ഇന്ത്യൻ അത്‌ലറ്റിക്സിന്റെ പൈലറ്റ് പ്രൊജക്ട്
Mail This Article
പൈലറ്റിന്റെ ഏകാഗ്രതയും കണിശതയുമാണ് ഒരു ലോങ്ജംപ് താരത്തിനു വേണ്ടത്. വേഗവും കാലടിപ്പാടുകളും ക്രമീകരിച്ച്, കൃത്യമായ ലക്ഷ്യത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് പരമാവധി ദൂരത്തിൽ ലാൻഡ് ചെയ്യാനുള്ള മികവ്. സാങ്കേതികത്തികവിലും ലോകോത്തര നേട്ടങ്ങളിലും ഇന്ത്യൻ അത്‌ലറ്റിക്സിന്റെ ‘പൈലറ്റ്’ പ്രൊജക്ടാണ് മലയാളി ലോങ്ജംപ് താരം എം.ശ്രീശങ്കർ.
പാരിസ് ഒളിംപിക്സിനു യോഗ്യത നേടിയ ഇന്ത്യയുടെ ആദ്യ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലീറ്റ്, ഡയമണ്ട് ലീഗ് ഫൈനൽസിനു യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ജംപർ, ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഫൈനലിലെത്തിയ രാജ്യത്തെ ആദ്യ പുരുഷ ലോങ്ജംപ് താരം തുടങ്ങിയ ലോക നേട്ടങ്ങളിൽ ഇന്ത്യ ഹരിശ്രീ കുറിച്ചത് പാലക്കാട്ടുകാരൻ ശ്രീശങ്കറിലൂടെയാണ്.
വിജയശ്രീമാൻ
ലോങ്ജംപ് പിറ്റിൽ നീളത്തിലാണ് ചാട്ടമെങ്കിലും ശ്രീശങ്കറിന്റെ കരിയർ ഗ്രാഫ് ഉയരങ്ങളിലേക്കു മാത്രം സഞ്ചരിച്ച വർഷമായിരുന്നു 2023. കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡലിനൊപ്പം ചേർത്തുവയ്ക്കാൻ ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാംപ്യൻഷിപ് എന്നിവയിലെ വെള്ളി മെഡലുകൾക്കൂടി പാലക്കാട് യാക്കരയിലെ വീട്ടിലേക്ക് എത്തിയ വർഷം. കരിയറിലെ മികച്ച പ്രകടനം 8.41 മീറ്ററായി ഉയർത്തിയ ശ്രീശങ്കർ ലോക റാങ്കിൽ ആദ്യ പത്തിൽ കഴിഞ്ഞ വർഷം മുഴുവൻ സ്ഥാനം നിലനിർത്തി.
കേരളത്തിന്റെ ഡയമണ്ട്
ഡയമണ്ട് ലീഗ് അത്‍ലറ്റിക്സിൽ മലയാളിമുദ്ര പതിപ്പിച്ചതായിരുന്നു 2023 സീസണിൽ ശ്രീശങ്കറിന്റെ ആദ്യ പ്രധാന നേട്ടം. പാരിസ് ഡയമണ്ട് ലീഗ് മീറ്റിൽ പുരുഷ ലോങ്ജംപിൽ മൂന്നാം സ്ഥാനം കൈവരിച്ച ശ്രീശങ്കർ (8.09 മീറ്റർ), ഡയമണ്ട് ലീഗിൽ ആദ്യ 3 സ്ഥാനങ്ങളിലൊന്നു നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും ആദ്യ മലയാളിയുമായി. ജൂലൈയിൽ ഏഷ്യൻ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 8.37 മീറ്റർ ചാടി വെള്ളി നേടി. ഈ പ്രകടനമാണ് ശ്രീയെ പാരിസ് ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലീറ്റാക്കിയത്. ഹാങ്ചോയിൽ നടന്ന ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽനേട്ടത്തിലൂടെയും ശ്രീശങ്കർ ചരിത്രം കുറിച്ചു. ഏഷ്യൻ ഗെയിംസ് പുരുഷ ലോങ്ജംപിൽ ഒരു ഇന്ത്യൻ താരത്തിന്റെ മെഡൽ നേട്ടം 49 വർഷത്തിനുശേഷമാണ്. അർജുന അവാർഡിന് കഴിഞ്ഞവർഷം അർഹരായ രാജ്യത്തെ 2 അത്‌ലറ്റിക്സ് താരങ്ങളിൽ ഒരാൾ ശ്രീശങ്കറായിരുന്നു.
അരികെ ഒളിംപിക്സ്
12–ാം വയസ്സിൽ ഒളിംപ്യൻ ശങ്കർ എന്ന ഇ മെയിൽ വിലാസമുണ്ടാക്കിയതുമുതൽ ശ്രീശങ്കർ മനസ്സിൽ കുറിച്ചിട്ട ലക്ഷ്യമാണ് ഒരു ഒളിംപിക്സ് മെഡൽ. ഇപ്പോൾ ആ സ്വപ്നം ശ്രീയുടെ കൈയെത്തും ദൂരത്താണ്. പാരിസ് ഒളിംപിക്സിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ മലയാളികളുടെ മെഡൽ പ്രതീക്ഷകളിൽ ഇന്ധനം നിറച്ച് എം.ശ്രീശങ്കർ കുതിപ്പ് തുടരുകയാണ്.