട കായിക അസോസിയേഷനുകളുടെയോ അംഗീകാരമുള്ള കേരളത്തിലെ ക്ലബ്ബുകൾക്കും അക്കാദമികൾക്കും റജിസ്ട്രേഷൻ നമ്പർ സഹിതം അവാർഡിന് അപേക്ഷിക്കാം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മേൽനോട്ടത്തിലും സാമ്പത്തിക സഹായത്തിലും പ്രവർത്തിക്കുന്ന ക്ലബ്ബുകളെയും അക്കാദമികളെയും പരിഗണിക്കുന്നതല്ല.

അപേക്ഷ അയയ്ക്കേണ്ട രീതി

പ്രത്യേക അപേക്ഷാ ഫോമില്ല. ക്ലബ്ബിന്റെ വിലാസം, ഭാരവാഹികൾ, പ്രധാന കായികനേട്ടങ്ങൾ, ക്ലബ്ബിനെക്കുറിച്ചുള്ള ചെറുവിവരണം, കായികേതര പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ, ക്ലബ്ബിൽ നിന്നു ജില്ലാ, സംസ്ഥാന, രാജ്യാന്തര താരങ്ങളുണ്ടെങ്കിൽ അവരെക്കുറിച്ചുള്ള വിവരണം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി അപേക്ഷ തയാറാക്കുക. ചിത്രങ്ങളും ചേർക്കാം.

അപേക്ഷ അയയ്ക്കേണ്ട വിലാസം: സ്പോർട്സ് ക്ലബ് അവാർഡ്, സ്പോർട്സ് ഡെസ്ക്, മലയാള മനോരമ, പിബി നമ്പർ 26, കോട്ടയം– 686 001 sportseditor@mm.co.in എന്ന ഇമെയിലിലും അപേക്ഷകൾ അയയ്ക്കാം.

സംശയങ്ങൾക്കു വിളിക്കാം:  98460 61306 (രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ മാത്രം)

English Summary:

Manorama Sports Star Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com