മത്സരത്തിനു പിന്നാലെ ഡ്രസിങ് റൂമിൽ കുഴഞ്ഞു വീണ ജാപ്പനീസ് ഗുസ്തി താരം മരിച്ചു
Mail This Article
ടോക്കിയോ∙ മത്സരത്തിനു ശേഷം ഡ്രസിങ് റൂമിലെത്തിയ ജാപ്പനീസ് ഗുസ്തി താരം കുഴഞ്ഞുവീണു മരിച്ചു. ഓൾ ജപ്പാൻ പ്രോ റസ്‍ലിങ് മത്സരത്തിനു പിന്നാലെയാണു 50 വയസ്സുകാരനായ യുടാക യോഷിയുടെ മരണം. ജപ്പാനില്‍ നിരവധി ആരാധകരുള്ള ഗുസ്തി താരമാണ് യോഷി. മരണം സംഭവിക്കാനുള്ള കാരണമെന്തെന്ന് ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല.
യോഷി അവസാനം പങ്കെടുത്ത ഗുസ്തി മത്സരം 12 മിനിറ്റുകൾ മാത്രമാണു നീണ്ടുനിന്നത്. മത്സരത്തിനു ശേഷം ഡ്രസിങ് റൂമിലെത്തിയപ്പോൾ താരം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരമാവധി ശ്രമിച്ചെങ്കിലും ഗുസ്തി താരത്തെ രക്ഷപെടുത്താൻ സാധിച്ചില്ലെന്ന് ടൂർണമെന്റ് സംഘാടകരും പ്രതികരിച്ചു.
ജൂഡോയിലും കഴിവു തെളിയിച്ചിട്ടുള്ള യോഷി 30 വർഷമായി ജാപ്പനീസ് ഗുസ്തിയിലുണ്ട്. കരിയറിലെ രണ്ടാം മത്സരത്തിൽ തന്നെ കാലൊടിഞ്ഞെങ്കിലും, പരുക്കുമാറിയതിനു പിന്നാലെ താരം വീണ്ടും ഗുസ്തിയിൽ സജീവമാകുകയായിരുന്നു.