ദേശീയ മീറ്റിന് കേരളം ടീമിനെ അയയ്ക്കും; ടീം ഏപ്രിൽ രണ്ടിനു പുറപ്പെടും

Mail This Article
മലപ്പുറം ∙ ആശ്വാസം! ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിനുള്ള കേരള ടീം ഏപ്രിൽ രണ്ടിനു പുറപ്പെടും. സംസ്ഥാന ക്യാംപ് തിരുവനന്തപുരം അരുവിക്കര മൈലം ജിവി രാജ സ്പോർട്സ് സ്കൂളിൽ മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെ നടക്കും. പട്നയിൽ നടക്കുന്ന മീറ്റിനു ടീമിനെ അയയ്ക്കാൻ വേണ്ട നടപടിയെടുക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകിയതോടെയാണ് ആശങ്ക ഒഴിഞ്ഞത്.
ജൂനിയർ സ്കൂൾ മീറ്റിനു ടീമിനെ അയയ്ക്കാൻ നടപടിയില്ലാത്തതിനാൽ വിദ്യാർഥികൾക്ക് അവസരം മുടങ്ങാനുള്ള സാഹചര്യത്തെക്കുറിച്ച് മനോരമ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. വിഷയം ഉന്നയിച്ച് കായികാധ്യാപകരുടെ സംഘടന മന്ത്രിക്കു കത്തും അയച്ചിരുന്നു. തുടർന്നാണു മന്ത്രി നടപടിക്കു നിർദേശം നൽകിയത്.
69 വിദ്യാർഥികളാണ് മീറ്റിനുള്ളത്. 36 ആൺകുട്ടികളും 33 പെൺകുട്ടികളുമാണ്. 2ന് പുലർച്ചെ കൊച്ചുവേളിയിൽനിന്നു പുറപ്പെടുന്ന സ്പെഷൽ ട്രെയിനിലാണ് ടീമിനു യാത്ര ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 6 മുതൽ 9 വരെയാണ് ജൂനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റ്.