മുഹമ്മദ് അജ്മൽ അഥവാ അതിവേഗ കുതിപ്പിന്റെ ‘ആക്സിലേറ്റർ’
Mail This Article
പുരുഷൻമാരുടെ 4–400 റിലേയിൽ 2 വർഷം മുൻപുവരെ ലോക റാങ്കിങ്ങിൽ 25–ാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം. എന്നാൽ 2023 അത്‌ലറ്റിക്സ് സീസൺ അവസാനിച്ചപ്പോൾ ലോകത്തെ മികച്ച 4 റിലേ ടീമുകളിൽ ഒന്നായി ഇന്ത്യ മാറി. ആ അതിവേഗ കുതിപ്പിന്റെ ‘ആക്സിലേറ്റർ’ ആയിരുന്നു പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി വി.മുഹമ്മദ് അജ്മൽ. അമേരിക്കയുടെയും ജമൈക്കയുടെയും സിറ്റിങ് സീറ്റായ പുരുഷ റിലേയിൽ ഒളിംപിക്സ് വർഷം ഇന്ത്യ ഒരു മെഡൽ സ്വപ്നം കാണുമ്പോൾ, പ്രതീക്ഷയുടെ ബാറ്റൺ അജ്മൽ നയിക്കുന്ന നാൽവർ സംഘത്തിലാണ്.
ഇന്ത്യൻ അത്‌ലറ്റിക്സിൽ പ്രതിഭകളുടെ കൂട്ടയിടിയുള്ള മത്സരയിനമാണ് പുരുഷൻമാരുടെ 4–400 റിലേ. താരങ്ങളുടെ പോക്കുവരവുള്ള ടീമിൽ കഴിഞ്ഞ 2 വർഷമായി സ്ഥാനം നിലനിർത്തുന്നുവെന്നതാണ് അജ്‌മലിന്റെ മികവിന്റെ മാറ്റ്.
ഹംഗറിയിലെ ബുഡാപെസ്റ്റിൽ കഴിഞ്ഞവർഷം നടന്ന ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിന്റെ ഹീറ്റ്സിൽ ഏഷ്യൻ റെക്കോർഡ് തകർത്ത ഇന്ത്യൻ ടീം (2:59.05 മിനിറ്റ്) ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയപ്പോൾ ഏറ്റവും മികച്ച കുതിപ്പ് മൂന്നാം ലാപ്പിൽ ബാറ്റൺ പിടിച്ച അജ്മലിന്റേതായിരുന്നു (44.17 സെക്കൻഡ്). തുടർന്ന് നടന്ന ഫൈനലിലും 3 മിനിറ്റിൽ താഴെ സമയത്ത് ഫിനിഷ് ചെയ്ത് അജ്മലിന്റെ ടീം കരുത്തുകാട്ടി. 4–400 റിലേയുടെ ചരിത്രത്തിൽ നാളിതുവരെ 2 തവണ മാത്രമേ ഇന്ത്യയ്ക്കു 3 മിനിറ്റിൽ താഴെ സമയത്തിൽ ഫിനിഷ് ലൈൻ തൊടാൻ കഴിഞ്ഞിട്ടുള്ളൂ. അതു രണ്ടും കഴിഞ്ഞ ലോക ചാംപ്യൻഷിപ്പിലായിരുന്നു. സെപ്റ്റംബറിൽ ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ റിലേ സ്വർണം നേടിയപ്പോഴും ടീമിലെ സൂപ്പർ ഫാസ്റ്റ് അജ്മലായിരുന്നു.
മിക്സ്ഡ് റിലേയിൽ വെള്ളിയും നേടിയ താരം തന്റെ ആദ്യ ഏഷ്യൻ ഗെയിംസിലൂടെ ചെർപ്പുളശ്ശേരി മാരായമംഗലത്തെ വീട്ടിലെത്തിച്ചത് 2 മെഡലുകൾ. ബാങ്കോക്കിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ അജ്‌മൽ ഉൾപ്പെട്ട ഇന്ത്യൻ ടീം വെള്ളി നേടിയതും കഴിഞ്ഞവർഷമാണ്.
∙ ഫുട്ബോളിലൂടെ തുടക്കം
അത്‌ലറ്റിക്സിലേക്ക് വൈകിവന്ന താരമാണ് അജ്മൽ. ഫുട്ബോളായിരുന്നു ആദ്യ ഇനം. ചെർപ്പുളശ്ശേരി ജിവിഎച്ച്എസ്എസിലെ പഠനകാലത്ത് സംസ്ഥാന തലത്തിൽ മത്സരിച്ചു. കാലിൽ പന്ത് കോർത്തുവച്ച് എതിർഗോൾമുഖത്തേക്ക് ശരവേഗത്തിൽ പായുന്ന താരത്തിന് കൂടുതൽ തിളങ്ങാനാകുക അത്‍ലറ്റിക്സിലാകുമെന്ന സ്കൂളിലെ കായികാധ്യാപകരുടെ കണ്ടെത്തൽ വഴിത്തിരിവായി. പ്ലസ് വൺ പഠനത്തിന് പാലക്കാട് കല്ലടി എച്ച്എസ്എസിൽ എത്തിയശേഷമാണ് അത്‌ലറ്റിക്സിലേക്കു ചുവടുമാറ്റിയത്.
∙ വ്യക്തിഗത നേട്ടങ്ങൾ
ടീം ഇനങ്ങളിൽ രാജ്യത്തിനായി അതുല്യ നേട്ടങ്ങൾ കൈവരിച്ച അജ്മലിന് വ്യക്തിഗത മത്സരങ്ങളിലും തിളക്കമേറെയാണ്. പുരുഷന്മാരുടെ 400 മീറ്ററിൽ നിലവിൽ രാജ്യത്തെ ഒന്നാം നമ്പർ താരമായ അജ്മൽ കഴിഞ്ഞവർഷത്തെ ഏഷ്യൻ ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനം (44.36) പുറത്തെടുത്തു. ഹാങ്ചോ ഏഷ്യൻ ഗെയിംസിലും അജ്മൽ പുരുഷ 400 മീറ്ററിന്റെ ഫൈനലിൽ മത്സരിച്ചിരുന്നു. ഗ്രാൻപ്രി അത്‍ലറ്റിക്സ് സ്വർണമടക്കം ദേശീയ മത്സരങ്ങളിലും തിളങ്ങി.