ADVERTISEMENT

ബത്തേരി ∙ ചുരം കയറിയെത്തിയ ബ്രിട്ടീഷുകാരാണ് പാപ്ലശേരിയിലുൾപ്പെടെ വയനാട്ടിലെ തോട്ടംമേഖലയിൽ ഫുട്ബോൾ പ്രചരിപ്പിച്ചത്. അക്കാലം മുതലേ കാൽപന്തുകളി ഈ നാട്ടുകാരുടെ രക്തത്തിലലിഞ്ഞു. ബ്രിട്ടീഷുകാർ ഒരുക്കിയ മൈതാനത്ത് അവർ ഫുട്ബോൾ തട്ടിനടന്നു. വയനാട്ടിലെ കുടിയേറ്റ കാർഷിക ഗ്രാമമായ പാപ്ലശേരി അഴീക്കോടൻ നഗറിൽ 1994 ൽ ഒരുപറ്റം ചെറുപ്പക്കാർ ചേർന്നു ദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രൂപീകരിച്ചതോടെ പന്തുകളി ഒരു നാടിന്റെയാകെ വികസനത്തിലേക്കുള്ള സാമൂഹികദൗത്യമായി മാറുകയും ചെയ്തു.

ഫുട്ബോൾ ടീമിനൊപ്പം നാടക ട്രൂപ്പും രൂപീകരിച്ചായിരുന്നു തുടക്കത്തിൽ പ്രവർത്തനം. സാമൂഹിക സേവന മേഖലയിലും ഇടപെട്ടു സജീവമാകവേ, ക്ലബ് ഉപയോഗിച്ചിരുന്ന കളിമൈതാനം സ്ഥലത്തിന്റെ ഉടമ വേലി കെട്ടി അടച്ചത് കായിക പരിശീലനം പ്രതിസന്ധിയിലാക്കി. പിന്നീടു കണ്ടത് നാടൊന്നാകെ പുതിയ കളിക്കളത്തിനായി ഉണർന്നു പ്രവർത്തിക്കുന്നതാണ്. 2023 ജനുവരി 15 മുതൽ ഒരു സെന്റ് സ്പോൺസർ, ബിരിയാണി ചാലഞ്ച് തുടങ്ങിയ പദ്ധതികൾ നടത്തി മുന്നേറുമ്പോൾ നാട്ടുകാരിയായ അറക്കൽ ബീക്കുട്ടി ഉമ്മ തന്റെ ഒരേക്കർ സ്ഥലം ദർശന ക്ലബ്ബിന് സൗജന്യമായി നൽകി. നാട്ടുകാരായ അബൂബക്കർ, സുധീഷ് എന്നിവർ 10 സെന്റ് വീതവും നൽകി. 1.20 ഏക്കർ സ്ഥലം ലഭ്യമായതോടെ സ്പോർട്സ് അക്കാദമി സ്ഥാപിക്കാൻ ക്ലബ് അധികൃതർ തീരുമാനിച്ചു. നാട്ടുകാരുടെ സംഭാവന ഒഴുകിയെത്തി. കുടുംബശ്രീ പ്രവർത്തകർ, കൂലിപ്പണിക്കാർ, കർഷകത്തൊഴിലാളികൾ, ഉദ്യോഗസ്ഥർ എന്നിങ്ങനെ ഒട്ടേറെപ്പേർ ഒന്നിച്ചും തവണകളായും തന്ന തുക ഉപയോഗിച്ച് മൈതാനത്തിന്റെ നിർമാണം തുടങ്ങി. പന്തുതട്ടിനടക്കാൻ ഒരു ഗ്രൗണ്ട് മാത്രം സ്വപ്നം കണ്ടു തുടങ്ങിയ പ്രവർത്തനം ഇപ്പോൾ ഒരു സ്പോർട്സ് അക്കാദമിയായി രൂപംകൊണ്ടിരിക്കുകയാണ്.ഫുട്ബോൾ ഗ്രൗണ്ട്, വോളിബോൾ-ബാഡ്മിന്റൻ കോർട്ടുകൾ, ക്രിക്കറ്റ് പിച്ച്, ബോളിങ് നെറ്റ്സ്, നീന്തൽക്കുളം, ഹെൽത്ത് ക്ലബ്, ഓഫിസ് മുറി എന്നിവയുടെ നിർമാണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. കുട്ടികൾക്കായി മിനി പാർക്കും മുതിർന്നവർക്കായി വോക്ക് വേയും ഒരുക്കാനുള്ള ശ്രമത്തിലുമാണ്. 

ഗ്രാമത്തിലെ മുഴുവൻ ജനങ്ങൾക്കും കായികരംഗത്ത് പരിശീലനം ലഭിക്കും വിധമാണ് ജനകീയ അക്കാദമിയുടെ പ്രവർത്തനങ്ങൾ. വീട്ടമ്മമാർക്കും മുതിർന്നവർക്കുമായി ഞായറാഴ്ചകളിൽ നാടൻ കളികളുടെ മത്സരങ്ങൾ നടത്തുന്നു. ഗോത്രവിഭാഗത്തിലെ കുട്ടികൾക്കു പരിശീലനം നൽകി മികച്ച പ്രതിഭകളെ കണ്ടെത്തുന്നു.അടുത്ത വർഷം സ്കൂൾ, കോളജ് കായികമേളകളിൽ സംസ്ഥാന-ദേശീയതലങ്ങളിലേക്ക് ക്ലബിൽനിന്നുള്ള കായികതാരങ്ങളെ എത്തിക്കണമെന്നതാണ് അക്കാദമി ലക്ഷ്യമിടുന്നത്. സംസ്ഥാന പോളി കായികമേളയിൽ മികച്ച താരമായ അഭിഷേക് ദർശന സ്പോർട്സ് അക്കാദമിയുടെ സംഭാവനയാണ്. കേരള പൊലീസ് ഫുട്ബോൾ ടീം അംഗം ഷക്കീർ, വയനാട് ജില്ലാ അണ്ടർ 17 വനിതാ ഫുട്ബോൾ ടീമി‌ൽ ഇടം പിടിച്ച വൈഗ എസ്. നായർ, കേരളോ‍‍ത്സവം ജില്ലാ ചാംപ്യൻ വിനായകൻ എന്നിവരും ദർശനയിലൂടെ കളിച്ചുവളർന്നവർ.

ജില്ലാ പൊലീസ് മേളയിൽ വ്യക്തിഗത ചാംപ്യനായ പ്രസാദാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. ആരോഗ്യമുള്ള ജനത, നാടിന്റെ സമ്പത്ത് എന്നതാണ് ദർശനയുടെ അമരക്കാരുടെ ലക്ഷ്യം. 120 വിദ്യാർഥികൾ ഇപ്പോൾ അക്കാദമിയിൽ കായിക പരിശീലനം നടത്തുന്നു. അത്‌ലറ്റിക്സ് ഇനങ്ങളിലും പരിശീലന സൗകര്യങ്ങൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ക്ലബ് പ്രസിഡന്റ് ടി.എസ്. നന്ദഗോപൻ, സെക്രട്ടറി പി.ആർ. ലൈജു എന്നിവർ പറഞ്ഞു.

English Summary:

Manorama Sports Club award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com